പാലക്കാട്: ഓണത്തിന് മുന്നേ നേന്ത്രക്കായയ്ക്ക് വില കുതിക്കുന്നു. ഇതോടെ ഓണസദ്യയ്ക്ക് ചെലവേറുമോ എന്ന ആശങ്കയിലാണ് മലയാളികൾ. വിപണിയിൽ നേന്ത്രക്കായ കിലോ 60-70 രൂപ വരെയും നേന്ത്രപ്പഴത്തിന് 70-85 രൂപയുമാണ് വില. പത്തു ദിവസത്തിനിടെ മൊത്തവിപണിയിൽ നേന്ത്രക്കായ കിലോയ്ക്ക് 10 മുതൽ 12 രൂപ വരെ കൂടി. പ്രതികൂല കാലാവസ്ഥയിൽ ഉൽപ്പാദനത്തിലുണ്ടായ കുറവാണ് വില വർദ്ധിക്കാനിടയാക്കിയത്. ഇതോടെ സദ്യയിൽ ഒഴിച്ചുകൂടാനാവാത്ത വറുത്തുപ്പേരിക്കും ശർക്കര ഉപ്പേരിക്കും വില കുതിക്കുകയാണ്. 400 മുതൽ 460 വരെയാണ് വില.
നേന്ത്രക്കായയുടെ വരവ് കുറഞ്ഞതും വില കൂടാൻ കാരണമായിട്ടുണ്ട്. നാലുമാസം മുമ്പ് ഇതര സംസ്ഥാനത്തു നിന്നെത്തുന്ന നേന്ത്രക്കുലകൾ മൂന്ന് കിലോ നൂറു രൂപക്കുവരെ വിറ്റിരുന്നു. മൈസൂർ പഴത്തിന് 30-40 രൂപ, ഞാലിപ്പൂവന് 70-80, റോബസ്റ്റിന് 35-40, ചെങ്കദളി 65-70 രൂപ എന്നിങ്ങനെയാണ് മറ്റ് പഴങ്ങളുടെ ശരാശരി വില. പ്രാദേശികമായും വാങ്ങുന്നതിന്റെ അളവ് അനുസരിച്ചും വിലയിൽ മാറ്റമുണ്ടാകും. സാധാരണ ഓണക്കാലത്താണ് നേന്ത്രവാഴക്കുല കൂടുതലായി വിളവെടുക്കുന്നതും വില വർദ്ധിക്കാറുള്ളതെന്നും വാഴ കർഷകർ പറയുന്നു.
കനത്ത മഴയിലും കാറ്റിലും നേന്ത്രവാഴക്കൃഷി വ്യാപകമായി നശിച്ചതിനാൽ ഇത്തവണ പ്രാദേശികമായി ഉൽപ്പാദിപ്പിച്ചവ പൊതുവെ കുറവാണ്. വില കൂടിയപ്പോൾ ആവശ്യത്തിന് വിളവില്ലെന്നും കർഷകർ പറയുന്നു. കുലയുടെ തൂക്കവും കുറവാണ്. പത്തുകിലോ തൂക്കമുള്ള നാടൻ നേന്ത്രക്കുല കടകളിലെത്തിക്കുമ്പോൾ ഒരു കിലോയോളം തണ്ട് കുറച്ചാണ് തൂക്കം കണക്കാക്കുക. അപ്പോൾ കിലോക്ക് 60-70 രൂപ തോതിൽ ലഭിച്ചാൽ തന്നെ 540-630 വരെയാണ് ലഭിക്കുക. കന്ന് വാങ്ങൽ, കൂലി ചെലവ്, വളമിടൽ, നാട്ട കെട്ടൽ അടക്കമുള്ളവയ്ക്ക് മുമ്പത്തേക്കാൾ ചെലവ് കൂടിയതും അതിനൊത്ത് വില ലഭിക്കാത്തതും നീർവാർച്ചയുള്ള സ്ഥലം കുറഞ്ഞ പാട്ടത്തിന് ലഭിക്കാത്തതും കർഷകർ വാഴക്കൃഷി ഉപേക്ഷിക്കാൻ കാരണമായിട്ടുണ്ട്.
The price of Nendran bananas is rising ahead of Onam, raising concerns among Malayalis about the increasing cost of the traditional Onam feast. In the market, raw Nendran bananas are selling for ₹60–70 per kg, while ripe Nendran bananas are priced between ₹70–85 per kg.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |