SignIn
Kerala Kaumudi Online
Monday, 20 July 2026 6.09 PM IST

മുല്ലപ്പെരിയാറിൽ കൃഷിക്കും വെള്ളമില്ല : ഓണമുണ്ണാൻ മുണ്ടുമുറുക്കണം

theni

കുമളി: മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് കഴിഞ്ഞതവണത്തേക്കാൾ 18 അടിയോളം താഴ്ന്നതോടെ, വെള്ളമില്ലാതെ തമിഴ്നാട്ടിലെ കൃഷി പ്രതിസന്ധിയിലേക്ക്. കേരളത്തിലെ ഓണവിപണി ലക്ഷ്യമിട്ട് ഇറക്കിയ പച്ചക്കറി-പൂക്കൃഷി വരൾച്ചാ ഭീഷണിയിലായതോടെ വിലയേറ്റ ആശങ്കയിലാണ് വിപണിയും. കഴിഞ്ഞവർഷം ഇതേസമയം 130.2 അടിയായിരുന്നു ജലനിരപ്പ്. കൃഷിയിടത്തിലേക്ക് വെള്ളം കൊണ്ടുപോകാൻ കഴിയാത്തതിനാൽ, കുടിവെള്ള ആവശ്യത്തിനാണ് കൊണ്ടുപോകുന്നത്. അഞ്ചരയടി കൂടി ജലനിരപ്പ് കുറഞ്ഞാൽ കുടിവെള്ള ആവശ്യത്തിനും തികയില്ല. ഒന്നാം കൃഷിക്കായി 120 ദിവസത്തേക്ക് പ്രതിദിനം 200 ഘനയടിയാണ് വെള്ളം തുറന്നുവിടാറുള്ളത്. എന്നാൽ തുലാവർഷവും കാലവർഷവും ഒരുപോലെ ചതിച്ചു. വൃഷ്ടിപ്രദേശത്ത് മഴ കുറഞ്ഞതിനാൽ, സെക്കൻഡിൽ 75 ഘനയടി ജലം മാത്രമാണ് ഒഴുകിയെത്തുന്നത്. 125 ഘനയടി ജലമാണ് തമിഴ്നാട് വൈഗ ഡാമിലേക്ക് കൊണ്ടുപോകുന്നത്. മുല്ലപ്പെരിയാറിലെ ജലം ശേഖരിക്കുന്ന വൈഗ അണക്കെട്ടിലും നിരപ്പ് പാതിയായി. 71 അടി പരമാവധി സംഭരണശേഷിയുള്ള ഡാമിൽ നിലവിൽ 34.22 അടി ജലമാണുള്ളത്. കഴിഞ്ഞവർഷമത് 63.12 അടിയായിരുന്നു.

 വറ്റി വരണ്ട് അഞ്ച് ജില്ലകൾ

മധുര, രാമനാഥപുരം, തേനി, ദിണ്ഡിഗൽ, ശിവഗംഗ എന്നീ അഞ്ച് ജില്ലകളിലെ കാർഷിക - കുടിവെള്ള ആവശ്യങ്ങൾക്ക് മുല്ലപ്പെരിയാറിനെയാണ് ആശ്രയിക്കുന്നത്. തേനി ജില്ലയിൽ മാത്രം 14,700ഓളം ഏക്കറിലായി പതിനായിരത്തിലധികം കർഷകരുണ്ട്. വെള്ളം കിട്ടാതായതോടെ ഒന്നാം കൃഷി മുടങ്ങി തമിഴ്നാട്ടിലെ കൃഷിയിടങ്ങൾ വരണ്ടു. വിവിധ കർഷക സംഘടനകളുടെ നേതൃത്വത്തിൽ ഡാമിലെത്തി കഴിഞ്ഞദിവസം സർവമത പ്രാർത്ഥനയും നടത്തിയിരുന്നു.

 വിപണി വിലക്കയറ്റത്തിലേക്ക്

ഓണത്തിന് ആഴ്ചകൾ ശേഷിക്കേ, തമിഴ്നാട്ടിലെ വരൾച്ച കേരളത്തെ ബാധിക്കും. കേരളത്തിലേക്ക് ആവശ്യമുള്ള പച്ചക്കറികളും പൂക്കളുമെത്തുന്നത് തമിഴ്നാട്ടിൽ നിന്നാണ്. ഉത്പാദനം ഇടിഞ്ഞതോടെ വരും ദിവസങ്ങളിൽ പൂക്കളുടെയും പച്ചക്കറികളുടെയും വരവ് കുറയും. ഇത് വൻതോതിൽ വിലക്കയറ്റത്തിനും ഇടയാക്കിയേക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA