കൊച്ചി: മകൻ ഇഹ്സാനുവേണ്ടി തുടങ്ങിയ പോരാട്ടം ടൈപ്പ്-1 പ്രമേഹമുള്ള ആയിരക്കണക്കിന് കുട്ടികൾക്കും രക്ഷിതാക്കൾക്കും തുണയാകുമെന്നതിന്റെ ആശ്വാസത്തിലാണ് ബുഷ്റ. ടൈപ്പ്-1 പ്രമേഹരോഗികൾക്ക് സർക്കാർ ജോലിയിലും പ്രൊഫഷണൽ വിദ്യാഭ്യാസ പ്രവേശനത്തിലും പ്രത്യേക പരിഗണന ഉറപ്പാക്കുന്ന സർക്കാർ ഉത്തരവിനു പിന്നിൽ തിരുവനന്തപുരം കരുവപ്പുറം സ്വദേശിനി ബുഷ്റയും ഭർത്താവ് ഷിഹാബും നടത്തിയ നിരന്തര ഇടപെടലുകളുടെ കഥയുണ്ട്. ഇതു സംബന്ധിച്ച് കേരളകൗമുദി 2025 ഡിസംബർ 28ന് റിപ്പോർട്ട് ചെയ്തിരുന്നു.കഴിഞ്ഞ ആഴ്ച ബുഷ്റയും മകനും മുഖ്യമന്ത്രി വി.ഡി.സതീശനെ കണ്ട് നിവേദനം നൽകിയതിനെത്തുടർന്നാണ് വേഗത്തിൽ നടപടിയുണ്ടായത്.
സർക്കാർ മെഡിക്കൽ ബോർഡ് ടൈപ്പ്-1 പ്രമേഹം സ്ഥിരീകരിക്കുന്നവർക്ക് അവസരങ്ങൾ നിഷേധിക്കരുതെന്നും പ്രത്യേക പരിഗണന നൽകണമെന്നുമാണ് ഉത്തരവ്. 2024-ലെ ഉത്തരവിലെ അപാകതകൾ നീക്കിയാണ് ഓഗസ്റ്റ് ഒന്നിന് പുതിയ ഉത്തരവിറക്കിയത്. അതിനായി പലതവണ സർക്കാർ ഓഫീസുകൾ കയറിയിറങ്ങി. നിരവധി നിവേദനങ്ങൾ നൽകി. നൂറുകണക്കിന് വിവരാവകാശ രേഖകൾ ശേഖരിച്ചും നിയമോപദേശങ്ങൾ തേടിയുമായിരുന്നു ദമ്പതികളുടെ ആറു വർഷം നീണ്ട പോരാട്ടം. അതിനിടെയാണ് 2024-ൽ ആദ്യ ഉത്തരവിറങ്ങിയത്. അതിൽ വലിയ പോരായ്മകളുണ്ടായിരുന്നു.ആതു മാറ്റാനായിരുന്നു രണ്ടാം പോരാട്ടം. പുതിയ ഉത്തരവിൽ ടൈപ്പ് വൺ പ്രമേഹ ബാധിതരായ സർക്കാർ ജീവനക്കാരെയും ഇതേ രോഗമുള്ള കുട്ടികളുടെ മാതാപിതാക്കളെയും പൊതുസ്ഥലം മാറ്റത്തിനുള്ള പ്രത്യേക മുൻഗണനാ പട്ടികയിലുമാക്കി.
വിവേചനങ്ങൾ പാഠമായി
2016-ൽ മകന് ടൈപ്പ്-1 പ്രമേഹം സ്ഥിരീകരിച്ചതോടെയാണ് ബുഷ്റയുടെ ജീവിതം മാറിയത്. ദിവസവും ഇൻസുലിൻ കുത്തിവയ്പും രക്തപരിശോധനയും ജീവിതത്തിന്റെ ഭാഗമായി. രോഗത്തിന്റെ പേരിൽ വിദ്യാഭ്യാസത്തിലും തൊഴിൽ മേഖലയിലും നേരിടേണ്ടി വരുന്ന വിവേചനങ്ങളും അവസരനിഷേധങ്ങളും തിരിച്ചറിഞ്ഞു.ഒരു കുട്ടിക്കും രോഗത്തിന്റെ പേരിൽ വിദ്യാഭ്യാസമോ തൊഴിൽ സ്വപ്നങ്ങളോ നഷ്ടപ്പെടാൻ പാടില്ലെന്ന് ഉറപ്പിച്ചായിരുന്നു ബുഷ്റയുടെ പോരാട്ടം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |