SignIn
Kerala Kaumudi Online
Friday, 23 October 2026 5.25 AM IST

രാജ്യത്തെ 12 എസ്.ഡി.പി.ഐ കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ്

sdpi

കൊച്ചി: വിദേശത്ത് നിന്നടക്കം സമാഹരിച്ച കോടിക്കണക്കിന് രൂപയുടെ വിനിയോഗം സംബന്ധിച്ച കേസിൽ കേരളത്തിൽ രണ്ടിടത്തുൾപ്പെടെ എസ്.ഡി.പി.ഐയുടെ രാജ്യത്തെ 12 കേന്ദ്രങ്ങളിൽ എൻഫോഴ്സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇ.ഡി) റെയ്ഡ് നടത്തി. എസ്.ഡി.പി.ഐ ദേശീയ പ്രസിഡന്റ് പാലക്കാട് പട്ടാമ്പി സ്വദേശി എം.കെ.ഫൈസിയെ അറസ്റ്റു ചെയ്‌തതിന് പിന്നാലെയാണ് 10 സംസ്ഥാനങ്ങളിലെ റെയ്ഡ്.

തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസ്, മലപ്പുറത്തെ ജില്ലാ ഓഫീസ് എന്നിവിടങ്ങളിലായിരുന്നു സി.ഐ.എസ്.എഫിന്റെ സുരക്ഷയിൽ കേരളത്തിൽ റെയ്ഡ് നടത്തിയത്. ഡൽഹി, ചെന്നൈ എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥരാണ് റെയ്ഡിനെത്തിയത്. പാർട്ടിക്ക് ലഭിച്ച വരുമാനം, ഉറവിടം, ചെലവുകൾ, പാർട്ടിയുടെയും ഭാരവാഹികളുടെയും ബാങ്ക് അക്കൗണ്ടുകൾ ഉൾപ്പെടെ പരിശോധിച്ചു.

പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചതിന് പിന്നാലെ എൻ.ഐ.എ ഡൽഹിയിൽ 2022 ഏപ്രിലിലും കൊച്ചിയിൽ 2023 ആഗസ്‌റ്റിലും രജിസ്റ്റർ ചെയ്‌ത കേസുകൾക്ക് പിന്നാലെയാണ് ഇ.ഡിയും അന്വേഷണം ആരംഭിച്ചത്. പോപ്പുലർ ഫ്രണ്ട് ഭാരവാഹികളും അംഗങ്ങളും അനുഭാവികളും വിദേശത്തുനിന്നു പിരിക്കുന്ന തുകയുടെ പങ്ക് എസ്.ഡി.പി.ഐയ്ക്കും ലഭിച്ചതായി ഇ.ഡി റെയ്ഡുകളിൽ സ്ഥിരീകരിച്ചിരുന്നു.

പോപ്പുലർ ഫ്രണ്ടിന്റെ 61.72 കോടിയുടെ സ്വത്തുക്കളും നിക്ഷേപങ്ങളും ഇ.ഡി കണ്ടുകെട്ടിയിരുന്നു. ചെയർമാനും ജനറൽ സെക്രട്ടറിയും സംസ്ഥാന ഭാരവാഹികളും ഉൾപ്പെടെ 26 പേരെ അറസ്‌റ്റും ചെയ്‌തിരുന്നു. ഒമ്പത് കേസുകളും രജിസ്റ്റർ ചെയ്‌തു.

4.7 കോടി ലഭിച്ചെന്ന്

ഇ.ഡി കണ്ടെത്തൽ

രാജ്യത്തിനകത്തും ഗൾഫ് രാജ്യങ്ങളിൽ നിന്നുമായി സമാഹരിച്ച സംശയകരവും ഉറവിടം വെളിപ്പെടുത്താത്തതും കണക്കിൽപ്പെടാത്തതുമായ 4.7 കോടി രൂപ എസ്.ഡി.പി.ഐയ്ക്ക് പോപ്പുലർ ഫ്രണ്ടിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. 12 തവണ നോട്ടീസ് നൽകിയെങ്കിലും ഹാജരാകാൻ തയ്യാറാകാത്തതിനെ തുടർന്ന് ഈമാസം മൂന്നിനാണ് ഫൈസിയെ ഡൽഹിയിൽവച്ച് അറസ്റ്റ് ചെയ്‌തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SDPI ED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA