SignIn
Kerala Kaumudi Online
Friday, 05 June 2026 7.05 AM IST

ഗവർണറുടെ സഞ്ചാരപാത ചോർത്തിനൽകിയത് പൊലീസ് അസോസിയേഷൻ നേതാവ്, ആരിഫ് മുഹമ്മദ് ഖാൻ ആരെന്ന് എസ്എഫ്ഐ അറിഞ്ഞ നിമിഷം

READ ENGLISH VERSION
governor

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ സഞ്ചാരപാത എസ്എഫ്ഐയ്‌ക്ക് ചോർത്തി നൽകിയത് പൊലീസ് അസോസിയേഷനിലെ ഉന്നത നേതാവ്. രഹസ്യമായി സൂക്ഷിക്കണമെന്ന് സിറ്റി പൊലീസ് കമ്മിഷണർ നിർദേശിച്ച ഗവർണറുടെ സഞ്ചാരപാത പൊലീസ് അസോസിയേഷൻ നേതാവ് എസ്എഫ്‌ഐക്കാർക്ക് ഇന്നലെ രാവിലെ ചോർത്തി നൽകിയതായി ഇന്റലിജൻസ് ആണ് കണ്ടെത്തിയത്. സ്വർണക്കടത്തു കേസ് കത്തിനിൽക്കെ ജയിലിലായിരുന്ന സ്വപ്ന സുരേഷിനെക്കൊണ്ട് കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ശബ്ദരേഖ റെക്കോർഡ് ചെയ്യിപ്പിച്ചതും ഏറെക്കാലമായി സംസ്ഥാന സ്‌പെഷൽ ബ്രാഞ്ചിലുള്ള ഈ ഉദ്യോഗസ്ഥന്റെ നേതൃത്വത്തിലാണെന്ന് ആരോപണം ഉയർന്നിരുന്നു.

രാജ് ഭവനിൽ നിന്ന് വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന ഗവർണർ, തന്റെ വാഹനം തടഞ്ഞ് കരിങ്കൊടി കാട്ടിയ എസ്.എഫ്. ഐ പ്രവർത്തകർക്ക് ഇടയിലേക്ക് ചാടിയിറങ്ങി വെല്ലുവിളിച്ചത് അപൂർവസംഭവമായി. നടുറോഡിൽ നിന്ന് ഉച്ചത്തിൽ മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചു. എന്തു ചെയ്യണമെന്ന് അറിയാതെ പൊലീസ് പകച്ചു. സമരക്കാരും അമ്പരന്നുപോയി.

മൂന്നിടത്തു കാർ തടഞ്ഞ് കരിങ്കൊടി കാട്ടിയതോടെയാണ് ഗവർണർ നേരിട്ട് ഇറങ്ങിയത്.

'കമോൺ, ആവോ, മുഛേ മാരോ' (വരൂ, എന്നെ അടിക്കൂ) എന്നു പറഞ്ഞ് അവർക്കിടയിലേക്ക് ചെല്ലുകയായിരുന്നു. മൂന്നു സംഭവങ്ങളിലുമായി 17 പേരെ അറസ്റ്റു ചെയ്തു. ഏഴുപേരെ റിമാൻഡ് ചെയ്തു.

പാളയത്ത് യൂണിവേഴ്‌സിറ്റി ലൈബ്രറിക്ക് മുന്നിലും ജനറൽ ആശുപത്രിക്കു മുന്നിലും പേട്ട പള്ളിമുക്കിലുമായിരുന്നു പ്രതിഷേധം. യൂണിവേഴ്‌സിറ്റിയുടെ മുന്നിൽ മുപ്പതോളം പേരാണ് വാഹനം തടഞ്ഞുവച്ച് ബോണിറ്റിലും കാറിന്റെ വിൻഡോയിലും ഇടിച്ചത്.

പേട്ട പൊലീസ് സ്‌റ്റേഷനിൽ നിന്ന് അമ്പതു മീറ്റർ മാത്രം അകലെ കേരള കൗമുദി സ്‌ക്വയറിനു മുന്നിൽവച്ച് തടയാൻശ്രമിച്ചപ്പോഴാണ് രോഷാകുലനായി ബ്‌ളഡി ക്രിമിനൽസ് എന്നുവിളിച്ചുകൊണ്ട് ഗവർണർ ചാടി ഇറങ്ങിയത്.

മുഖ്യമന്ത്രിയുടെ അറിവോടെയാണ് തന്നെ കായികമായി നേരിടാൻ ശ്രമിക്കുന്നതെന്ന് നടുറോഡിൽ നിന്ന് കുറ്റപ്പെടുത്തി. പ്രതിഷേധക്കാരെ മാറ്റാൻ പൊലീസ് ശ്രമിച്ചപ്പോൾ, അവരുടെ ഇടയിലേക്ക് ചെന്നു. പൊലീസ് പൊടുന്നനെ ഗവർണർക്ക് സുരക്ഷാ വലയം തീർത്തു. 'സീനിയർ ഓഫീസർ എവിടെ' എന്നായി ഗവർണർ. ശംഖുംമുഖം എ.സി.പി അനുരൂപ് ഓടിയെത്തി. 'അറസ്റ്റ് ദിസ് ബ്‌ളഡി ക്രിമിനൽസ് 'എന്ന് രോഷാകുലനായി നിർദേശിച്ചു. പൊലീസുകാർ പ്രതിഷേധക്കാരിൽ ചിലരെ ജീപ്പിൽ കയറ്റി.

മൂന്നുപേർ പിടിയിൽ നിന്ന് ഓടി രക്ഷപ്പെട്ടു. ഇതുകണ്ട് ജീപ്പിനടുത്തേക്ക് ഗവർണർ എത്തി. 'ഗവർണർ ഗോബാക്ക് ' എന്ന് എസ്.എഫ്.ഐക്കാർ മുദ്രാവാക്യം മുഴക്കി. ക്ഷുഭിതനായ ഗവർണർ 'അറസ്റ്റ് ദിസ് ഗുണ്ടാസ്' എന്നു കല്പിച്ചു . പൊലീസ് സമരക്കാരെ പേട്ട സ്‌റ്റേഷനിലെത്തിച്ച് സെല്ലിലടച്ചു. ഡൽഹിക്കു പോകാനായിരുന്നു ഗവർണറുടെ യാത്ര.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: GOVERNOR ARIF MUHAMMED KHAN, SFI, KERALA POLICE, PROTEST AGAINST GOVERNOR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA