കൊച്ചി: പൊതുജന മദ്ധ്യത്തിൽ വസ്ത്രാക്ഷേപമുൾപ്പെടെ നടത്തിയ സി.പി.എമ്മിനൊപ്പം എങ്ങനെ തുടരാൻ കഴിയുമെന്ന് സ്വന്തം പാർട്ടിക്കാർ തട്ടിക്കൊണ്ടുപോയ കൂത്താട്ടുകുളം നഗരസഭാ കൗൺസലിർ കലാരാജു. ജനപ്രതിനിധിയായ തനിക്ക് ഇതാണ് അനുഭവമെങ്കിൽ സാധാരണ സ്ത്രീകളുടെ സ്ഥിതി എന്താകും. സ്ത്രീകളുടെ മാനം കാക്കാൻ തയ്യാറാകാത്തവർക്കൊപ്പം എന്തിന് ഇനിയും നിൽക്കണം. പിന്തുണയ്ക്കുകയും വേണ്ടസഹായങ്ങൾ നൽകുകയും ചെയ്ത കോൺഗ്രസിനൊപ്പം നിൽക്കണമോയെന്ന് ആലോചിച്ച് തീരുമാനിക്കും.
നഗരസഭാ യോഗത്തിൽ താൻ കയറാതിരിക്കാൻ സകലസന്നാഹങ്ങളും ചെയ്തെന്നാണ് മറ്റു കൗൺസിലർമാർ പറഞ്ഞത്. നെഞ്ചുവേദന എടുക്കുന്നെന്ന് പറഞ്ഞെങ്കിലും പൊലീസ് സഹായിച്ചില്ല. വേദന സംഹാരി ഗുളിക മാത്രമാണ് നൽകിയത്. കൗൺസിൽ യോഗത്തിലേയ്ക്ക് കയറ്റണമെന്ന് പറഞ്ഞിട്ടും അനുവദിച്ചില്ല. സഹായിച്ചത് കോൺഗ്രസുകാരാണ്. ആശുപത്രിയിൽ എത്തിച്ചതും അവരാണ്. പിന്തുണയും സംരക്ഷണവും വാഗ്ദാനം ചെയ്‌തിട്ടുണ്ടെന്നും പറഞ്ഞു.
നഗരസഭ ഭരണസമിതിക്കെതിരെ യു.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ എൽ.ഡി.എഫിനെതിരെ വോട്ട് ചെയ്യുമെന്ന സംശയത്താൽ കഴിഞ്ഞ ദിവസമാണ് കലാരാജുവിനെ തട്ടിക്കൊണ്ടുപോയത്. എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കലാരാജുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. കലാ രാജുവിനെ കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു.
യു.ഡി.എഫിന് എതിരെ കേസ്
കലാരാജുവിനെ തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് മുന്നിലുണ്ടായ സംഘർഷത്തിൽ അനൂപ് ജേക്കബ് എം.എൽ.എ, നഗരസഭാ പ്രതിപക്ഷനേതാവ് പ്രിൻസ് പോൾ ഉൾപ്പെടെ 45 യു.ഡി.എഫുകാർക്കെതിരെ പൊലീസ് കേസെടുത്തു. അതേസമയം, തട്ടിക്കൊണ്ടുപോയതെന്ന പരാതിയിൽ കഴിഞ്ഞദിവസം 45 എൽ.ഡി.എഫുകാർക്കെതിരെ കേസെടുത്തെങ്കിലും തുടർനടപടികൾ സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ വീഴ്‌ച വരുത്തിയതിന് ഡിവൈ.എസ്.പിയോട് റൂറൽ പൊലീസ് സൂപ്രണ്ട് വിശദീകരണം തേടി.
തട്ടിക്കൊണ്ടുപോയത് കോൺഗ്രസെന്ന്
കലാരാജുവിനെ തട്ടിക്കൊണ്ടുപോയത് കോൺഗ്രസുകാരാണെന്ന് സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ. അവിശ്വാസ പ്രമേയത്തിന് നാലുദിവസം മുമ്പ് കലയെ കാണാതായതാണ്. ഈ ദിവസങ്ങളിൽ കല എവിടെയായിരുന്നെന്ന് അന്വേഷിക്കണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |