SignIn
Kerala Kaumudi Online
Friday, 23 October 2026 10.28 AM IST

വിദ്വേഷ പരാമർശ കേസ്: പി.സി. ജോർജീന്റേത് അബദ്ധ പരമ്പരയെന്ന് ഹൈക്കോടതി

pc-george

കൊച്ചി: ബി.ജെ.പി നേതാവ് പി.സി.ജോർജ് ജാമ്യവ്യവസ്ഥകൾ നിരന്തരം ലംഘിക്കുന്നത് ഗൗരവമായെടുക്കേണ്ട കാര്യമാണെന്ന് ഹൈക്കോടതി. ചാനൽ ചർച്ചയിൽ മുസ്ലീം വിരുദ്ധ പരാമർശം നടത്തിയെന്ന കേസിൽ ജോർജ് നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ പരാമർശം.

ഒരു അബദ്ധം പറ്റിയതാണെന്നും പരാമർശം പിൻവലിച്ച് ഖേദം പ്രകടിപ്പിച്ചിട്ടുണ്ടെന്നും പി.സി. ജോർജിനു വേണ്ടി അഭിഭാഷകൻ അറിയിച്ചു. എന്നാൽ, ഒരബദ്ധമല്ലെന്നും അബദ്ധപരമ്പരയാണെന്നും കോടതി വിമർശിച്ചു. സമാന കേസിൽ മുമ്പ് ജാമ്യം അനുവദിച്ചപ്പോൾ, പ്രസ്താവനകളിൽ ജാഗ്രത വേണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നതാണ്. അത് നിരന്തരം ലംഘിക്കുകയാണെന്ന് സിംഗിൾബൈഞ്ച് ചൂണ്ടിക്കാട്ടി. ഹർജിക്കാരൻ സാധാരണക്കാരനല്ല, 40 വർഷം എം.എൽ.എ ആയിരുന്നയാളാണെന്നും കോടതി പറഞ്ഞു.

ജോർജിന്റേത് വിദ്വേഷ പരാമർശമാണെന്നും സമാനമായ മറ്റു കേസുകളുണ്ടെന്നും സർക്കാർ വാദിച്ചു. മുൻവിധിയോടെ പറഞ്ഞതല്ലെന്നും ചാനലിലെ തത്സമയസംവാദം ചൂടുപിടിച്ചപ്പോൾ പറഞ്ഞു പോയതാണെന്നും ജോർജിന്റെ അഭിഭാഷകൻ പറഞ്ഞു. മുമ്പ് നടത്തിയ പരാമർശത്തിന് ഒരു ദിവസം ജയിലിൽ കഴിഞ്ഞതാണ്. ഇപ്പോൾ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഇപ്പോഴത്തെ പ്രസ്താവന കൊണ്ട് കുഴപ്പമൊന്നുമുണ്ടായില്ല. ജനം കേട്ട് ചിരിക്കുക മാത്രമാണുണ്ടായത്. ഹർജിക്കാരന്റെ പ്രായം കണക്കിലെടുക്കണമെന്നും മുൻകൂർ ജാമ്യം അനുവദിക്കണമെന്നും അപേക്ഷിച്ചു.

ഉത്തരവുകളുടെ ലംഘനം ഗൗരവമായി കാണുന്നുവെന്ന് പറഞ്ഞ കോടതി ഹർജിക്കാരൻ പൊലീസിൽ കീഴടങ്ങുന്നതല്ലേ ഉചിതമെന്നും ചോദിച്ചു. ഇക്കാര്യത്തിൽ നാളെ നിലപാടറിയിക്കണം. ജോർജിന്റെ അറസ്റ്റ് തടഞ്ഞുള്ള ഉത്തരവ് അതുവരെ നീട്ടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PC GEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA