SignIn
Kerala Kaumudi Online
Sunday, 26 July 2026 10.59 PM IST

വസ്ത്ര സങ്കല്പങ്ങൾ പൊളിച്ചെഴുതി ജെൻ സീ പെൺകുട്ടി; ഇൻസ്റ്റഗ്രാം വൈറൽ താരത്തിന്റെ വിശേഷങ്ങൾ

gopika

അച്ഛന്റെ പഴയ ലുങ്കിയും അമ്മയുടെ നെെറ്റിയും പുതിയ ലുക്കിലാക്കുന്ന 24കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ വൈറൽ താരം. അപ്സെെക്കിൾസിലൂടെ വസ്ത്രസങ്കല്പങ്ങളെ തന്നെ പൊളിച്ചെഴുതിയ ഗോപികയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. വയനാട് മാനന്തവാടി സ്വദേശിയായ സുധിയുടെയും മഞ്ജുവിന്റെയും മൂത്തമകളാണ് ഗോപിക. അനിയൻ ദക്ഷിൻ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്. വയനാട് ഹെൽത്ത് വകുപ്പിൽ ജോലിചെയ്യുന്ന മാതാപിതാക്കൾക്ക് മകളെ ഒരു ഡോക്ടറാക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷേ ഗോപിക തിരഞ്ഞെടുത്തത് വസ്ത്രങ്ങളുടെ ലോകവും. തന്റെ വർക്കുകളെക്കുറിച്ച് കേരളകൗമുദി ഓൺലെെനിനോട് പങ്കുവയ്ക്കുകയാണ് ഗോപിക.

ചെറുപ്പം മുതൽ തുടങ്ങിയ ആഗ്രഹം

ചെറുപ്പം മുതൽ എനിക്ക് ഫാഷൻ ഡിസെെൻ പഠിക്കണമെന്നായിരുന്നു ആഗ്രഹം. തയ്യൽ സ്വന്തമായിട്ടാണ് പഠിച്ചത്. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ മുതൽ വീട്ടിൽ തയ്യൽ മെഷീനുണ്ട്. അപ്പോൾ മുതൽ ചെറിയ ബാഗുകളെല്ലാം ഞാൻ തയ്ച്ച് പഠിക്കുമായിരുന്നു. വീട്ടിൽ കിടന്ന പഴയ തുണികൾ വെട്ടിയാണ് തയ്യൽ പഠിച്ചത്.

A post shared by GOP!KA (@___gop__ika___)


എന്നാൽ പ്ലസ് ടു കഴിഞ്ഞ് ഫാഷൻ ഡിസെെൻ പഠിക്കാൻ മാതാപിതാക്കൾ അനുവദിച്ചില്ല. അങ്ങനെയാണ് ബോട്ടണി എടുത്തത്. ഡിഗ്രിക്ക് പഠിക്കുമ്പോൾ എന്റെ വസ്ത്രങ്ങൾ ഞാൻ തന്നെയാണ് ഡിസെെൻ ചെയ്തിരുന്നത്. സിനിമയിൽ കാണുന്ന മോഡലുകൾ നോക്കി തുണിയെടുത്ത് തയ്ക്കുമായിരുന്നു.

-gopika

ഇൻസ്റ്റഗ്രാമിൽ വെെറലായി

പഴയ വസ്ത്രങ്ങളുടെ രൂപം മാറ്റി പുതിയ വസ്ത്രമാക്കുന്നത് പണ്ടുമുതൽ ഞാൻ ചെയ്തിരുന്ന കാര്യമാണ്. അന്ന് ഇതിന്റെ പേര് അപ്സെെക്കിൾസ് ആണെന്ന് അറിയില്ലായിരുന്നു. 2024ൽ അപ്സെെക്കിൾസിന്റെ കുറച്ച് വീഡിയോ ഞാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. അത് ജനങ്ങൾ ശ്രദ്ധിച്ച് തുടങ്ങിയപ്പോഴാണ് അത്തരം കണ്ടന്റ് ചെയ്യാൻ തുടങ്ങിയത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ഒരു പഴയ ചുരിദാർ ഞാൻ സ്കർട്ടും ടോപ്പുമാക്കി മാറ്റിയിരുന്നു. അത് ആറ് മില്യൺ വ്യൂസ് നേടി. അങ്ങനെയാണ് അപ്സെെക്കിൾസ് വീഡിയോ ഒരുപാട് ചെയ്യാൻ തുടങ്ങിയത്. ഇപ്പോൾ എന്ത് ചെയ്താലും അപ്സെെക്കിൾസിലാണ് എത്തുന്നത്.

gopika

ആവശ്യക്കാർ ഏറെ

ഇൻസ്റ്റഗ്രാം വീഡിയോ കണ്ട് നിരവധി പേരാണ് വസ്ത്രങ്ങൾക്ക് ഓർഡർ നൽകുന്നത്. ഫാഷൻ ഷോകളിലും വിവാഹത്തിനും വസ്ത്രങ്ങൾ ഡിസെെൻ ചെയ്ത് കൊടുക്കാറുണ്ട്. പലരും അപ്സെെക്കിൾ ചെയ്ത് തരാൻ വേണ്ടി വസ്ത്രങ്ങൾ തരുന്നുണ്ട്. 'wear.712' എന്ന ഒരു ബ്രാൻഡ് ഞാൻ തുടങ്ങിയിട്ടുണ്ട്. അതുവഴിയും നിരവധി ഓർഡറുകൾ വരുന്നുണ്ട്. എന്നാൽ ഞാൻ ഒറ്റയ്ക്കാണ് എല്ലാം ചെയ്യുന്നത്,​ അതിനാൽ പരിമിതികൾ ഉണ്ട്.

gopika

അവസരങ്ങൾ നിക്ഷേധിച്ചു

സിനിമയിലും സീരീയലിലും വസ്ത്രം ഡിസെെൻ ചെയ്യാൻ എനിക്ക് അവസരം ലഭിച്ചിട്ടുണ്ട്. ഡിസെെൻ എല്ലാം പറഞ്ഞശേഷം എന്റെ വർക്കുകൾ ഞാൻ അവരെ കാണിച്ചു. അതെല്ലാം അവർക്ക് ഇഷ്ടമായി. എന്നാൽ ഫാഷൻ ഡിസെെനിംഗ് പഠിച്ച സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ എന്റെ ആ അവസരം നഷ്ടമായി.

ഇപ്പോൾ ഈ വർക്കിന്റെ കൂടെ ഞാൻ കൊച്ചിയിലെ ഒരു സ്ഥാപനത്തിൽ ഫാഷൻ ഡിസെെനിംഗ് പഠിക്കുന്നുണ്ട്. ഒരു സർട്ടിഫിക്കറ്റിന് വേണ്ടി മാത്രമാണ് ഞാൻ പഠിക്കുന്നത്. എന്നാൽ എന്റെ വീഡിയോകൾ കണ്ട് സർട്ടിഫിക്കറ്റ് ഇല്ലാതെതന്നെ എന്നെ വർക്ക് ഏൽപ്പിക്കുന്ന ഒരുപാട് പേരുണ്ട്. എറണാകുളത്താണ് ഇപ്പോൾ താമസിക്കുന്നത്. ഈ വർഷം തന്നെ ബ്രാൻഡ് കൂടുതൽ വിപുലീകരിക്കാനാണ് ലക്ഷ്യം.

A post shared by GOP!KA (@___gop__ika___)


Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: VIRAL, GOPIKA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA