SignIn
Kerala Kaumudi Online
Sunday, 27 September 2026 1.21 AM IST

കമ്മിറ്റികളിലും പരിപാടികളിലുമില്ല, പാർട്ടിയെ അവഗണിച്ച് വീണാ ജോർജ്

aa

പത്തനംതിട്ട:നിയമസഭാതിരഞ്ഞെടുപ്പിനു ശേഷം പാർട്ടി വേദികളിലില്ല;വർഗ,ബഹുജനസംഘടനകളുടെ പരിപാടികളിലുമില്ല. പത്ത് വർഷത്തിലേറെയായി സി.പി.എം അംഗമായി തുടരു‌ന്ന മുൻമന്ത്രി വീണാജോർജ് പാർട്ടി കമ്മിറ്റികളിലും പരിപാട‌ികളിലും പങ്കെടുക്കാത്തതിൽ നേതാക്കൾക്ക് അമർഷം. ജില്ലാകമ്മിറ്റി അംഗമായിട്ടും തുടർച്ചയായി അഞ്ച് ജില്ലാ കമ്മറ്റികളിൽ പങ്കെടുത്തിട്ടില്ല. അവധിക്ക് അപേക്ഷിക്കാതെ തുടരെ മൂന്ന് കമ്മിറ്റികളിൽ ഹാജരാകാതിരുന്നാൽ വിശദീകര‌ണം ചോദിക്കണമെന്നാണ് കീഴ്വഴക്കം. വീണയ്ക്ക് വിശദീകരണനോട്ടീസ് നൽകിയിട്ടില്ല. അടുത്തമാസം ആറ്, ഏഴ് തീയതികളിൽ നടക്കുന്ന വിപുലീകൃത ജില്ലാ കമ്മറ്റിയിൽ, വീണയുൾപ്പെടെ പാർട്ടിയിൽ സജീവമാകാതെ മെമ്പർഷിപ്പിൽ തുടരുന്നവരുടെ വിഷയം ചർച്ചയായേക്കും. പാർട്ടി സംസ്ഥാനസമിതിയിൽ പ്രത്യേക ക്ഷണിതാവാണ് വീണ. കോഴിക്കാേട് വിശാല സംസ്ഥാനസമിതിയോഗത്തിലും പങ്കെടുത്തില്ല.

അതേസമയം, മാസപ്പടി കേസിൽ സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെ, പിണറായിയെ പിന്തുണച്ച് സമൂഹമാദ്ധ്യമങ്ങളിൽ സജീവമാണ്. കൊടുമണ്ണിലെ വീട്ടിലാണ് താമസം

അപ്രതീക്ഷിത വരവും പാേക്കും

മാദ്ധ്യമപ്രവർത്തകയായിരുന്ന വീണാജോർജിനെ 2016ൽ ആറൻമുള നിയമസഭാമണ്ഡലത്തിൽ അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയാക്കിയത് അണികളെയും ജില്ലാനേതാക്കളെയും ഞെട്ടിച്ചിരുന്നു. ഓർത്തഡോക്സ് സഭാ വോട്ടിൽ കണ്ണുവച്ചാണ് പാർട്ടി പ്രവർത്തനപാരമ്പര്യം ഇല്ലാതിരുന്നിട്ടും സ്ഥാനാർത്ഥിയാക്കിയത്. പിണറായി മുൻകൈയെടുത്താണ് സ്ഥാനാർത്ഥിയാക്കിയതെന്നായിരുന്നു ചർച്ചകൾ. ജില്ലാ കമ്മിറ്റിയുടെ പട്ടിക തള്ളി സ്ഥാനാർത്ഥിയാക്കിയതിൽ നേതാക്കൾക്കുള്ള നീരസം തീർക്കാൻ പിണറായി നേരിട്ടെത്തിയാണ് ആറൻമുളയിൽ തിരഞ്ഞെട‌ുപ്പ് നിയന്ത്രിച്ചത്. എം.എൽ.എയായ ശേഷം പാർട്ടി അംഗത്വമെടുത്ത്, പാർട്ടി പരിപാടികളിൽ സജീവ സാന്നിദ്ധ്യമായിരുന്നു. 2026ലെ തിരഞ്ഞെട‌ുപ്പിൽ വീണ്ടും ജയിച്ച് മന്ത്രിയായ വീണ ജില്ലയിലെ പാർട്ടി നേതാക്കളുമായി അകന്നു. മന്ത്രിയെന്ന നിലയിൽ വീണയുടെ പ്രവർത്തനങ്ങൾക്കെതിരെ ആക്ഷേപങ്ങൾ ശക്തമായപ്പോൾ പ്രതിരോധിക്കാൻ നേതാക്കളുണ്ടായില്ല.

വീണയുടെ വീഴ്ചകളിൽ പാർട്ടിക്കുള്ളിലും പുറത്തും വിവാദം കനത്ത സമയത്ത് ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനകമ്മിറ്റി വീണയെ വീണ്ടും സ്ഥാനാർത്ഥിയാക്കി. പ്രചാരണത്തിൽ നേതാക്കളുടെയും പ്രവർത്തകരുടെയും നിസഹരണം തോൽവിയിലേക്ക് നയിച്ചു. പൊതുവെയുണ്ടായ യു.ഡി.എഫ് തരംഗമാണ് വീണയുടെ തോൽവിക്കും കാരണമായതെന്ന് പാർട്ടി വിലയിരുത്തി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VEENAGEORGE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA