SignIn
Kerala Kaumudi Online
Friday, 31 July 2026 2.19 AM IST

രാകേഷിന്റെ  വൈദ്യുത പദ്ധതി ക്ഷാമകാലത്ത്  തുണയായി 

rakesh

പനംകുട്ടി (ഇടുക്കി): കമ്പിളിക്കണ്ടത്തെ സ്വന്തം സ്ഥലത്തോട് ചേ‌ർന്ന് കുത്തിയൊഴുകുന്ന മുതിരപ്പുഴയാറിന്റെ കൈവഴിയായ പാറത്തോട് തോട്ടിലെ വെള്ളത്തിൽ നിന്ന് സ്വന്തം വൈദ്യുതി ഉത്പാദിപ്പിക്കുകയാണ് രാകേഷ്. വൈദ്യുതി ക്ഷാമം നേരിടുന്ന നാടിന് കിട്ടുന്നത് പ്രതിവർഷം 11 ദശലക്ഷം യൂണിറ്റ് വൈദ്യുതി.

ചെറുപ്പത്തിലേ തോന്നിയ ആശയമാണ്.

അങ്കമാലി എഫ്.ഐ.എസ്.എ.ടി എൻജിനിയറിംഗ് കോളേജിൽ സഹപാഠികളായിരുന്നവർ പിന്തുണച്ചു. പല സ്ഥാപനങ്ങളിലായി ജോലി ചെയ്യുന്ന ഉണ്ണി എസ്. ശങ്കർ, എസ്.ജെ. നിതീഷ്, എം. രഞ്ജിനി, സിറിയക് ജോസ്, ഇ.എം. ഫാരിസ്, റിജോ ജോസഫ് എന്നീ ആറ് സഹപാഠികൾ പാർട്ണർമാരായി. അങ്ങനെ 12 വർഷം മുമ്പ് രാകേഷ് സി.എം.ഡിയായി ഇലക്ട്രോ എനർജി പ്രൈവറ്റ് ലിമിറ്റഡ് എന്ന പേരിൽ കമ്പനിക്ക് തുടക്കമായി.

2018ൽ സർക്കാ‌ർ അനുമതി കിട്ടി. 31 കോടി രൂപ ബാങ്ക് വായ്പ തരപ്പെടുത്തി. നാലര വർഷം കൊണ്ട് നാല് മെഗാവാട്ട് ശേഷിയുള്ള പദ്ധതി പൂർത്തിയാക്കി. ഇപ്പോൾ പ്രതിവർഷം ശരാശരി 11 ദശലക്ഷം യൂണിറ്റ് ഉത്പാദിപ്പിക്കുന്ന സ്വകാര്യ ജലവൈദ്യുതി പദ്ധതിയാണിത്. പ്രതിവർഷം ശരാശരി 4.75 കോടി രൂപ കെ.എസ്.ഇ.ബിയിൽ നിന്ന് വൈദ്യുതിയുടെ വിലയായി കിട്ടും. കഴിഞ്ഞ വർഷം 12.9 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് നൽകിയത്. സംസ്ഥാനം രൂക്ഷമായ വൈദ്യുതി പ്രതിസന്ധി നേരിടുമ്പോൾ ഇതൊരു ചെറിയ അളവല്ല.

10 മീറ്റർ ഉയരത്തിൽ ഡാം

#ചതുരക്കള്ളിപ്പാറയിൽ നിർമ്മിച്ച 10 മീറ്റർ ഉയരവും 29.45 മീറ്റർ നീളവുമുള്ള ഡാമിൽ നിന്ന് 1310 മീറ്റർ നീളമുള്ള പെൻസ്റ്റോക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ചു രണ്ട് മെഗാവാട്ട് ശേഷിയുള്ള രണ്ട് ടർബൈനുകൾ ചലിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

# രണ്ട് കിലോമീറ്റർ അകലെയുള്ള കെ.എസ്.ഇ.ബിയുടെ നേര്യമംഗലം പവർ ഹൗസിലേക്ക് പുതുതായി വലിച്ച ലൈൻ വഴിയാണ് വൈദ്യുതി കൊടുക്കുന്നത്. സംസ്ഥാനത്തെ പന്ത്രണ്ടാമത്തെയും ഇടുക്കിയിലെ അഞ്ചാമത്തെയും സ്വകാര്യ ജലവൈദ്യുതി പദ്ധതിയാണ്.

'മഴക്കാലത്ത് ചെറുകിട പദ്ധതികളിൽ നിന്നാണ് പരമാവധി വൈദ്യുതി ഉത്പാദിപ്പിക്കേണ്ടത്. വലിയ പദ്ധതികളിലെ ഉത്പാദനം കുറച്ചു ഡാമുകളിൽ പരമാവധി വെള്ളം സംഭരിക്കണം. ആ ജലം വേനൽക്കാലത്ത് ഉപയോഗിച്ച് വൈദ്യുതി ഉത്പാദിപ്പിക്കണം. ഇങ്ങനെ ചെയ്താൽ കേരളത്തിന്റെ നിലവിലെ വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമാകും"

-രാകേഷ് റോയി

സി.എം.ഡി,​ ഇലക്ട്രോ

എനർജി പ്രൈവറ്റ് ലിമിറ്റഡ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA