SignIn
Kerala Kaumudi Online
Friday, 31 July 2026 3.30 AM IST

പച്ചക്കറിയുടെയും ഇറച്ചിയുടെയും വില വർദ്ധനവല്ല,​ ഹോട്ടലുകൾക്ക് പുതിയ പ്രതിസന്ധി,​ അൽഫാമും തന്തൂരിയുമൊക്കെ കിട്ടാതാകും

alfam
അൽഫാം

കൊടുങ്ങല്ലൂർ: പാചകത്തിനാവശ്യമായ വിറകുകരിക്ക് രൂക്ഷമായ ക്ഷാമം നേരിടുന്നതോടെ ഹോട്ടലുകളും ഭക്ഷണശാലകളും പ്രതിസന്ധിയിൽ. അൽഫാം, തന്തൂരി, കബാബ് ഉൾപ്പെടെയുള്ള കരിയിൽ പാകം ചെയ്യുന്ന വിഭവങ്ങൾ തയ്യാറാക്കുന്ന ഹോട്ടലുകളാണ് പ്രതിസന്ധിയിലായത്. പാചകവാതകത്തിന്റെ വിലവർധനയെ തുടർന്ന് ഗ്യാസിന് പകരം വിറക് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടിയതാണ് കരി നിർമ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യത കുറയാൻ കാരണമായതെന്ന് വ്യാപാരികൾ പറയുന്നു.

വിറകിന്റെ ആവശ്യകത വർധിച്ചതോടെ കരി നിർമ്മാണത്തിനുപയോഗിക്കുന്ന വിറകിന്റെ ലഭ്യത കുറഞ്ഞു. ഇതോടെ കരി ഉൽപാദനം ഇടിഞ്ഞതോടൊപ്പം വിലയും കുതിച്ചുയർന്നു. നേരത്തെ 1,550 രൂപയായിരുന്ന ഒരു ചാക്ക് കരിക്ക് ഇപ്പോൾ 1,750 രൂപവരെ നൽകേണ്ട സ്ഥിതിയാണ്.

തൃശൂർ ജില്ലയിലേക്കുള്ള പാചകക്കരിയുടെ ഭൂരിഭാഗവും തമിഴ്‌നാട്ടിലെ രാമനാഥപുരം ജില്ലയിൽ നിന്നാണ് എത്തുന്നത്. കേരളത്തിലെത്തുന്ന കരിയുടെ 70 ശതമാനത്തിലധികവും ഇവിടുന്നാണ് എത്തുന്നതെന്ന് വ്യാപാരികൾ പറയുന്നു. ശേഷിക്കുന്ന 20 മുതൽ 30 ശതമാനം വരെ കർണാടക, ആന്ധ്രപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. കരിനിർമാണത്തിന് പ്രധാനമായും ഉപയോഗിക്കുന്ന കരിവേലം മരത്തിന്റെ വിറകിന് ടണ്ണിന് 4,000 രൂപയുണ്ടായിരുന്നത് ഇപ്പോൾ 8,000 രൂപവരെ ഉയർന്നിട്ടുണ്ട്. ഇതും കരിയുടെ ക്ഷാമത്തിന് പ്രധാന കാരണമായി.


ഗുണനിലവാരം കുറയുന്നു

വിവിധ സ്ഥലങ്ങളിൽ നിന്ന് ശേഖരിച്ച കരി ഒരുമിച്ച് ലോഡ് ചെയ്യുന്നതിനാൽ ഗുണനിലവാരം കുറയുന്നതായും പരാതിയുണ്ട്. കരിച്ചാക്കുകളിൽ പൊടിയും മണ്ണും കലരുന്നത് പതിവായതായി ഹോട്ടൽ ഉടമകൾ പറയുന്നു.
അൽഫാം, തന്തൂരി, കബാബ്, ബാർബിക്യൂ ചിക്കൻ, ഗ്രിൽഡ് ചിക്കൻ, സ്‌മോക്ക്ഡ് ചിക്കൻ, സ്ലോകുക്ക്ഡ് സ്‌മോക്ക് ചിക്കൻ തുടങ്ങിയ വിഭവങ്ങൾ തയ്യാറാക്കാൻ കരിയുടെ ചൂടും പുകയും അനിവാര്യമാണ്. ചില ഹോട്ടലുകളിൽ ബിരിയാണിക്ക് പ്രത്യേക സ്‌മോക്കി ഫ്‌ളേവർ നൽകാനും കരി ഉപയോഗിക്കുന്നുണ്ട്. ഗ്യാസ് ഉപയോഗിച്ച് ഇത്തരം വിഭവങ്ങൾ തയ്യാറാക്കാമെങ്കിലും തനത് മണവും രുചിയും ലഭിക്കില്ല.


എല്ലാ മാസവും ഒരു ലോറി കരി ഇറക്കി വിൽപ്പന നടത്തിയിരുന്നു. ഒരു ലോറിയിൽ ഏകദേശം 110 ചാക്ക് കരിയെത്തുമായിരുന്നു. എന്നാൽ നിലവിലെ ക്ഷാമം മൂലം കരിയുടെ വരവ് ഗണ്യമായി കുറഞ്ഞു.
ആൽബർട്ട്
കരി വ്യാപാരി കൊടുങ്ങല്ലൂർ

English Summary

Hotels in Kodungallur are facing a crisis due to a severe charcoal shortage, impacting popular dishes like Alfam and Tandoori. Increased demand for firewood, driven by rising LPG prices, has reduced charcoal production. This has led to decreased availability, significant price hikes from Rs 1,550 to Rs 1,750 per sack, and concerns over quality, affecting the authentic flavors of these dishes.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ALFAM, THANDOORI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA