
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പിണറായി വിജയനും മുഹമ്മദ് റിയാസിനും എതിരായ അന്വേഷണത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുന്ന സി.പി.എം, അതിൽ നിന്ന് ഇടതുമുന്നണിയിലെ രണ്ടാംകക്ഷിയായ സി.പി.ഐയെ ഒഴിവാക്കിയേക്കും. സി.പി.ഐ ഒഴികെ മുന്നണിയിലെ മറ്ര് ഘടകകക്ഷികളെ കൂടെ കൂട്ടാനാണ് ശ്രമം. ഗ്യാനേഷ് കുമാർ വിഷയത്തിൽ പശ്ചിമ ബംഗാളിലെ രാഷ്ട്രീയ വൈരിയായ തൃണമൂൽ കോൺഗ്രസിനെയടക്കം ഒപ്പം കൂട്ടാൻ സി.പി.എം ദേശീയ നേതൃത്വം ശ്രമിക്കുമ്പോഴാണ് കേരളത്തിൽ സി.പി.ഐയെ തഴയുന്നത്.
അന്വേഷണത്തെ എതിർക്കുകയോ പിണറായിയെ പിന്തുണയ്ക്കുകയോ വേണ്ടെന്ന് കഴിഞ്ഞ ദിവസം ചേർന്ന സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചതാണ് സി.പി.എമ്മിനെ പ്രകോപിപ്പിച്ചത്. മാത്രമല്ല, പ്രതിപക്ഷ ഉപനേതൃ സ്ഥാനത്തെച്ചൊല്ലി കുറേനാളായി സി.പി.ഐ ഉടക്കിലുമാണ്. കഴിഞ്ഞ ദിവസം ആലപ്പുഴ വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ഇ.ഡിയുടെ നീക്കവും സംസ്ഥാന സർക്കാരിന്റെ അന്വേഷണവും ഇടതുമുന്നണിക്കെതിരായ നീക്കമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ വിശേഷിപ്പിച്ചിരുന്നു.
മുമ്പ് പാർട്ടിക്കെതിരായ നീക്കമാണ് ഇ.ഡി കേസ് എന്നാണ് വിശേഷിപ്പിച്ചിരുന്നതെങ്കിൽ ഇപ്പോഴതിനെ ഇടതുമുന്നണിക്കെതിരായ നീക്കമെന്ന് പറയുകയാണ് സി.പി.എം. ഇതിനു പിന്നാലെയാണ് സി.പി.ഐ ഒഴികെയുള്ള മറ്റ് ഘടകകക്ഷികളെ കൂടെ കൂട്ടാനുള്ള നീക്കം.
കേസിൽ ഇതുവരെ പിണറായിക്ക് അനുകൂലമായി ഘടകകക്ഷികൾ നിലപാട് എടുക്കുകയോ പ്രതിരോധം ഉയർത്തുകയോ ചെയ്തിട്ടില്ല.
ഇടതുമുന്നണിയെ തകർത്ത് കേരളത്തിൽ ബി.ജെ.പിക്ക് അനുകൂല സാഹചര്യമുണ്ടാക്കുകയാണ് ഇ.ഡിയുടെയും അന്വേഷണത്തിന്റെയും ലക്ഷ്യമെന്നാണ് സി.പി.എം വാദം. ഇതിനോട് കേരള കോൺഗ്രസ് (എം) ഉൾപ്പെടെയുള്ളവർ അനുകൂല നിലപാട് സ്വീകരിക്കുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ. മറ്റ് ഘടകകക്ഷികൾ പിന്തുണയ്ക്കുമ്പോൾ സി.പി.ഐയ്ക്ക് മാത്രമായി മാറിനിൽക്കാനാകില്ലെന്നും സി.പി.എം കണക്കുകൂട്ടുന്നു.
സെമിനാറിലേക്ക്
കേജ്‌രിവാളിന് ക്ഷണം
ഡൽഹി മുൻമുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ ഉൾപ്പെടെയുള്ള കോൺഗ്രസ് ഇതര നേതാക്കളെ കേരളത്തിലെത്തിച്ച് പ്രതിഷേധം ശക്തമാക്കാനും സി.പി.എം ശ്രമിക്കുന്നുണ്ട്. എ.കെ.ജി പഠന ഗവേഷണം കേന്ദ്രം തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന സെമിനാറിലേക്കാണ് കെജ്‌രിവാളിനെ ക്ഷണിച്ചത്. ഇ.ഡി വേട്ടയ്ക്ക് ഇരയായ കേജ്‌രിവാൾ കേന്ദ്ര ഏജൻസികൾക്കെതിരെ ശക്തമായി സമരരംഗത്താണ്. ആരോഗ്യപ്രശ്നമുള്ളതിനാൽ അദ്ദേഹം എത്തില്ലെന്നാണ് സൂചന. പകരം മനീഷ് സിസോദിയ എത്തിയേക്കും. ഇ.ഡി അറസ്റ്റുചെയ്ത് ജയിലിലടച്ച ന്യൂസ്‌ക്ലിക്ക് സ്ഥാപകനും എഡിറ്റർ ഇൻ ചീഫുമായ പ്രബീർ പുർകായസ്തയേയും സെമിനാറിലേക്ക് ക്ഷണിച്ചിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |