SignIn
Kerala Kaumudi Online
Sunday, 06 September 2026 2.36 AM IST

സ്ത്രീസൗഹൃദ ടൂറിസത്തിനായി 'ഗ്രീൻ മാർഷൽസ്' പദ്ധതി

aa

കോഴിക്കോട്: ടൂറിസം കേന്ദ്രങ്ങളെ കൂടുതൽ സുരക്ഷിതവും ശുചിത്വവുമുള്ളതാക്കുന്നതിനായി വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ 'ഗ്രീൻ മാർഷൽസ്' പദ്ധതി ഒരുങ്ങുന്നു. സർക്കാരിന്റെ 100 ദിനകർമ്മപരിപാടിയുടെ ഭാഗമായുളള ഗ്രീൻ മാർഷൽ ഇനിഷ്യേറ്റീവിന്റെ ആദ്യഘട്ടത്തിൽ 180 പേരെ

'ഗ്രീൻ മാർഷൽസ്' ആയി തിരഞ്ഞെടുക്കും. വിനോദസഞ്ചാരികൾക്ക്, പ്രത്യേകിച്ച് വനിതാ സഞ്ചാരികൾക്ക് സുരക്ഷിതമായ അന്തരീക്ഷമൊരുക്കുക, മാലിന്യമുക്തമായ ടൂറിസം കേന്ദ്രങ്ങൾ ഉറപ്പാക്കുക എന്നിവയാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങൾ. ഒക്ടോബർ 9നുള്ളിൽ ആരംഭിക്കുന്ന പദ്ധതിയുടെ ഭാഗമായി വനിതാ ഗൈഡുകളെയും വനിതാ ഡ്രൈവർമാരെയും നിയമിക്കും. ഗ്രീൻ മാർഷൽസായി തിരഞ്ഞെടുക്കപ്പെടുന്ന വനിതകൾക്ക് വിനോദസഞ്ചാര വകുപ്പ് പ്രത്യേക പരിശീലനവും നൽകും. സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സി.എം.ഡി) മുഖേനയാണ് തിരഞ്ഞെടുപ്പ്. ഫോറസ്റ്റ് ഗ്രീൻ-വൈറ്റ് യൂണിഫോം, ഫോട്ടോ ഐഡി കാർഡ്, ഹെൽപ്പ്‌ലൈൻ വിവരങ്ങൾ, അടിസ്ഥാന പ്രഥമശുശ്രൂഷാ-റിപ്പോർട്ടിംഗ് ഉപകരണങ്ങൾ എന്നിവയും ലഭ്യമാക്കും.

വനിതാസംരംഭങ്ങൾക്കും പ്രോത്സാഹനം

നിലവിലുളള ശുചീകരണ തൊഴിലാളികൾക്കൊപ്പമായിരിക്കും പ്രവർത്തനം. സ്ത്രീകൾ നേതൃത്വം നൽകുന്ന ടൂറിസം സംരംഭങ്ങൾ, പ്രാദേശിക ഹോംസ്റ്റേകൾ, കരകൗശല-പ്രാദേശിക ഉത്പന്നങ്ങൾ, പരിസ്ഥിതി സൗഹൃദ ടൂറിസം എന്നിവയ്ക്കും പദ്ധതിയിൽ പ്രോത്സാഹനമുണ്ടാകും.

ക്യാമറക്കണ്ണും പൊലീസ് കാവലും

സഞ്ചാരികളുടെ സുരക്ഷയ്ക്കായി പൊലീസ് പെട്രോളിംഗ് ശക്തമാക്കും. നിരീക്ഷണ ക്യാമറകളുടെ ഉപയോഗം വിപുലീകരിക്കും. പുതിയ ക്യാമറകളും സ്ട്രീറ്റ് ലൈറ്റുകളും സ്ഥാപിക്കും. തിരക്കേറിയ പ്രദേശങ്ങളിലും അപകടസാദ്ധ്യതയുള്ള ഇടങ്ങളിലും നിരീക്ഷണം ശക്തമാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GREEN MARSHALS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA