
തിരുവനന്തപുരം: 'കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര എന്നത് നല്ലൊരു കാര്യം തന്നെയാണ്'- പദ്ധതിയെക്കുറിച്ച് യാത്രക്കാരിയായ അനിതയുടെ ആദ്യപ്രതികരണം ഇങ്ങനെയാണ്. എന്നാൽ മിനിട്ടുകൾക്കുള്ളിൽ അനിത കേരളകൗമുദി ഓൺലെെനിനോട് മറ്റൊരു കാര്യംകൂടി പറഞ്ഞു. ഈ ആനൂകുല്യം നൽകേണ്ടത് ഇങ്ങനെയാണോ? അറുപതുവയസിന് മുകളിലുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും സൗജന്യ യാത്ര നൽകുന്നതായിരുന്നു നല്ലതെന്നാണ് പിന്നീടുള്ള അനിതയുടെ പ്രതികരണം.
യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട പദ്ധതിയാണ് കെഎസ്ആർടിസിയിലെ സ്ത്രീകൾക്ക് സൗജന്യ യാത്ര. 'പ്രിയദർശിനി' എന്ന് പേരിട്ട ഈ പദ്ധതി ഇന്ന് രാവിലെയാണ് മുഖ്യമന്ത്രി വി ഡി സതീശൻ ഉദ്ഘാടനം ചെയ്തത്.
ആദ്യഘട്ടത്തിൽ പദ്ധതി ഓർഡനറി ബസുകളിൽ മാത്രമാണ് നടപ്പാക്കുന്നത്. ട്രാൻസ്ജെൻഡറുകൾക്കും ആനുകൂല്യം ലഭ്യമാണ്. പദ്ധതി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ പല അഭിപ്രായങ്ങളും പൊതുജനങ്ങളിൽ നിന്ന് ഉയരുന്നുണ്ട്. ഈ വിഷയത്തിൽ പൊതുജനങ്ങൾ അവരുടെ അഭിപ്രായം കേരളകൗമുദി ഓൺലെെനോട് പങ്കുവച്ചു.

ഇത്തരം സൗജന്യയാത്ര പ്രായമായവർക്ക് നൽകണമെന്നാണ് യുവാക്കളുടെ പ്രതിനിധിയായ കോളേജ് വിദ്യാർത്ഥി അശ്വിൻ പ്രതികരിച്ചത്. എല്ലാ സ്ത്രീകൾക്കും സൗജന്യ യാത്ര നൽകേണ്ട കാര്യമില്ലായിരുന്നു. ഇത് പുരുഷന്മാർക്കുള്ള പരിഗണന കുറയ്ക്കുന്നുവെന്നും അശ്വിൻ വ്യക്തമാക്കി.
പദ്ധതി വളരെ നല്ലതാണെന്നും പക്ഷേ പാവപ്പെട്ടവർ മാത്രമതിയായിരുന്നു സൗജന്യയാത്രയെന്നുമാണ് കരിക്കകം സ്വദേശി ഗ്രീഷ്മയുടെ അഭിപ്രായം. ഇത് എല്ലാവരും മുതലെടുക്കും. പണം ഉള്ളവരും ബസിൽ ടിക്കറ്റെടുക്കാതെ യാത്ര ചെയ്യുമെന്നും യുവതി പറഞ്ഞു.
സൗജന്യയാത്ര എല്ലാ ബസിലും നൽകിയിരുന്നെങ്കിൽ നല്ലതായിരുന്നു. കാരണം പേട്ട - എയർപോട്ട് റോഡിലേക്ക് എപ്പോഴും സിറ്റി ഫാസ്റ്റ് ബസുകളാണ് കൂടുതൽ. പക്ഷേ എല്ലാ ബസിനും നൽകുന്നത് സർക്കാരിന് അമിത ചെലവാണ്. അങ്ങനെയാണെങ്കിൽ റൂട്ടുകളിൽ സമയം ക്രമീകരിച്ച് കൃത്യമായി ഓഡിനറി ബസ് വിടാനുള്ള സൗകര്യം സർക്കാർ ഒരുക്കണം. എങ്കിൽ മാത്രമേ സ്ത്രീകൾക്ക് പദ്ധതിയുടെ ഫലം കിട്ടുകയുള്ളൂ. സമയത്ത് ബസ് കിട്ടണം. എങ്കിൽ ഞങ്ങളെ പോലെ തുച്ഛമായി സമ്പാദിക്കുന്നവർക്ക് അതൊരും ആശ്വാസമാണെന്ന് ചാക്ക സ്വദേശി മേരീ പ്രതികരിച്ചു.

പദ്ധതി വളരെ നല്ലതാണ്. സൗജന്യയാത്ര ഓട്ടോ ഡ്രെെവർമാരെ ബാധിക്കില്ലെന്ന് ഓട്ടോ ഡ്രെെവർ രാജൻ വ്യക്തമാക്കി. ഓട്ടോയിൽ പോകുന്നവർ ഓട്ടോയെ തന്നെ ആശ്രയിക്കും. അതിനാൽ പദ്ധതി കാരണം വലിയ ബുദ്ധിമുട്ട് തങ്ങൾക്കില്ല. തങ്ങളുടെ പ്രശ്നം ഓട്ടോയുടെ മിനിമം ചാർജ് കൂട്ടുന്നില്ല എന്നതാണ്. 14 വർഷമായി അത് 30 രൂപയാണ്. പെടോളിന്റെയും ഡീസലിന്റെയും വില കൂടി. പക്ഷേ മിനിമം ചാർജ് ഇതുവരെ കൂട്ടിയില്ലെന്നും രാജൻ പ്രതികരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |