SignIn
Kerala Kaumudi Online
Tuesday, 26 May 2026 6.42 PM IST

ക്രൈംബ്രാഞ്ചിന് ഹൈക്കോടതിവിമർശനം: കരുവന്നൂർ കേസന്വേഷണം സി.ബി.ഐക്ക് വിടേണ്ടിവരും 

karuvannur

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ നാലു വർഷമായിട്ടും കുറ്റപത്രം സമർപ്പിക്കാത്തതിൽ ക്രൈംബ്രാഞ്ചിന് ഹൈക്കോടതിയുടെ നിശിത വിമർശനം. സർക്കാർ വാദങ്ങൾ അംഗീകരിക്കാനാവില്ലെന്നും അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കേണ്ടിവരുമെന്നും ജസ്റ്റിസ് ഡി.കെ.സിംഗ് പറഞ്ഞു. നിക്ഷേപകരെ കൊള്ളയടിച്ച കേസായിട്ടും അന്വേഷണം ഇഴയുന്നത് ആരെ രക്ഷിക്കാനാണ്. കേസ് മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി ഓരോ തവണയും കോടതിയെ സമീപിക്കരുതെന്നും പറഞ്ഞു.
ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകൾ ഇ.ഡി കൊണ്ടുപോയതു കൊണ്ടാണ് അന്വേഷണം വൈകുന്നതെന്നും യഥാർത്ഥ രേഖകൾ ലഭ്യമാക്കണമെന്നും സർക്കാരിനായി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടി.എ. ഷാജി അറിയിച്ചു. അന്വേഷണത്തിന് യഥാർത്ഥ രേഖകൾ എന്തിനെന്നായിരുന്നു കോടതിയുടെ പ്രതികരണം. ഫോറൻസിക് പരിശോധനയ്ക്ക് യഥാർത്ഥ രേഖകൾ ആവശ്യമാണെന്നും ഒരു കേസിൽ ഉടൻ കുറ്റപത്രം സമർപ്പിക്കുമെന്നും സർക്കാർ അറിയിച്ചു.
കേസിൽ സി.ബി.ഐ.അന്വേഷണം ആവശ്യപ്പെട്ട് മുൻ ജീവനക്കാരനായ എം.വി.സുരേഷ് ഫയൽ ചെയ്ത ഹർജി പരിഗണിക്കുകയായിരുന്നു കോടതി. അന്വേഷണ ഉദ്യോഗസ്ഥരും കോടതിയിൽ ഹാജരായിരുന്നു.
സഹകരണ സംഘങ്ങളിൽ വലിയ ക്രമക്കേടുകൾ നടക്കുന്നെന്ന പരാതികൾ എത്തുന്നുണ്ടെന്ന് കോടതി പറഞ്ഞു. കള്ളപ്പണം വെളുപ്പിക്കാൻ സഹകരണ സംഘങ്ങൾ കൂട്ടുനിൽക്കുന്ന സാഹചര്യമുണ്ടാകരുത്. കാർഷിക സഹകരണ സംഘങ്ങൾ എന്നാണ് പറയുന്നതെങ്കിലും കാർഷികമേഖലയുമായി ഒരു ബന്ധവുമില്ലെന്നും വിമർശിച്ചു. കേസിൽ അന്വേഷണം പൂർത്തിയായെന്ന് ഇ.ഡി വിശദീകരിച്ചു. ഇക്കാര്യം വിശദമാക്കി സത്യവാങ്മൂലം ഫയൽ നിർദ്ദേശിച്ച കോടതി, വിഷയം ഇന്നു പരിഗണിക്കാൻ മാറ്റി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: KARUVANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA