SignIn
Kerala Kaumudi Online
Friday, 23 October 2026 5.00 PM IST

കെ.എം. ബഷീർ കേസ്: അഭിഭാഷകന് രണ്ടാം നിലയിൽ കയറാനാവില്ല; വിചാരണ മുടങ്ങി

sreeram-

തിരുവനന്തപുരം: പ്രതിഭാഗം അഭിഭാഷകന് രണ്ടാം നിലയിലെ കോടതിയിൽ കയറാൻ കഴിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് മാദ്ധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസിന്റെ വിചാരണ മുടങ്ങി. കേസിലെ പ്രതിയായ ധനകാര്യ വകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനു വേണ്ടി ഹാജരാവുന്ന ഹൈക്കോടതിയിലെ സീനിയർ അഭിഭാഷകൻ ബി.രാമൻ പിള്ളയ്ക്കാണ് ആരോഗ്യകാരണങ്ങളാൽ രണ്ടാംനിലയിൽ എത്താൻ കഴിയില്ലെന്ന് അറിയിച്ചത്. രണ്ടാം നിലയിലെ ഒന്നാം അഡിഷണൽ ജില്ലാ സെഷൻസ് കോടതിയിൽ ഇന്നലെയാണ് വിചാരണ തുടങ്ങേണ്ടിയിരുന്നത്.

താഴത്തെ നിലയിലുള്ള ഏതെങ്കിലും അഡിഷണൽ ജില്ലാ കോടതിയിലേക്ക് കേസ് മാറ്റണമെന്ന് ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ടു. കേസ് വീണ്ടും 19ന് പരിഗണിക്കും. ഇന്നലെ മുതൽ 18 വരെയാണ് വിചാരണ നടക്കേണ്ടിയിരുന്നത്. വിചാരണയ്ക്കായി സാക്ഷികൾക്ക് കോടതിയിൽ ഹാജരാകാനുള്ള സമൻസും അയച്ചിരുന്നു. ഇതിനിടെയാണ് ശ്രീറാം കോടതി മാറ്റത്തിന് അപേക്ഷ നൽകിയത്. 100 സാക്ഷികൾ ഉള്ള കേസിലെ 95 സാക്ഷികളെയാണു വിസ്തരിക്കുക. വിചാരണ രണ്ടുഘട്ടങ്ങളിലായാണ് നടത്തുക. രണ്ടാംഘട്ടം ജനുവരിയിലാണ്.

2019 ആഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് മദ്യലഹരിയിലായിരുന്ന ശ്രീറാമിന്റെ കാറിടിച്ച് കെ.എം. ബഷീർ കൊല്ലപ്പെട്ടത്. കാറിൽ ശ്രീറാമിനൊപ്പം ഉണ്ടായിരുന്ന വനിത സുഹൃത്ത് വഫയെ കോടതി വിചാരണയ്ക്ക് മുൻപ് തന്നെ കേസിൽ നിന്ന് ഒഴിവാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SREERAM VENKITRAMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA