SignIn
Kerala Kaumudi Online
Tuesday, 04 August 2026 5.08 AM IST

സ്ഥലം റെഡി എയിംസിന്: കോട്ടയം  വെള്ളൂരിൽ ആവശ്യത്തിന് സ്ഥലവും  അനുബന്ധ സൗകര്യങ്ങളും

READ ENGLISH VERSION
aims

തിരുവനന്തപുരം: സംസ്ഥാനത്ത് ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസ് (എയിംസ്) സ്ഥാപിക്കാൻ ഏറ്റവും അനുയോജ്യം കോട്ടയത്തെ വെള്ളൂരെന്ന് വിലയിരുത്തൽ. ഇവിടെയുള്ള കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡിന് 692 ഏക്കർ ഭൂമിയുണ്ട്. ഇതിൽ 227.18 ഏക്കർ ഭൂമി ലഭ്യമാണ്. 200 ഏക്കറാണ് എയിംസിന് ആവശ്യം. വെള്ളൂർ ന്യൂസ് പ്രിന്റ് ഫാക്ടറി കേന്ദ്രം വിറ്റപ്പോഴാണ് സംസ്ഥാനം ലേലത്തിൽ പിടിച്ചത്.

കേന്ദ്ര ആരോഗ്യമന്ത്രാലയം ആവശ്യപ്പെടുന്ന സൗകര്യങ്ങളെല്ലാം ഇവിടെയുണ്ട്. സർക്കാർ ഭൂമി യഥേഷ്ടം. റോഡ്-റെയിൽ മാർഗങ്ങളുമുണ്ട്. കൊച്ചി വിമാനത്താവളത്തിലേക്ക് 56 കിലോമീറ്റർ. പിറവം റോഡ് റെയിൽവേ സ്റ്റേഷൻ തൊട്ടടുത്ത്. റോഡ് മാർഗം കോട്ടയം-എറണാകുളം റൂട്ടിൽ കടുത്തുരുത്തിക്ക് അടുത്തു നിന്ന് 5 കിലോമീറ്റർ മാത്രം. ഒരിക്കലും വറ്റാത്ത ശുദ്ധജലസ്രോതസായ മൂവാറ്റുപുഴയാർ ഒഴുകുന്നത് വെള്ളൂരിലൂടെയാണ്. രണ്ട് 110 കെ.വി. സബ് സ്റ്റേഷനുകളിൽ നിന്ന് വൈദ്യുതി പൂർണതോതിൽ ലഭ്യം. പരിഗണിക്കുന്ന മറ്റു പ്രദേശങ്ങളിൽ ഇത്തരം സൗകര്യങ്ങൾ എല്ലാം ഒത്തുവരുന്നില്ല. നേരേകടവ് - മാക്കേക്കടവ് പാലം പൂർത്തീകരിക്കുന്നതോടെ ആലപ്പുഴയ്‌ക്കും പ്രയോജനം. കോട്ടയം ജില്ലയിലാണെങ്കിലും എറണാകുളം അതിർത്തിയോട് ചേർന്നാണ്. പത്തനംതിട്ട, ഇടുക്കി ജില്ലക്കാർക്കും സൗകര്യപ്രദം. പദ്ധതി പ്രദേശം സന്ദർശിച്ച ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ.ഷർമ്മിള മേരി ജോസഫ്, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ കെ.വി. വിശ്വനാഥൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘവും എയിംസിന് ഏറ്റവും അനുയോജ്യമെന്ന് കണ്ടെത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങളോടെയുള്ള വിശദ റിപ്പോർട്ട് സംസ്ഥാനം അടുത്ത മാസം കേന്ദ്ര സർക്കാരിന് സമർപ്പിക്കും. റവന്യു രേഖകൾ ഉൾപ്പെടെയുള്ള റിപ്പോർട്ടാണ് നൽകുക. ശേഷം സാദ്ധ്യതാപഠനം നടത്തി അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണ്.

 കേന്ദ്ര പരിഗണന തിരുവനന്തപുരത്തിന്?

പത്ത് സ്ഥലങ്ങൾ പരിഗണിച്ചിരുന്നതെങ്കിലും അവസാന ലിസ്റ്റിൽ 7 സ്ഥലങ്ങളാണുള്ളത്. അതിൽ തിരുവനന്തപുരം കാട്ടാക്കട നെട്ടുകാൽതേരിക്കടുത്തുള്ള തേവൻകോട് പ്രദേശം കേന്ദ്രം പരിഗണിക്കാനിടയുണ്ട്. അതേസമയം കേരള പേപ്പർ പ്രോഡക്ട് ലിമിറ്റഡിന്റെ വെള്ളൂരിലെ 692 ഏക്കറിൽ 164.82 ഏക്കർ കേരള റബർ ലിമിറ്റഡിന് കൈമാറിയിട്ടുണ്ട്. 300 ഏക്കർ ഫാക്ടറിയും അനുബന്ധ സംവിധാനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ബാക്കിയുള്ള 227.18 ഏക്കറാണ് എയിംസിന് പരിഗണിക്കുന്നത്.

മറ്റ് സ്ഥലങ്ങൾ

 കാസർകോട്-ചീമേനി

 കോഴിക്കോട്- ബാലുശ്ശേരി

 തൃശൂർ-ചാലക്കുടി

 കോട്ടയം-ആർപ്പൂക്കര

 എറണാകുളം-കളമശ്ശേരി

'എയിംസ് എവിടെ വന്നാലും അത് കേരളത്തിന്റേതാണ്. പ്രദേശിക എതിർപ്പുകളുടെ പേരിൽ എയിംസ് നഷ്ടമാകാൻ അനുവദിക്കില്ല''.

- കെ. മുരളീധരൻ, ആരോഗ്യമന്ത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AIIMS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA