
കൊച്ചി: രാഷ്ട്രീയ ജനതാദൾ (ആർ.ജെ.ഡി) പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ 5 ബി.ജെ.പി - ആർ.എസ്.എസ് പ്രവർത്തകർക്ക് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ വീതം പിഴയും ഹൈക്കോടതി വിധിച്ചു. തൃശൂർ നാട്ടിക സ്വദേശി പി.ജി. ദീപക്കിനെ കൊലപ്പെടുത്തിയ കേസിൽ വിചാരണക്കോടതി ഇവരെ വെറുതേ വിട്ടിരുന്നു. ഒന്നു മുതൽ 5 വരെ പ്രതികളായ പെരിങ്ങോട്ടുകര മരോട്ടിക്കൽ എം.എസ്. ഋഷികേശ്, പടിയംകൂട്ടാല വീട്ടിൽ കെ.യു. നിജിൽ (കുഞ്ഞാപ്പു), തെക്കേക്കര ദേശത്ത് കൊച്ചാത്ത് കെ.പി. പ്രശാന്ത് (കൊച്ചു), പൂക്കോട് പ്ലാക്കിൽ രശാന്ത്, താന്ന്യം വാലപറമ്പിൽ വി.പി. ബ്രഷ്നേവ് എന്നിവരെയാണ് ശിക്ഷിച്ചത്.
ഗൾഫിലുള്ള ഒന്നാം പ്രതി ഋഷികേശും മൂന്നാം പ്രതി പ്രശാന്തും കോടതിയിൽ ഹജരായിരുന്നില്ല. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും.
കേസിലെ സാക്ഷികളെ ആക്രമിച്ചതിന് രണ്ടാം പ്രതി നിജിലിന് രണ്ട് വർഷം കഠിനതടവും നാലാം പ്രതി രശാന്തിന് മൂന്നും വർഷം കഠിനതടവും 10,000 രൂപ പിഴയും വേറെയും ശിക്ഷ വിധിച്ചു. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
നിജിലും ബ്രഷ്നേവും മറ്റൊരു കേസിൽ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലിലാണ്. ശിക്ഷ ഇതോടൊപ്പം അനുഭവിച്ചാൽ മതിയെന്നും ഉത്തരവിൽ വ്യക്തമാക്കി.
കേസിലെ 10 പ്രതികളെയും വെറുതേവിട്ട തൃശൂർ അഡിഷണൽ സെഷൻസ് കോടതി ഉത്തരവിനെതിരെ സർക്കാരും ദീപക്കിന്റെ ഭാര്യ വർഷയും നൽകിയ അപ്പീലിലാണ് ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ശിക്ഷ വിധിച്ചത്. സർക്കാരിനായി സീനിയർ പബ്ലിക് പ്രോസിക്യൂട്ടർ എസ്.യു.നാസർ ഹാജരായി.
സംഭവം ഇങ്ങനെ
2015 മാർച്ച് 25ന് രാത്രി തൃശൂർ പഴുവിൽ വച്ചാണ് ജനതാദൾ (യു) നാട്ടിക നിയോജക മണ്ഡലം പ്രസിഡന്റായിരുന്ന ദീപക് കൊല്ലപ്പെട്ടത്. ജനതാദൾ (യു) പിന്നീട് ആർ.ജെ.ഡി ആയി. ഇയാൾക്ക് പഴുവിൽ റേഷൻ കടയുമുണ്ടായിരുന്നു. കടയടയ്‌ക്കാൻ ശ്രമിക്കുന്നതിനിടെ വാഹനത്തിലെത്തിയ പ്രതികൾ കുത്തിയും വെട്ടിയും കൊലപ്പെടുത്തുകയായിരുന്നു. ബി.ജെ.പി പ്രവർത്തകനായിരുന്ന ദീപക് പാർട്ടി വിട്ട് ജനതാദളിൽ ചേർന്നതിലുള്ള വൈരാഗ്യമാണ് കൊലയിൽ കലാശിച്ചത്. നാലു പേരാണ് ആക്രമണത്തിൽ നേരിട്ട് പങ്കാളികളായത്. അഞ്ചാം പ്രതിയാണ് വാഹനം ഓടിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |