SignIn
Kerala Kaumudi Online
Friday, 31 July 2026 1.16 AM IST

ഒന്നര പതിറ്റാണ്ട്: നിലമൊരുക്കാതെ ബഹുവിളക്കൃഷി പ്രഖ്യാപനങ്ങൾ

aa

കൊച്ചി: പ്രഖ്യാപനങ്ങളും അംഗീകാരവും തുടരെ തുടരെ വന്നിട്ടും, ഭൂവിനിയോഗ നിയമ ഭേദഗതിയിൽ തട്ടി തോട്ടം മേഖലയിലെ ബഹുവിളക്കൃഷിക്ക് നിലമൊരുങ്ങുന്നില്ല. ഏകവിളയേക്കാൾ, ബഹുവിള വൈവിദ്ധ്യവത്കരണത്തിനും സുസ്ഥിരതയ്ക്കും വഴിവയ്ക്കുമെന്നതിനാൽ തുടർച്ചയായി മൂന്ന് സർക്കാരുകൾ ഈ രീതിയെ അംഗീകരിച്ചിരുന്നു. ഫലവൃക്ഷങ്ങൾ ഉൾപ്പെടെ തോട്ടങ്ങളിൽ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വി.ഡി.സതീശനും പ്രഖ്യാപിച്ചു.

ചെലവ് വർദ്ധിച്ചതും വരുമാനം ഇടിഞ്ഞതും കാരണം നിരവധി തോട്ടങ്ങൾ അടച്ചുപൂട്ടിയ സാഹചര്യത്തിൽ ബഹുവിളക്കൃഷിയും ഇക്കോ ടൂറിസവും അനുവദിക്കാൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തണമെന്ന ആവശ്യം 2012ൽ ഉമ്മൻചാണ്ടി സർക്കാരിൽ ഉയർന്നതാണ്.

രണ്ടാം പിണറായി സർക്കാരിൽ ഭൂപരിഷ്‌കരണ നിയമത്തിലെ വ്യവസ്ഥകളിൽ ഭേദഗതി വരുത്താൻ റവന്യൂ, വ്യവസായ, ധനകാര്യ വകുപ്പുകൾ ചർച്ചയും തുടങ്ങി. അതിനിടെയാണ് തോട്ടം എന്ന നിർവചനം ഭേദഗതി ചെയ്യണമെന്ന നിർദ്ദേശം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുയർന്നത്. നടപടികൾ സാങ്കേതിക വിഷയങ്ങളിൽ തട്ടി സ്‌തംഭിച്ചു. ബഹുവിള അനുവദിക്കണമെന്നത് തോട്ടം മേഖലയിലെ രണ്ട് പതിറ്റാണ്ടായുള്ള ആവശ്യമാണ്. മൂല്യവർദ്ധന, അഗ്രോ ഫോറസ്ട്രി, ടൂറിസം തുടങ്ങിയവ ഉൾപ്പെട്ട സംയോജിത കൃഷിരീതി അനുവദിക്കാൻ യു.ഡി.എഫ് സർക്കാർ നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് തോട്ടം മേഖല.

 2012ൽ തുടങ്ങിയ നീക്കം

2012 ൽ തോട്ടങ്ങളുടെ 5% സ്ഥലം പരിസ്ഥിതി ടൂറിസത്തിന് വിനിയോഗിക്കാമെന്ന് ഉമ്മൻ ചാണ്ടി സർക്കാർ

2015ൽ പഠിക്കാൻ ജസ്റ്റിസ് കൃഷ്ണൻനായർ കമ്മിഷൻ

2016ൽ പിണറായി വിജയൻ സർക്കാരിന് റിപ്പോർട്ട്

ബഹുവിള അനുവദിക്കാമെന്ന് കമ്മിഷൻ ശുപാർശ

കോഴിക്കോട് ഐ.ഐ.എമ്മിന്റെ വിശദമായ പഠനം

10 വർഷം ആയുസുള്ള ഫലവൃക്ഷങ്ങൾ, ചെടികൾ എന്നിവയുടെ കൃഷിക്ക് ശുപാർശ

അഗ്രി, ഇക്കോ ടൂറിസം പദ്ധതികൾ നിയന്ത്രണങ്ങളോടെ നടപ്പാക്കാൻ 10 ശതമാനം സ്ഥലം മാറ്റിവയ്ക്കാമെന്നും ശുപാർശ

തോട്ടം മേഖലയുടെ നിലനിൽപ്പിന് ബഹുവിളക്കൃഷി അനിവാര്യമാണ്. ഒരുവിള നഷ്‌ടമായാൽ മറ്റു വിളകളിൽ പരിഹരിക്കാം. അടച്ച തോട്ടങ്ങൾ തുറക്കാനും തൊഴിലവസരം വർദ്ധിപ്പിക്കാനും കഴിയും.

അസോസിയേഷൻ ഒഫ് പ്ളാന്റേഴ്സ് കേരള

കാലോചിതമായ നിയമപരിഷ്‌കാരം നടപ്പാക്കിയാലേ വരുമാനം വർദ്ധിപ്പിക്കാൻ കഴിയൂ.

സന്തോഷ് മാട്ടേൽ

പ്രസിഡന്റ്

യുണൈറ്റഡ് ഫാർമേഴ്സ് ഓർഗനൈസേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MULTY CROP
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA