SignIn
Kerala Kaumudi Online
Saturday, 17 October 2026 2.36 AM IST

ഇ.ഡിയുടെ സമൻസ്: ആശങ്കയിൽ സി.പി.എം 

READ ENGLISH VERSION
aa

തിരുവനന്തപുരം: സി.എം.ആർ.എൽ- എക്സാലോജിക് ഇടപാടിൽ മുതിർന്ന സി.പി.എം നേതാവ് പിണറായി വിജയൻ ഇ.ഡിയുടെ ചോദ്യ മുനയിലേക്ക് വരുന്നതോടെ,രാഷ്ട്രീയ പ്രതിരോധം പാളുമോയെന്ന ആശങ്കയിൽ സി.പി.എം. അതേ സമയം, പിണറായി വിജയൻ വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഇ.ഡി മുമ്പാകെ ഹാജരാകേണ്ടെന്നാണ് സി.പി.എം നിലപാടെന്നാണ് സൂചന.

ആദ്യം മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുമെന്നായിരുന്നു നേതൃത്വം കരുതിയിരുന്നത്. ഇതിനെ രാഷ്ട്രീയമായി പ്രതിരോധിക്കാനും തയ്യാറെടുത്തിരുന്നു.

ഇതു വരെ പിണറായിയിലേക്ക് നേരിട്ട് അന്വേഷണമെത്തിയിരുന്നതുമില്ല. വീട്ടിലുൾപ്പെടെ ഇ.ഡി പരിശോധന നടത്തിയപ്പോഴും പിണറായിയോട് ചോദ്യങ്ങളുണ്ടായില്ല. ഇ.ഡി നടപടിക്കെതിരായ പിണറായിയുടെയും മറ്റും അപ്പീലിൽ സുപ്രീം കോടതിയുടെ നിലപാട് നിർണായകമാണ്. അടിയന്തര പ്രാധാന്യത്തോടെ അപ്പീൽ പരിഗണിക്കാൻ കോടതി ഇന്നലെ തയാറായില്ല. കോടതി വിധി എതിരായാൽ പിണറായി ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരും. ഇത് സി.പി.എമ്മിന് വലിയ പ്രതിസന്ധി സൃഷ്ടിക്കും.ഇ.ഡിയെ കരുവാക്കിയുള്ള ബി.ജെ.പി, ആർ.എസ്.എസ് വേട്ടയെ രാഷ്ട്രീയമായി പ്രതിരോധിക്കുമെന്ന് നേതൃത്വം ആവർത്തിക്കുമ്പോഴും , അത് എത്രത്തോളം ഫലപ്രദമാകുമെന്ന് ഉറപ്പില്ല. ചോദ്യം ചെയ്യലിനപ്പുറം കടുത്ത നടപടികളിലേക്ക് ഇ.ഡി കടന്നാൽ, പ്രതിരോധം പാളും. കുടുംബം നടത്തിയ ഇടപാടുകളുടെ പേരിൽ ആദ്യമായാണ് സി.പി.എം പൊളിറ്റ്ബ്യൂറോ അംഗം ചോദ്യം ചെയ്യപ്പെടുന്നത്. ഇടതു മുന്നണിയിലെ രണ്ടാമത്തെ കക്ഷിയായ സി.പി.ഐ പോലും പിണറായിയെ പിന്തുണയ്ക്കുന്നില്ലെന്നതും വെല്ലുവിളിയാണ്.

പിണറായിക്കെതിരായ ഇ.ഡിയുടെ നീക്കം മുൻകൂട്ടി കണ്ടിരുന്നുവെന്നാണ് സി.പി.എം നേതൃത്വം വ്യക്തമാക്കുന്നത്. ഇ.ഡി കേസിൽ ജയിലിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയെയും ന്യൂസ് ക്ലിക്ക് എഡിറ്റർ പ്രബീർ പുർകായസ്ഥയെയും പങ്കെടുപ്പിച്ച് കഴിഞ്ഞ ദിവസങ്ങളിൽ സെമിനാർ നടത്തിയത് ഇതിന്റെ ഭാഗമാണ്. പിണറായിയുടെ മകളെ ലക്ഷ്യമിട്ടല്ല ഇ.ഡി നീക്കമെന്ന് കേസിന്റെ തുടക്കം മുതൽ വ്യക്തമാക്കിയിട്ടുള്ളതാണെന്ന് നേതൃത്വം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാന സർക്കാർ ഇ.ഡിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചതെന്ന പ്രചാരണമുയർത്തി, ഇ.ഡി നീക്കത്തിന്റെ ഉത്തരവാദിത്വം കോൺഗ്രസിന്റെ ചുമലിലും വയ്ക്കാനാണ് സി.പി.എം ശ്രമം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CPM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA