SignIn
Kerala Kaumudi Online
Friday, 16 October 2026 1.40 AM IST

വനം വകുപ്പിന്റെ ചക്ക പദ്ധതിയും പരിവേഷും

READ ENGLISH VERSION
aa

ഇടുക്കി ഉടുമ്പൻചോല മേഖലയിലെ കാട്ടാനശല്യത്തിനുള്ള ഒറ്റമൂലി ചക്കയെന്ന കാര്യത്തിൽ വനംമന്ത്രി ഷിബു ബേബിജോണിന് തെല്ലുമില്ല സംശയം. ആനയെ ആകർഷിക്കാൻ ചക്കപോലെ ഉദാത്തമായ മറ്റൊരു ഫലവർഗവും ഭൂമിമലയാളത്തിൽ ഇല്ലെന്ന് നിയമസഭയിൽ എത്ര ആവർത്തിച്ച് പറഞ്ഞിട്ടും പ്രതിപക്ഷത്തിന് മനസിലാവണ്ടേ. ചിന്നക്കനാൽ, ശാന്തൻപാറ വനാതിർത്തി മേഖലകളിലെ സോളാർ വേലികൾ പൊളിക്കുന്നതിനെതിരെ കെ.യു.ജനീഷ് കുമാർ കൊണ്ടുവന്ന അടിയന്തര പ്രമേയമാണ് നിയമസഭാ അന്തരീക്ഷത്തെ ഇന്നലെ ചക്കകുഴയ്ക്കും പോലെ കുഴച്ചത്.

റവന്യൂ ഭൂമിയിലെ വേലികൾ വനംവകുപ്പ് പൊളിക്കുന്നതിന് പിന്നിൽ ചില ഗൂഢോദ്ദേശ്യങ്ങൾ ഉണ്ടെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആക്ഷേപം. ആനത്താരയിലെ അനധികൃത നിർമ്മാണങ്ങൾ മാത്രമാണ് പൊളിച്ചതെന്നും ജനവാസമേഖലയിലെ വേലിക്കെട്ടുകൾ പൊളിക്കരുതെന്ന് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചെങ്കിലും ജനീഷ് കുമാർ അടങ്ങിയില്ല. തങ്ങളുടെ കാലത്ത് ഒരു ആനയെപോലും നുള്ളിനോവിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.

ചക്ക പറിച്ചാൽ ആന പോവുമെന്ന വനം മന്ത്രിയുടെ ചക്ക പദ്ധതി കൊണ്ടൊന്നും കാട്ടാന ശല്യത്തിന് പരിഹാരമാവില്ലെന്ന് പറഞ്ഞ ജനീഷ് കുമാർ, മുള്ളൻപന്നി ശല്യം ഒഴിവാക്കാൻ ചേന പദ്ധതിയും കുരങ്ങ് ശല്യമൊഴിവാക്കാൻ തേങ്ങ പദ്ധതിയും പ്രഖ്യാപിക്കുമോ എന്നും പരിഹസിച്ചു. തന്റെ ഉദ്ദേശ്യശുദ്ധി പ്രതിപക്ഷത്തിന് മനസിലാവുന്നില്ലെന്ന് ബോദ്ധ്യപ്പെട്ട മന്ത്രി ഉള്ളിൽ തികട്ടിയ ധർമ്മസങ്കടവും പ്രകടമാക്കി. ഇവരെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തുന്നതിലും ഭേദം ആനയെയോ, കഴുതയെയോ, കുരങ്ങനെയോ ഒക്കെ ബോദ്ധ്യപ്പെടുത്തുന്നതാണെന്ന് പറഞ്ഞതോടെ പ്രതിപക്ഷ ബഞ്ചിൽ ബഹളം തുടങ്ങി.

വനം മേഖലയുമായി ബന്ധപ്പെട്ട പരിവേഷ് പോർട്ടലിനെക്കുറിച്ച് പറഞ്ഞപ്പോൾ,​ പരിവേഷ് എന്ന ഹിന്ദിക്കാരനെ കാര്യങ്ങൾ ചുമതലപ്പെടുത്തി എന്നു പറഞ്ഞ പാർട്ടിക്കാരാണ് ഇപ്പോൾ കുറ്റം പറയുന്നതെന്നും മന്ത്രി തിരിച്ചടിച്ചു. മുപ്പതിനായിരം ആൾക്കാരും 18 ആനകളും ഒരുമിച്ച് ജീവിക്കുന്ന പ്രദേശത്ത് ആനയെ അപ്രത്യക്ഷമാക്കാൻ താൻ മജീഷ്യൻ മുതുകാടിനെ കൊണ്ടുപോകണോ എന്ന് പ്രതിപക്ഷത്തോട് ഒരു ചോദ്യവും.

പാലക്കാട് റെയിൽവെ ഡിവിഷന് കേന്ദ്രസർക്കാർ ദയാവധം നൽകിയിരിക്കുകയാണെന്നാണ് ലീഗ് അംഗം പി.കെ.ഫിറോസിന്റെ പക്ഷം. പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജനത്തിനെതിരെ കൊണ്ടുവന്ന ഉപക്ഷേപത്തിന്മേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു ഫിറോസ്. തൃശൂരിൽ നിന്നും ജയിച്ച ബി.ജെ.പി എം.പി,​ തൃശൂരിനെ ഇങ്ങെടുക്കുകയാണെന്ന് പറഞ്ഞിട്ട് എടുത്തത് പാലക്കാട് റെയിൽവേ ഡിവിഷനാണെന്നും പരിഹസിച്ചു. എന്നാൽ ഉപക്ഷേപത്തെ ബി.ജെ.പിക്കെതിരായ രാഷ്ട്രീയ പ്രചാരണത്തിന് വേദിയാക്കി ഉപയോഗിക്കുന്നതിലെ അതൃപ്തി വി.മുരളീധരൻ പ്രകടിപ്പിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SHIBU BABY JOHN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA