
മലയാള കാവ്യ ചരിത്രത്തിൽ സർഗാത്മകത കൊണ്ട് സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചയാളാണ് പി.നാരായണ കുറുപ്പ്. നമ്മുടെ കാവ്യ പാരമ്പര്യത്തിന്റെ ഇങ്ങേയറ്റത്തെ ബലപ്പെട്ട കണ്ണി എന്ന് എല്ലാ അർത്ഥത്തിലും വിശേഷിപ്പിക്കാം.
ഇടശ്ശേരി, വൈലോപ്പിള്ളി, പി.കുഞ്ഞിരാമൻ നായർ... അങ്ങനെയൊരു തലമുറ നമുക്കുണ്ടായിരുന്നു. കാവ്യശില്പത്തെ ശക്തിപ്പെടുത്തിയ ദീപസ്തംഭ സമാനമായ വ്യക്തിത്വങ്ങൾ എന്നിവരെ വിശേഷിപ്പിക്കാം. ആ ശൃംഖലയിലെ ഏറ്റവും പുതിയ കണ്ണിയായിരുന്നു പി.നാരായണകുറുപ്പ്.
വർത്തമാനകാല കവിതയെ കാവ്യപാരമ്പര്യവുമായി ഇണക്കി നിറുത്തിയ പ്രധാനികളിൽ ഒരാൾ. കവിയായിരിക്കെ നിരൂപണ രംഗത്തും സംഭാവന നൽകി. പ്രത്യേകിച്ച് കാവ്യശാസ്ത്ര നിരൂപണരംഗത്ത്. കാവ്യമീമാംസയുടെ രംഗത്ത് കവിയായിരിക്കെ അധികം സംഭാവന നൽകിയ കവികൾ നമുക്കില്ല. ആ നിലയ്ക്കുള്ള അപൂർവതയുണ്ട്.
എനിക്ക് അദ്ദേഹവുമായുള്ള ബന്ധം 1980കളുടെ തുടക്കത്തിൽ ആരംഭിക്കുന്നു. ഡൽഹിയിലായിരുന്നു പി.നാരായണകുറുപ്പ്. ഞാൻ ഉദ്യോഗസംബന്ധമായി ഡൽഹിയിലെത്തിയപ്പോൾ അദ്ദേഹം അവിടെയുണ്ട്. ആ ഗാഢമായ ബന്ധം ഞങ്ങൾക്കിടയിൽ എന്നുമുണ്ടായി. ദേശാഭിമാനി വാരികയിൽ പി.നാരായണ കുറുപ്പ് ഒരു സാംസ്കാരിക പംക്തി കൈകാര്യം ചെയ്തിരുന്നുവെന്നത് ഇന്ന് അധികമാർക്കും അറിയണമെന്നില്ല. എന്നു മാത്രമല്ല, അങ്ങനെയൊരു പംക്തി അദ്ദേഹം ദേശാഭിമാനിയിൽ എഴുതിയെന്നത് പലരിലും കൗതുകമുണർത്തും.
വൃത്തശാസ്ത്ര രംഗത്ത് ഇതുപോലെ പണ്ഡിതനായ ഒരു കവി വേറെയില്ലെന്ന് പറയാം. സംസ്കൃത വൃത്തങ്ങളും ദ്രാവിഡ വൃത്തങ്ങളും അനായാസമായി കൈകാര്യം ചെയ്യുകയും അതിന്റെ സൂക്ഷ്മ ഭാവങ്ങളെ അനാവരണം ചെയ്യുന്ന വിധത്തിൽ ഉള്ള രചനകൾ നടത്തുകയും ചെയ്തു. അങ്ങനെ കാവ്യസംബന്ധിയായ ഒരു പുസ്തകം അദ്ദേഹത്തിന്റേതായി ഉണ്ട്. പുതിയ തലമുറയ്ക്ക് കാവ്യ സംബന്ധമായ ഒരു വഴികാട്ടി കൂടിയാണ്.
മലയാള കാവ്യ സാംസ്കാരിക രംഗത്തിന്റെ വിലപ്പെട്ട ഈടുവയ്പ് എന്നു വിശേഷിപ്പിക്കാൻ മടിക്കേണ്ടതില്ലാത്ത തരത്തിലുള്ള വലിയ സംഭാവനകൾ നൽകി. പാരമ്പര്യത്തെ ആധുനികതയുമായി ഇണക്കി നിറുത്തിയ വളരെ ബലവത്തായ കണ്ണി എന്ന് എല്ലാ അർത്ഥത്തിലും വിശേഷിപ്പിക്കാം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |