
തൊടുപുഴ: ജനജീവിതത്തിന് കടുത്ത പ്രഹരമേൽപ്പിച്ച അതിതീവ്ര രാത്രിമഴ കെ.എസ്.ഇ.ബിക്ക് വെളിച്ചമായി. വെള്ളത്തിന്റെ കുത്തൊഴുക്കിൽ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനത്തിലേറെ ഉയർന്നു. ജൂലായ് 28 മുതൽ ഇന്നലെ വരെയുള്ള കണക്കാണിത്. വൃഷ്ടിപ്രദേശങ്ങളിൽ പെയ്ത മഴ ജലനിരപ്പ് ഇനിയും ഉയർത്തുമെന്നാണ് പ്രതീക്ഷ. ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുന്നതും പവർക്കട്ടും ഉൾപ്പെടെയുള്ള വലിയ പ്രിസന്ധിയാണ് ഇതുവഴി ഒഴിവാകുന്നത്.
കെ.എസ്.ഇ.ബി ഡാമുകളിലെ ജലനിരപ്പ് 32%ൽ നിന്ന് 53% ആയി ഉയർന്നു. ഏഴ് ദിവസംകൊണ്ട് 440 ദശലക്ഷം ക്യുബിക് മീറ്ററിലേറെ ജലമാണ് ഒഴുകിയെത്തിയത്. 1,600 ദശലക്ഷം ക്യുബിക് മീറ്റർ ജലമാണ് ഇപ്പോൾ എല്ലാ ഡാമുകളിലുമായുള്ളത്. ഇതുപയോഗിച്ച് 1763 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാം. മൂന്ന് മാസത്തോളം വലിയ പ്രതിസന്ധിയില്ലാതെ കെ.എസ്.ഇ.ബിക്ക് മുന്നോട്ടുപോകാനാവും.
ഡാമുകളിൽ ജലനിരപ്പ് വളരെ കുറവായിരുന്നതാണ് മിന്നൽമഴയുടെ ആഘാതം കുറച്ചത്. കഴിഞ്ഞ വർഷം ഇതേ സമയത്തെ അപേക്ഷിച്ച് ഡാമുകളിലാകെ 23 % വെള്ളം കുറവായിരുന്നു. എൽനിനോ പ്രതിഭാസത്തെ തുടർന്ന് മഴ ദുർബലമായതാണ് കാരണം. കാലവർഷം കൃത്യമായി ലഭിച്ചിരുന്നെങ്കിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത തീവ്രമഴയിൽ ഡാമുകൾ നിറയുമായിരുന്നു. സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കിയിൽ 16 അടിയോളമാണ് ജലനിരപ്പ് ഉയർന്നത്.
ഏഴ് ഡാമുകളിൽ റെഡ് അലർട്ട്
കെ.എസ്.ഇ.ബിയുടെ ആറും ജലസേചന വകുപ്പിന്റെ ഒന്നും അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സംഭരണശേഷി കുറഞ്ഞ ചെറിയ ഡാമുകളാണിവ. മലങ്കര, മൂഴിയാർ, കല്ലാർകുട്ടി, ലോവർ പെരിയാർ (പാംബ്ല), പെരിങ്ങൽകുത്ത്, കുറ്റ്യാടി എന്നീ ഏഴു ഡാമുകളുടെയും ഷട്ടർ തുറന്നിരിക്കുകയാണ്. ജലസേചനവകുപ്പിന് കീഴിലുള്ളതാണ് മലങ്കര.
പ്രധാന ഡാമുകളിലെ ജലനിരപ്പ് (ശതമാനത്തിൽ)
കക്കി- 46.21%
പമ്പ- 40.87%
മൂഴിയാർ- 85.09%
ഇടുക്കി- 40.93%
മാട്ടുപ്പെട്ടി- 5.00%
ആനയിറങ്കൽ- 24.77%
പൊന്മുടി- 59.64%
കുണ്ടള- 30.33%
കല്ളാർകുട്ടി- 95.74%
ഇരട്ടയാർ- 32.51%
പാംബ്ല- 98.11%
കല്ലാർ- 29.32%
ഇടമലയാർ- 47.58%
ഷോളയാർ- 46.29%
പെരിങ്ങൽകുത്ത്- 61.06%
കുറ്ര്യാടി- 97.76%
ബാണാസുരസാഗർ- 56.09%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |