
തിരുവനന്തപുരം: ശബരിമല മാസ്റ്റർ പ്ലാനിൽ നിർദ്ദേശിച്ചിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ വേഗത്തിലാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്. പമ്പയിലെ സുരക്ഷാപാലവും നിലയ്ക്കലിൽ അടിസ്ഥാന സൗകര്യങ്ങളും ഒരുക്കണമെന്നായിരുന്നു ദേവസ്വം ബോർഡിൻ്റെ പ്രധാന ആവശ്യം. റോപ്‌വേയ്ക്കായുള്ള പദ്ധതികൾക്കും വേഗതയില്ലെന്ന് ബോർഡ്, ഉന്നതാധികാര സമിതി യോഗത്തിൽ ചൂണ്ടിക്കാട്ടി. പമ്പയിൽ 2018ലുണ്ടായ പ്രളയത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാപാലം നിർമ്മിക്കാൻ തീരുമാനമെടുത്തത്. 2025 ജനുവരി ഒൻപതിന് അംഗീകരിച്ച പമ്പ ലേ ഔട്ട് പ്ലാനിൽ സുരക്ഷാ പാലം ഉൾപ്പെട്ടിട്ടുണ്ട്. മഴക്കെടുതിയിൽ നിലവിലുള്ള പാലം വെള്ളത്തിലായി. ഭക്തരോട് ശബരിമലയിലേക്ക് വരേണ്ട എന്നു പറയേണ്ട സാഹചര്യമുണ്ടായെന്നും ബോർഡ് ചൂണ്ടിക്കാട്ടിയെന്നാണ് സൂചന.
നിലയ്ക്കലിൽ ഭക്തർക്ക് കൂടുതൽ അടിസ്ഥാന സൗകര്യം ഒരുക്കാനുള്ള പദ്ധതികളിലും പുരോഗതിയില്ല. ഈ വർഷം ബോർഡിന്റേതായ നടപടികളിലൂടെ സൗകര്യം ഉറപ്പാക്കേണ്ടി വരും. നിലയ്ക്കലിൽ എത്തുന്ന ഭക്തർ കൂട്ടത്തോടെ സന്നിധാനത്തേക്ക് എത്തുന്നത് നിയന്ത്രിക്കാനാണ് പദ്ധതി. മാസ്റ്റർ പ്ലാൻ സാങ്കേതിക കാരണങ്ങളിൽ കുടുങ്ങിക്കിടക്കുകയാണെന്ന ആശങ്കയാണ് ബോർഡ് പ്രകടിപ്പിച്ചത്.
ഉച്ചയ്ക്ക് ശേഷം ദേവസ്വം ബോർഡ് യോഗം, ഉന്നതാധികാരസമിതി യോഗത്തിലെ നിർദ്ദേശങ്ങൾ ചർച്ച ചെയ്തു. നിലയ്ക്കലിൽ ഭക്തർക്ക് സുരക്ഷിതമായി വിശ്രമിക്കാനുള്ള സൗകര്യം ഒരുക്കാനാണ് ബോർഡിന്റെ നീക്കം. ടോയ്‌ലെറ്റ് സൗകര്യം വിപുലപ്പെടുത്തും. ഭക്ഷണം, കുടിവെള്ളം എന്നിവ ഉറപ്പാക്കും. സന്നിധാനത്ത് ഭക്തർ കൂടുതൽ നേരം തങ്ങുന്നത് ഒഴിവാക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |