SignIn
Kerala Kaumudi Online
Monday, 14 September 2026 2.00 AM IST

മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ട് കാന്തപുരം വിഭാഗം നേതാക്കൾ,​ പിന്നാലെ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ചു

cm

തിരുവനന്തപുരം : കാന്തപുരം എ.പി. അബൂബേക്കർ മുസലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ മുഖ്യമന്ത്രി വി.ഡി. സതീശനെ ക്ലിഫ് ഹൗസിലെത്തി കണ്ട് സമസ്ത എ.പി വിഭാഗം നേതാക്കൾ. കാന്തപുരത്തിന്റെ പരാമർശത്തെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് സമസ്ത നേതാക്കൾ ക്ലിഫ് ഹൗസിലെത്തിയത്. കാന്തപുരത്തിനെതിരായ പരാമർശം മുഖ്യമന്ത്രി തിരുത്തണമെന്ന് നേതാക്കൾ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടതായാണ് വിവരം. പിന്നാലെ പ്രസ്താവനയെ വിമ‌ർശിച്ച് മുഖ്യമന്ത്രി ഫേസ്ബുക്കിൽ പങ്കുവച്ച വീഡിയോ പോസ്റ്റ് നീക്കി.

കാന്തപുരം വിഭാഗം മുതിർന്ന നേതാവും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി കടലുണ്ടി, പേരോട് അബ്ദുറഹ്‌മാൻ സഖാഫി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി കണ്ടത്. മുഖ്യന്ത്രിയുടെ പ്രസ്താവന തിരുത്തണമെന്ന് ആവശ്യപ്പെട്ട് മുസ്ലിം ജമാഅത്ത് ഉൾപ്പെടെയുള്ള സംഘടനകൾ നേരത്തെ രംഗത്തെത്തിയിരുന്നു.

പൊതുയിടങ്ങളിൽ സ്ത്രീകൾ വരുന്നത് സംബന്ധിച്ച കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരുടെ പ്രസ്താവന പുരോഗമന കേരളത്തിന് യോജിച്ചതല്ലെന്നായിരുന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നത്. 19ാം നൂറ്റാണ്ടിൽ പറയേണ്ട കാര്യമാണ് അദ്ദേഹം 21ാം നൂറ്റാണ്ടിൽ പറയുന്നത്. സർക്കാരിനും പാർട്ടിക്കും പ്രസ്താവനയോട് ഒരുതരത്തിലും യോജിപ്പില്ല. സ്ത്രീകൾ മുഖ്യധാരയിൽ എല്ലാ കാര്യങ്ങളിലും പങ്കെടുത്ത് ജീവിക്കേണ്ടവരാണ് എന്ന നിലപാടാണ് സർക്കാരിനുള്ളത്. ഇസ്ലാമിക ചരിത്രവും അതാണ് പറയുന്നത്. പ്രവാചകന്റെ ആദ്യ ഭാര്യ ഖദീജ വലിയ ബിസിനസുകാരിയായിരുന്നു. മറ്റൊരു ഭാര്യയായ ആയിഷ 'ജമൽ' യുദ്ധത്തിൽ പങ്കെടുത്ത സർവ സൈന്യാധിപയായിരുന്നു. ഇസ്ലമാമിക ചരിത്രത്തിൽ പറയുന്ന ബിൽക്കീസ് രാജ്ഞിയായിരുന്നു. ഖലീഫ ഉമറിന്റെ രാജസദസ്സിൽ മഹ്ർ (സ്ത്രീകൾക്ക് നൽകേണ്ട വിവാഹമൂല്യം) കുറയ്ക്കാൻ തീരുമാനമെടുത്തപ്പോൾ ചോദ്യം ചെയ്തത് സ്ത്രീയായിരുന്നുവെന്നാണ് ചരിത്രം. നീതിമാനായ ഖലീഫ ഉമർ അത് അംഗീകരിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ രാജസദസ്സിൽ പോലും സ്ത്രീകൾ ഉണ്ടായിരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CM VD SATHEESHAN, KANTHAPURAM, KANTHAPURAM AP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA