
കൊല്ലം: സി.പി.എം പാർട്ടി സെക്രട്ടറിക്കും മന്ത്രിമാർക്കും സംസ്ഥാന സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ രൂക്ഷമായ വിമർശനം. വലിയ പരിക്കേൽക്കാത്തത് മുഖ്യമന്ത്രിക്ക് മാത്രം. തെളിഞ്ഞ വെള്ളം കണ്ടാൽ നഞ്ചു കലക്കുന്ന സ്വഭാവം ചിലർക്കുണ്ടെന്നും സംസ്ഥാന സർക്കാരിന്റെ പെരുമാറ്രം ഇത്തരത്തിലാണെന്നുമാണ് പത്തനംതിട്ടയിൽ നിന്നുള്ള പ്രതിനിധി പറഞ്ഞത്. ദാരിദ്ര്യം അനുഭവിക്കുന്ന ആശാ വർക്കർമാർ ന്യായമായ ആവശ്യമുന്നയിച്ച് സമരം നടത്തുമ്പോൾ അവരോട് അനുഭാവം കാട്ടാതെ പി.എസ്.സി അംഗങ്ങൾക്ക് സ്വർണക്കരണ്ടിയിൽ ശമ്പളം നൽകുന്ന സമീപനം സ്വീകരിച്ചത് സർക്കാരിന് വലിയ കളങ്കമാണ്. മെരിറ്റും മൂല്യവും കണക്കിലെടുത്ത് തീരുമാനമെടുക്കണമെന്ന് പാർട്ടി സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നുണ്ടെങ്കിലും, കണ്ണൂരുകാർക്ക് ഈ മാനദണ്ഡങ്ങളൊന്നും നോക്കാതെ പാർട്ടി പദവികൾ വീതം വയ്ക്കുന്നു. എല്ലാ ജില്ലക്കാർക്കും ഒരേ പോലെ പദവികൾ ലഭിക്കുന്നില്ല. തദ്ദേശ സ്ഥാപനങ്ങളിലെ വാർഡ് വിഭജനം ഉദ്യോഗസ്ഥരെ മാത്രം വിശ്വാസത്തിലെടുത്ത് നടപ്പാക്കുക
വഴി യു.ഡി.എഫിനെ സഹായിക്കുകയാണ് ചെയ്തത്. ഇക്കാര്യത്തിൽ തദ്ദേശ മന്ത്രി വീഴ്ച വരുത്തിയെന്നും ആരോപണമുയർന്നു.
പരമ്പരാഗത വ്യവസായ മേഖലയോട് സർക്കാർ കാട്ടുന്ന അവഗണനയെ ആലപ്പുഴയിൽ നിന്നുള്ള നേതാവ് അതിരൂക്ഷമായി വിമർശിച്ചു . വ്യാവസായികമായി മുന്നേറ്റമുണ്ടാവുമ്പോഴും കയർ ഉൾപ്പടെ പരമ്പരാഗത മേഖല തഴയപ്പെടുന്നു. കയർ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കാൻ പല വിദഗ്ദ്ധ സമിതികളെ നിയോഗിക്കുകയും റിപ്പോർട്ടുകൾ സമർപ്പിക്കുകയും ചെയ്തെങ്കിലും തൊഴിലാളികൾക്ക് ഒരു പ്രയോജനവുമില്ല. ഈ നിലപാടാണ് കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടിയെ തോൽപ്പിച്ചതെന്നും അദ്ദഹം കുറ്റപ്പെടുത്തി. സർക്കാരിനെതിരായ വിമർശനങ്ങൾ മുഖ്യമന്ത്രി ഒറ്റയ്ക്ക് നേരിടേണ്ടി വരുന്നു. വിമർശനങ്ങളെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ എല്ലാ മന്ത്രിമാരും തയ്യാറാവുന്നില്ലെന്ന് കൊല്ലത്ത് നിന്നുള്ള വനിതാ പ്രതിനിധി ആരോപിച്ചു.. സ്ത്രീപക്ഷ നിലപാടിൽ പാർട്ടിക്ക് ആത്മാർത്ഥതയില്ല. അന്ധവിശ്വാസത്തിനും അനാചാരത്തിനുമെതിരായ കാമ്പെയിൻ പാർട്ടി ഏറ്റെടുക്കാറുണ്ടെങ്കിലും സ്ത്രീപക്ഷ കാര്യങ്ങളിൽ ഈ സമീപനമില്ലെന്നും അവർ കുറ്റപ്പെടുത്തി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |