SignIn
Kerala Kaumudi Online
Saturday, 30 May 2026 5.25 AM IST

ലഭിക്കുന്നത് കോടികളുടെ വരുമാനം, വിഴിഞ്ഞത്തിന് പിന്നാലെ കപ്പൽ നിർമ്മാണ ശാല പദ്ധതി കാത്ത് പൂവാർ

poovar

പൂവാർ: പൂവാറിൽ കപ്പൽ നിർമ്മാണശാല യാഥാർത്ഥ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന ബഡ്ജറ്റ് സമ്മേളനത്തിൽ ധനമന്ത്രി നടത്തിയ പ്രഖ്യാപനം വിഴിഞ്ഞം തുറമുഖത്തിന് 10കിലോമീറ്റർ ചുറ്റളവിൽ കപ്പൽ നിർമ്മാണശാല യാഥാർത്ഥ്യമാക്കുമെന്നായിരുന്നു. എന്നാൽ പദ്ധതി സാമ്പത്തികമായി ലാഭകരമല്ലെന്നും ഭൂപ്രകൃതിയുടെ പ്രത്യേകതകൾ കാരണം നിർമ്മാണച്ചെലവ് കൂടുമെന്നുമാണ് തുറമുഖ വകുപ്പ് മന്ത്രി കഴിഞ്ഞ മാർച്ചിൽ നിയമസഭയിൽ പറഞ്ഞത്.

പുതിയ സർക്കാർ അധികാരത്തിലെത്തിയതോടെ പൂവാറിൽ കപ്പൽ നിർമ്മാണശാല യാഥാർത്ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.

വിഴിഞ്ഞം ഹാർബർ നിർമ്മാണം പൂർത്തിയാവുന്നതോടെ തീരത്തെത്തുന്ന കൂറ്റൻ മദർ വെസലുകളുടെയും വൻകിട കപ്പലുകളുടെയും അറ്റകുറ്റപ്പണികൾക്കായി സൗകര്യമൊരുക്കേണ്ടത് അനിവാര്യമാണ്. വിഴിഞ്ഞം മൈനർ പോർട്ടിനു സമീപം ഷിപ്പ്‌ റിപ്പയർ യാർഡ് നിർമ്മിക്കാനുള്ള പദ്ധതികൾ തയ്യാറാക്കുന്നതായും സൂചനയുണ്ട്.

സാദ്ധ്യതാപഠനം നടത്തി

പൂവാറിൽ കപ്പൽ നിർമ്മാണശാല നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട ആദ്യപഠനം നടക്കുന്നത് 2007ലാണ്. 2013ൽ വീണ്ടും സാദ്ധ്യതാപഠനം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കൊച്ചിൻ ഷിപ്പ്‌യാർഡിനെ ചുമതലപ്പെടുത്തി. കേന്ദ്ര ഫിഷിംഗ്‌ മന്ത്രാലയവും കൊച്ചിൻ ഷിപ്പ്‌യാർഡും നടത്തിയ പഠനങ്ങൾ പൂവാർ തീരത്തിന്റെ അനന്ത സാദ്ധ്യതകളെ കണ്ടെത്തിയിരുന്നു.

നേട്ടങ്ങളേറെ

അന്താരാഷ്ട്ര കപ്പൽ നിർമ്മാണശാല പൂവാറിൽ പ്രാവർത്തികമായാൽ നികുതിയിനത്തിലും മറ്റുമുള്ള കോടികളുടെ വരുമാനവും തൊഴിലവസരങ്ങളും രാജ്യത്തിനുണ്ടാകും.

ലോക രാജ്യങ്ങൾക്കിടയിൽ ഏതൻസിനും സിംഗപ്പൂരിനുമിടയ്ക്ക് അന്താരാഷ്ട്ര കപ്പൽ പാതയിൽ വേറെ കപ്പൽ നിർമ്മാണശാലയില്ലാത്തതിനാൽ ഏഷ്യയുടെ കവാടമായി പൂവാർ മാറുമെന്നാണ് വിദഗ്ദ്ധർ അഭിപ്രായപ്പെടുന്നത്.

അനുകൂല ഘടകങ്ങളും

രാജ്യത്തിന്റെ വിവിധ കടൽത്തീരങ്ങളുടെ പരിശോധനകളിൽ കടലിന്റെ ആഴക്കൂടുതൽ അനുകൂല ഘടകമാണ്. പൂവാർ തീരത്തോട് ചേർന്നുള്ള കടലിന് 24മുതൽ 30വരെ മീറ്റർ സ്വാഭാവികമായ ആഴമുണ്ട്. കൂടാതെ വർഷം മുഴുവൻ കപ്പലുകൾക്ക് വന്നുപോകാൻ കഴിയുംവിധം വേലിയേറ്റ,വേലിയിറക്ക അനുപാതം കുറവാണ്.പൂവാറിൽ കപ്പൽ നിർമ്മാണശാല നടപ്പാക്കിയാൽ ഏകദേശം ഒന്നരക്കിലോമീറ്റർ ദൂരം കുടിയൊഴിപ്പിക്കലില്ലാതെ നിർമ്മാണത്തിന് അനുയോജ്യമായ ആഴക്കടലുള്ള തീരവും പൂവാറിലുണ്ട്. നിർമ്മാണ, അറ്റകുറ്റപ്പണിക്ക് ശേഷിയുള്ള പരിശോധനാകേന്ദ്രം വിഴിഞ്ഞത്തിന് സമീപത്തുണ്ടെന്നതും അനുകൂല ഘടകമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: POOVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA