SignIn
Kerala Kaumudi Online
Friday, 18 September 2026 3.32 AM IST

കാത്തിരിക്കുന്നത് പ്രതിസന്ധി, കേരളത്തിലേക്ക് പോയവർക്ക് നൈപുണി പരിശീലനമെന്ന് ഒഡീഷ ഉപമുഖ്യമന്ത്രി

pravida

ഭുവനേശ്വർ: ഒഡീഷയിൽ നിന്ന് കേരളത്തിലുള്ള തൊഴിലാളികളെ തിരികെ വിളിച്ച് അവർക്ക് നൈപുണ്യ പരിശീലനം നൽകുന്നത് പരിഗണനയിലാണെന്ന് ഒഡിഷ ഉപമുഖ്യമന്ത്രി പ്രവതി പരിധ പറഞ്ഞു. ഒഡിഷയിൽ കൂടുതൽ വസ്ത്ര നിർമ്മാണ ശാലകൾ തുടങ്ങും. തിരിച്ചെത്തുന്നവർക്ക് തൊഴിൽ നൽകും. ആവശ്യമുള്ളവർക്ക് വസ്ത്ര നിർമ്മാണത്തിൽ പരിശീലനം നൽകും. കേരളത്തിൽ നിന്നെത്തിയ മാദ്ധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അവർ. കേരളത്തിൽ ബംഗാളിൽ നിന്നുള്ളവർ കഴിഞ്ഞാൽ 20 ലക്ഷത്തോളം പേർ ഒഡിഷയിൽ നിന്നാണ്. ഇവരെ തിരിച്ചുവിളിക്കാനുള്ള ഒഡിഷ സർക്കാരിന്റെ തീരുമാനം കേരളത്തെ പ്രതികൂലമായി ബാധിച്ചേക്കും.

അതേസമയം ടൂറിസം മേഖലയിലും ഒഡിഷ കൂടുതൽ നിക്ഷേപം നടത്തി തൊഴിൽ സൃഷ്ടിക്കുമെന്ന് അവ‌ർ പറഞ്ഞു. ഹൗസ് ബോട്ടുകളും ക്രൂസുകളും വരും. ഫ്‌ളോട്ടിംഗ് ഹോട്ടലുകൾ തുറക്കും. കേരളത്തിലെ ഗാർമെന്റ് വ്യവസായങ്ങളിലാണ് ഒഡീഷയിലെ കൂടുതൽ തൊഴിലാളികൾ ജോലി ചെയ്യുന്നത്. കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നുള്ള വ്യവസായികൾ വസ്ത്ര നിർമ്മാണ ശാലകൾ ആരംഭിക്കാൻ താത്പര്യം അറിയിച്ചിട്ടുണ്ട്. അഞ്ചോ ആറോ ജില്ലകൾ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവിടങ്ങളിലാകും തിരിച്ചെത്തുന്നവർക്ക് ജോലി നൽകുക. ഒഡീഷ അത്ര ദരിദ്രമല്ല ഇപ്പോൾ. മോദിയുടെ ഗരീബ് കല്യാൺ, എല്ലാവർക്കും ഭക്ഷണവും സമൃദ്ധിയും എത്തിച്ചു. നവംബറിൽ കൊച്ചി സന്ദർശിക്കുമെന്നും ഉപ മുഖ്യമന്ത്രി വ്യക്തമാക്കി.

 ഓപ്പറേഷൻ തൂഫാനുമായി സഹകരിക്കും


ലഹരിയുടെ വേരറുക്കാനുള്ള ഓപ്പറേഷൻ തൂഫാനുമായി ഒഡിഷ സഹകരിക്കും. പൊലീസിൽ നിന്ന് ഒരു നോഡൽ ഓഫീസറെ ഓപ്പറേഷനായി നിയമിച്ചിട്ടുണ്ട്. ലഹരി വേട്ടയ്ക്ക് ഒഡീഷയിൽ പ്രത്യേക സംഘമുണ്ട്. ഇക്കാര്യത്തിൽ കേരള പൊലീസുമായി സഹകരിക്കുമെന്നും ഉപമുഖ്യമന്ത്രി വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ODISHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA