
ആലപ്പുഴ: സി.എം.ആർ.എൽ- എക്സാലോജിക് മാസപ്പടിക്കേസ് സി.പി.എമ്മിനെതിരായ നീക്കമാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. എക്സാലോജിക്കിന്റെ ഉടമ സ്വാഭാവികമായിട്ടും ആരുടെയെങ്കിലും മകനോ മകളോ ആയിരിക്കുമല്ലോ. നിന്നെയല്ല നിന്റെ അച്ഛനെ നോക്കുന്നെന്ന മട്ടിലാണ് തുടക്കം തന്നെ. അച്ഛനെന്തെല്ലാം കണ്ടതാണെടോ. ആദ്യമായിട്ട് കാണുകയാണോ ഇതൊക്കെ- അദ്ദേഹം പറഞ്ഞു.
സി.പി.എം ആലപ്പുഴ വിപുലീകൃത ജില്ലാ കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി. എക്സാലോജിക്ക് കമ്പനി സി.എം.ആർ.എല്ലിന് മാത്രമാണോ സേവനം നൽകിയിട്ടുള്ളത്. അതിനിടെ കേരളത്തിലെ പ്രശസ്തമായ ഒരു ചാരിറ്റി സ്ഥാപനത്തിന്റെ സ്കൂളിന് നൽകിയ സേവനത്തിന്റെ പേരിൽ തീവ്രവാദബന്ധം ആരോപിക്കാൻ നീക്കമുണ്ടായി. നിയമപ്രകാരം നൽകിയ സേവനം കണക്കിലെടുത്ത് ലഭിച്ച പ്രതിഫലത്തിന് എല്ലാവിധ നികുതിയും അടച്ചിരിക്കെ അതിലെന്താണ് കുറ്റം.
മകളുടെ കല്യാണത്തിനു വർഷങ്ങൾക്ക് മുമ്പാണ് സി.എം.ആർ.എല്ലുമായുള്ള കരാർ. ഭാവിയിൽ ഇങ്ങനൊരു ഭർത്താവ് വരാൻ പോകുന്നുണ്ടെന്നും അയാൾ മുഖേന അതുകടത്താൻ നോക്കിയെന്നുമാണ് വർത്തമാനങ്ങൾ. സുപ്രീംകോടതി വരെ പരാതി പരിശോധിച്ചല്ലോ. കോൺഗ്രസ് എം.എൽ.എയുടെ പരാതിയായിരുന്നല്ലോ പ്രധാനം. അവസാനം എത്രകടുത്ത തീരുമാനമാണ് ആ എം.എൽ.എയ്ക്കെതിരെ ഉണ്ടായത്. ഇതെല്ലാം കഴിഞ്ഞാണ് പുതിയകഥയുമായി കേന്ദ്ര ഏജൻസികളുടെ വരവ്. ആർ.എസ്.എസും ബി.ജെ.പിയുമാണ് ഇതിനു പിന്നിലെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിശ്വാസ്യത നഷ്ടപ്പെട്ടു. പുറത്തുവന്ന വിവരങ്ങൾ ജനാധിപത്യത്തിന് ഭൂഷണമല്ല. കേരളത്തിൽ പുതിയ സർക്കാർ ആർ.എസ്.എസ് അജൻഡ നടപ്പാക്കുകയാണ്. വ്യക്തികളെ കേസിൽ പ്രതികളാക്കുന്നത് മനസിലാക്കാം. രാഷ്ട്രീയ പാർട്ടികളെ കേസിൽ പ്രതികളാക്കുന്നത് കേട്ടുകേൾവിയുണ്ടോ. കരുവന്നൂരിൽ അതാണ് കണ്ടതെന്നും പിണറായി പറഞ്ഞു.
സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കേന്ദ്ര കമ്മിറ്റിയംഗങ്ങളായ പി.കെ.ശ്രീമതി, സി.എസ്.സുജാത, കെ.കെ.ശൈലജ, ഇ.പി.ജയരാജൻ, ഡോ. ടി.എം.തോമസ് ഐസക്, കെ.രാധാകൃഷ്ണൻ, എളമരം കരീം, സംസ്ഥാന സെക്രട്ടേറിയറ്റംഗങ്ങളായ സി.എൻ.മോഹനൻ, സജി ചെറിയാൻ, വി.ശിവൻകുട്ടി എന്നിവരും യോഗത്തിൽ സംബന്ധിക്കുന്നുണ്ട്. യോഗം നാളെ അവസാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |