
കൊല്ലപ്പെട്ട യുവതി ഭാര്യയല്ലെന്ന് മൊഴി
പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ ചാക്കിൽ സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തിൽ പ്രതി പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി പ്രവോദ് ദാസിനെയാണ് അലിപ്ദ്വാർ ഗ്രാമത്തിൽ നിന്ന് അഗളി എസ്.ഐ എച്ച്.ഹർഷദിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘം പിടികൂടിയത്. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.
പ്രതിയുടെ ഗ്രാമത്തിലുള്ള പ്രോണിത (35) മകൾ ജോഹിത (നാല് ) എന്നിവരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട സ്ത്രീ തന്റെ ഭാര്യയല്ലെന്നും രണ്ടു മാസം മുമ്പാണ് ഇവരെ പരിചയപ്പെട്ടതെന്നുമാണ് പ്രതി നൽകിയ മൊഴി. ഈ പരിചയം വച്ചാണ് അട്ടപ്പാടിയിലേക്ക് പ്രതിയുടെ കൂടെ ജോലിക്കായി പോകുകയാണെന്ന് ഭർത്താവിനോട് പറഞ്ഞ് യാത്ര തിരിച്ചത്. കൊലപാതകത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.
ഞായറാഴ്ച ഉച്ചയോടെയാണ് അട്ടപ്പാടി ചീരക്കടവിൽ ഭവാനിപ്പുഴയിൽ യുവതിയുടെയും നാല് വയസ്സ് പ്രായമുള്ള പെൺകുഞ്ഞിന്റെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു പേരുടെയും തല അറുത്ത് ഒരു ചാക്കിലും ശരീരഭാഗങ്ങൾ മറ്റ് രണ്ട് ചാക്കുകളിലുമാണ് പുഴയിലെറിഞ്ഞത്. ഒരു മാസം മുമ്പാണ് തോട്ടം തൊഴിലിനായി പ്രതിക്കൊപ്പം യുവതിയെയും മകളും അട്ടപ്പാടിയിലെത്തിയത്. കൊലപാതകത്തിന് ശേഷം പ്രതി പശ്ചിമ ബംഗാളിലേക്ക് കടക്കുകയായിരുന്നു. കഴിഞ്ഞദിവസം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച പൊലീസ് ബംഗാളിലെത്തി പ്രതിയുടെ നീക്കങ്ങൾ നിരീക്ഷിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തത്.യുവതിയുടെ കുടുംബം ഇന്ന് കേരളത്തിലെത്തി മൃതദേഹം തിരിച്ചറിയും..
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |