SignIn
Kerala Kaumudi Online
Wednesday, 17 June 2026 4.33 AM IST

ക്ഷേത്രങ്ങളിൽ കളങ്കിതർ ഔട്ട്: തിരു. ദേവസ്വം ബോർഡ് തീരുമാനം കേരളകൗമുദി വാർത്തയെ തുടർന്ന്

READ ENGLISH VERSION
devaswom
DEVASWOM

തിരുവനന്തപുരം: ആരോപണവിധേയരെ ഒഴിവാക്കി മേജർ ക്ഷേത്രങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ നിയമനപ്പട്ടിക തിരുത്തി തിരുവിതാംകൂർ ദേവസ്വം ബോർഡ്. മേജർ ക്ഷേത്രങ്ങളിൽ സ്ഥലമാറ്റ നിയമനത്തിലടക്കം വിജിലൻസ് ക്ലിയറൻസും നിർബന്ധമാക്കി. ശബരിമല സ്വർണക്കൊള്ളക്കേസിൽ എസ്.ഐ.ടി ചോദ്യം ചെയ്ത ഉദ്യോഗസ്ഥനേയും പണാപഹരണം നടത്തിയ ജീവനക്കാരനെയുമടക്കം മാനദണ്ഡം ലംഘിച്ച് നിയമിച്ചത് വിവാദമായ പശ്ചാത്തലത്തിലാണിത്. വിവാദ നിയമന നീക്കം കേരളകൗമുദിയാണ് പുറത്തുകൊണ്ടുവന്നത്.

പിന്നാലെ, ദേവസ്വം മന്ത്രി കെ. മുരളീധരനും ബോർഡ് പ്രസിഡന്റ് കെ. ജയകുമാറും ഇടപെട്ടു. ഇന്നലെ ദേവസ്വം ബോർഡ് പ്രത്യേക യോഗം ചേർന്നാണ് തീരുമാനമെടുത്തത്. 75 പേരുടെ പട്ടികയിൽ 20പേരുടെ നിയമനങ്ങളാണ് വിവാദമായത്. ഇവരെ ഒഴിവാക്കിയാണ് നിയമനം നടത്തിയത്. ഇന്നലെ രാത്രിയോടെ പുതിയ ഉത്തരവിറക്കി. ആരോപണ വിധേയരെ മറ്റ് തസ്തികകളിൽ നിയമിച്ചു.

വള്ളിയങ്കാവ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്യാമിനെ കൊട്ടാരക്കര അസിസ്റ്റന്റ് ഓഡിറ്റ് ഓഫീസറാക്കി. വിജിലൻസ് ഓഫീസറായിരുന്ന വിഷ്ണുവിനെ മുണ്ടക്കയം അസിസ്റ്റന്റ് കമ്മിഷണറാക്കി. ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറായിരുന്ന ശ്രീശങ്കറെ ദേവസ്വം ബോർഡ് ആസ്ഥാനത്തേക്കും മാറ്റി. വൈക്കം, തിരുവല്ലം, കൊട്ടാരക്കര, ഉള്ളൂർ എന്നിവിടങ്ങളിലെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർമാർക്കും അസിസ്റ്റന്റ് കമ്മിഷണർമാർക്കും മാറ്റമുണ്ട്.

ഹൈക്കോടതി അംഗീകരിച്ച മാനദണ്ഡങ്ങളും ചട്ടങ്ങളും ലംഘിച്ചായിരുന്നു കളങ്കിതരെയടക്കം ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കിയത്. സീനിയോറിറ്റിയും അട്ടിമറിച്ചിരുന്നു.

 മന്ത്രിയുടെ കത്തിന് പിന്നാലെ നടപടി

നിയമനം വിവാദമായതോടെ അതൃപ്തി അറിയിച്ച് മന്ത്രി കെ. മുരളീധരൻ ബേർഡ് പ്രസിഡന്റിന് കത്ത് നൽകി. നിയമനങ്ങൾ പുനഃപരിശോധിക്കണമെന്നും സ്വർണക്കൊള്ള കേസിൽ ചോദ്യം ചെയ്യപ്പെട്ടവരെയടക്കം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾ പാലിച്ചേ സ്ഥലംമാറ്റ നിയമനങ്ങൾ നടത്താവൂ എന്ന് ബോർഡ് പ്രസിഡന്റ് കെ.ജയകുമാറും കർശന നിലപാടെടുത്തു. ബോർഡിലെ കോൺഗ്രസ് സംഘടനയും വിവാദ നിയമനങ്ങളിൽ പ്രതിഷേധിച്ചിരുന്നു.

 ഒരംഗത്തിന്റെ പിടിവാശി

മാനദണ്ഡങ്ങൾ ലംഘിച്ച് തയ്യാറാക്കിയ സ്ഥലംമാറ്റ നിയമനപ്പട്ടികയെ മുമ്പ് നടന്ന ഒരു ബോർഡ് യോഗത്തിൽ ദേവസ്വം പ്രസിഡന്റും ഒരംഗവും എതിർത്തിരുന്നു. എന്നാൽ മറ്റൊരു അംഗം പട്ടിക പുറത്തിറക്കണമെന്ന് വാശിപിടിച്ചു. പ്രസിഡന്റിനെ മറികടന്ന് പട്ടിക പുറത്തിറക്കി. ഒരു സി.പി.എം അംഗം സ്ഥലംമാറ്റത്തിൽ വ്യാപക ഇടപെടൽ നടത്തിയെന്ന് ദേവസ്വം എംപ്ലോയീസ് ഫ്രണ്ട് പരാതിപ്പെട്ടിരുന്നു.

'വിജിലൻസ് അന്വേഷണം, അച്ചടക്ക നടപടി, ഗുരുതര ആരോപണം നേരിടുന്നവരെയടക്കം നിയമിച്ചത് പുന:പരിശോധിക്കണമെന്ന് ബോർഡ് പ്രസിഡന്റിന് നൽകിയ കത്തിൽ നിർദ്ദേശിച്ചിരുന്നു'.

കെ. മുരളീധരൻ,

ദേവസ്വം മന്ത്രി

''പ്രകടമായ പരാതികളെല്ലാം പരിഹരിച്ചു. നിയമനത്തിൽ പുന:പരിശോധന നടത്തണമെന്ന മന്ത്രിയുടെ നിർദ്ദേശം ബോർഡ് അംഗീകരിച്ചു.

കെ.ജയകുമാർ,

തിരുവിതാംകൂർ ദേവസ്വം

ബോർഡ് പ്രസിഡന്റ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEVASWOM BOARD, KERALA KAUMUDI, IMPACT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA