SignIn
Kerala Kaumudi Online
Wednesday, 23 September 2026 9.32 AM IST

അബ്ദുറഹിമാൻ എന്ന പേരിന് എന്താണ് കുഴപ്പം? തിയോഡേഷ്യസ് ഡിക്രൂസിന്റേത് വിഷം തുപ്പിയ പ്രതികരണമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

muhammed-riyas

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമര നേതാവ് ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ പരാമർശത്തിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. വിഴിഞ്ഞം വിഷയത്തിൽ, പറയേണ്ടത് മുഴുവൻ പറഞ്ഞ്, ഉദ്ദേശിച്ചത് പോലെ ഒരു ആശയപരിസരം ഒരുക്കുക എന്ന ലക്ഷ്യം വച്ചിട്ടാണ് അദ്ദേഹം അങ്ങനെ പറഞ്ഞിരിക്കുന്നത്. എന്നിട്ട് പിന്നീട് മാപ്പ് പറയുന്നതിൽ എന്തർത്ഥമാണുള്ളത്.കൊറോണ വൈറസ് ബാധിച്ച ഒരാൾ പ്രോട്ടോക്കോൾ പ്രകാരം സമൂഹത്തിൽ ഇറങ്ങാൻ പാടില്ല. സമൂഹത്തലിറങ്ങി അത് മറ്റുള്ളവർക്ക് കൂടി പരത്തിയതിനുശേഷം സോറി പറയുന്നതിൽ എന്താണർത്ഥമുള്ളതെന്ന് മന്ത്രി ചോദിച്ചു.

വളരെ ബോധപൂർവ്വമാണ് മുസ്ലീം നാമധാരികളെ ഒറ്റതിരിഞ്ഞ് മുസ്ലീം സമം തീവ്രവാദം എന്ന ആശയപ്രചരണം നടത്തുന്നത് സംഘപരിവാറാണ്.ആ സംഘപരിവാറിന്റെ താൽപര്യങ്ങൾക്കനുസരിച്ച് നിലപാട് സ്വീകരിക്കുന്ന ആളുകൾക്കൊപ്പം നിന്നുകൊണ്ടാണ് അത് പറഞ്ഞിരിക്കുന്നത് എന്നുള്ളത് വ്യക്തമാണെന്ന് മന്ത്രി പറഞ്ഞു.

അബ്ദുറഹിമാൻ എന്ന പേരിന് എന്താണ് കുഴപ്പം. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബ് മുതൽ നിരവധി പേർ രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തിൽ ഉജ്ജ്വലമായ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തിട്ടുണ്ട്.നിരവധി അബ്ദുറഹിമാൻമാർ ഉൾപ്പെടെ ജീവൻ കൊടുത്തിട്ടാണ് ഈ രാജ്യത്തിന് സ്വാതന്ത്രം ലഭിച്ചിട്ടുള്ളത്.

ഇന്ത്യപാകിസ്ഥാൻ വിഭജന സമയത്ത് മുസ്ലീം നാമധാരികളൊക്കെ പാകിസ്ഥാനിലേക്ക് പോകേണ്ടി വരുമെന്നുള്ള ഒരു കുപ്രചരണം നടന്ന ഘട്ടത്തിൽ അതിനെ പരിഹസിച്ചുകൊണ്ട് വൈക്കം മുഹമ്മദ് ബഷീർ പറഞ്ഞ വളരെ പ്രസിദ്ധമായ ഒരു വാചകമുണ്ട്. ഇങ്ങനെയാണെങ്കിൽ ഇന്ത്യയിൽ നിൽക്കാൻ വേണ്ടി ഞാനെന്റെ പേര് വൈക്കം മുഹമ്മദ് ബഷീർ എന്നുള്ളത് വൈ മൂ ബ പണിക്കർ എന്നാക്കി മാറ്റണോ എന്നാണ് അദ്ദേഹം പറഞ്ഞത്.

ഇത് കേരളമാണെന്നും കേരളത്തിന്റെ മണ്ണിന്റെ പ്രത്യേകത മതനിരപേക്ഷ മണ്ണാണെന്നുമുള്ള തിരിച്ചറിവാണ് സോറിയിലേക്കെത്തിയത്. നാളെ കേരളത്തിൽ ഇത്തരം വൃത്തിക്കേടുകൾ വിളിച്ചുപറഞ്ഞ് സോറി പറയാത്ത നിലയിലേക്ക് ജനങ്ങളുടെ മനസ്സിനെ മാറ്റിയെടുക്കുകയാണ്. ആ നിലയിലേക്ക് മണ്ണിനെ പാകപ്പെടുത്തിയെടുക്കുക എന്നുള്ളതാണ് ലക്ഷ്യം. വളരെ ബോധപൂർവ്വം ഇത്തരം പ്രവർത്തനം നടത്തുമ്പോൾ അതിനെതിരെ പ്രതികരിക്കേണ്ട പലരും പ്രതികരിച്ചില്ല എന്നുള്ളത് വലിയ അത്ഭുതം സൃഷ്ടിക്കുന്നു. യു ഡി എഫ് നേതൃത്വത്തിലെ പലരും ഇതിനെതിരെ മിണ്ടിയിട്ടില്ല, അത് എന്തുകൊണ്ട് എന്നുള്ളത് സമൂഹം തന്നെ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്. വളരെ ബോധപൂർവ്വം ജനങ്ങളിൽ സ്പർദ്ധ വളർത്താനും രാജ്യത്ത് മുസ്ലീം സമം തീവ്രവാദം എന്ന ആശയപ്രചരണത്തിനെ ഏറ്റുപിടിക്കാനുമാണ് ഈ വിഷം തുപ്പിയിട്ടുള്ളത്. അത് ഒരു സോറി പറഞ്ഞതുകൊണ്ട് പരിഹരിക്കപ്പെടുന്ന പ്രശ്‌നമല്ലെന്ന് മന്ത്രി വിമർശിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PA MUHAMMED RIYAS, VIZHINJAM ATROCITY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA