
തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പോടെ ഇടതുപക്ഷം ഒലിച്ചു പോയെന്നു പരിഹസിച്ചവർക്കും അപഹസിച്ചവർക്കും വോട്ടർമാർ നൽകിയ ചുട്ട മറുപടിയാണ് ഉപതിരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിസ്മയമല്ല, കേരളം നേടിയ വികസനത്തിന്റെ വിനാശമാണ് ഈ സർക്കാരിന്റെ പ്രവർത്തനമെന്ന് ജനങ്ങൾ അനുഭവത്തിലൂടെ മനസിലാക്കുകയാണ്.
പത്ത് വർഷമായി ഇല്ലാതിരുന്ന പവർ കട്ട് തിരികെ വന്നു. ആരോഗ്യ രംഗം തകർച്ചയിലേക്ക് നീങ്ങുന്നു. മന്ത്രിമാരും മുഖ്യമന്ത്രിയും വ്യവസായികളുടെയും അധികാര ദല്ലാൾമാരുടെയും സ്‌പോൺസർഷിപ്പിലൂടെ പദവി ദുരുപയോഗം ചെയ്യുന്നു. പ്രകൃതി ദുരിത ബാധിതർക്ക് ആശ്വാസമെത്തിക്കുന്നതിൽ പോലും പരാജയപ്പെട്ടു. സർക്കാരിനോട് ജനങ്ങൾക്കുള്ള കടുത്ത അമർഷവും അവിശ്വാസവുമാണ് തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചത്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിനു വ്യക്തമായ മുൻതൂക്കം ലഭിച്ച നിരവധി ഇടങ്ങളിൽ ഇക്കുറി എൽ.ഡി.എഫ് മിന്നുന്ന പ്രകടനം കാഴ്ച വച്ചു.ഈ ജനവിശ്വാസം കൂടുതൽ കരുത്തോടെ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കാൻ ഇടതുപക്ഷത്തിന് വലിയ ഊർജ്ജം പകരുമെന്നും പിണറായി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |