
ചേർത്തല: മുഖ്യമന്ത്രി പദവിയിലാണിരിക്കുന്നതെന്നോർത്ത് വി.ഡി. സതീശൻ ശൈലി മാറ്റണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. പിണറായിയുടെ ശൈലിയെ കുറ്റം പറഞ്ഞവരാണെന്നോർക്കണം. മുഖ്യമന്ത്രിക്കും സർക്കാരിനും മാർക്കിടാറായിട്ടില്ലെന്നും യോഗം വനിതാ സംഘം കേന്ദ്ര കമ്മിറ്റി പൊതുയോഗം ഉദ്ഘാടനം ചെയ്യാനെത്തിയ അദ്ദേഹം ചേർത്തല ശ്രീനാരായണ കോളേജിൽ മാദ്ധ്യമ പ്രവർത്തകരോടു പറഞ്ഞു.
വി.ഡി. സതീശനും അടൂർ പ്രകാശും തമ്മിലുള്ള തർക്കം അണ്ണൻ -തമ്പി സൗന്ദര്യപ്പിണക്കം മാത്രമാണ്. എത്ര പറഞ്ഞാലും കോൺഗ്രസല്ലേ, ഇതിനപ്പുറവുമുണ്ടാകും. വിഷയം ഹൈക്കമാൻഡ് പരിഹരിക്കും. ഇതിൽ അഭിപ്രായം പറഞ്ഞ് അപഹാസ്യനാകാനില്ല. മുഖ്യമന്ത്രി സ്ഥാനത്ത് മാറ്റമുണ്ടാകുമെന്നു തോന്നുന്നില്ല. ആശുപത്രികളിൽ മരുന്നില്ലാത്തതു ഗൗരവത്തോടെ കാണണം. വൈദ്യുതിയിലും ദീർഘവീക്ഷണമുള്ള പദ്ധതികൾ വേണം.
എം.കെ. മുനീർ മാന്യനായ മതേതര സ്വഭാവമുള്ള നേതാവാണ്. ഭരണപരിഷ്‌കാര കമ്മിഷൻ ചെയർമാൻ സ്ഥാനം നൽകിയതിൽ തെറ്റില്ല. എന്നാൽ സ്വകാര്യ വാഹനം ഉപയോഗിച്ചതിൽ മന്ത്രി കെ.എം.ഷാജി ജനങ്ങളെ വെല്ലുവിളിക്കുകയാണ്. മതമാണ് പ്രശ്നമെന്നു പറഞ്ഞവരെ മന്ത്രിയാക്കിയതിന്റെ ഫലമാണിത്. ആർ.എസ്.എസിന് പിന്നാലെ പോയവരെക്കുറിച്ച് പറയാതെ സി.പി.എം തന്റെ മേൽ കുതിര കയറുകയാണ്. തിരുവനന്തപുരത്തടക്കം ബി.ജെ. പി ജയിച്ചത് എൻ.എസ്.എസ് സഹായത്തിലാണ്. ലീഗിനെയും ക്രൈസ്തവ സഭകളെയും കുറിച്ചു മിണ്ടാതെ എല്ലാവർക്കും കൊട്ടാവുന്ന ചെണ്ടയായി ഈഴവ സമുദായത്തെ കാണുന്നു. ശബരിമല വിഷയം വന്നപ്പോൾ തന്നെ തലയിൽ ചുമന്നു കൊണ്ടു നടന്ന സി.പി.എമ്മിന് ഇപ്പോൾ താൻ കൊള്ളാത്തവനായി.
വിമാന യാത്രാ വിഷയത്തിൽ മുഖ്യമന്ത്രി ഇന്റർനാഷണൽ മണ്ടനായി. ആവർത്തിച്ച് നുണ പറഞ്ഞതാണ് കുഴപ്പമായത്. കാര്യം നേരേ അങ്ങ് പറഞ്ഞാൽ മതിയായിരുന്നു. അടവു നയമെടുത്ത് അടവച്ചതു പോലെയായെന്നും വെള്ളാപ്പള്ളി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |