
ഭുവനേശ്വർ:പാമ്പുകടിയേൽക്കുന്നവരെ രക്ഷിക്കാനുള്ള ആന്റിവെനവുമായി ഡ്രോൺ പറന്നെത്തും. ഗ്രാമീണ-മലയോര-വനമേഖലകളിൽ മരുന്നുകിട്ടാതെയുള്ള മരണങ്ങളില്ലാതാക്കാൻ കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ ഐ.സി.എം.ആർ(ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച്) തയ്യാറാക്കിയപദ്ധതി ഉടൻ കേരളത്തിലും ആരംഭിക്കും.
ഇതോടെ സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിലടക്കം ആന്റിവെനം ലഭ്യതയുറപ്പാക്കാനാവും. ഇതിനായി ഐ-ഡ്രോൺ എന്ന ഡ്രോൺ വികസിപ്പിച്ചിട്ടുണ്ട്. ശബരിമല തീർത്ഥാടനകാലത്തടക്കം ഇത് ഫലപ്രദമാവും.
കേരളത്തിൽ ജില്ലാ, ജനറലാശുപത്രികളിൽ വരെയാണ് ആന്റിവെനമുള്ളത്. കാലാവധി (ഷെൽഫ് ലൈഫ്) കുറവായതിനാലും സൂക്ഷ്മതയോടെ ശീതീകരിച്ച് സംഭരിക്കേണ്ടതിനാലും എല്ലാ ആശുപത്രികളിലും ആന്റിവെനം സൂക്ഷിക്കാനാവില്ല. പാമ്പുകടിയേൽക്കുന്നവരെ ജില്ലാആശുപത്രികളിലെത്തിക്കാൻ സമയമെടുക്കും. മരണവുമുണ്ടാവാം. അതിനാൽ ഡ്രോണുപയോഗിച്ച് സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിൽ ആന്റിവെനമെത്തിക്കാം. അവിടത്തെ ഡോക്ടർ മരുന്നു നൽകും. ഒഡിഷയിലെ പദ്ധതിയാണ് കേരളത്തിലെത്തുന്നത്. സാമൂഹ്യാരോഗ്യകേന്ദ്രങ്ങളിൽ ചട്ടപ്രകാരം 20വയൽ വരെ ആന്റിവെനം സൂക്ഷിക്കാം. പാമ്പുകടിമരണങ്ങളില്ലാതാക്കുകയാണ് ലക്ഷ്യമെന്ന് ഭുവനേശ്വർ ഐ.സി.എം.ആറിലെ ശാസ്ത്രജ്ഞൻ ഡോ.ശ്രീകാന്തകനുൻഗോ 'കേരളകൗമുദി'യോട് പറഞ്ഞു.
പാമ്പുകടിമരണങ്ങളില്ലാതാക്കാൻ 4പദ്ധതികളാണ് നടപ്പാക്കുക. അമൃത ഇൻസ്റ്റിറ്റ്യൂട്ടിലെ ഡോ.ജയജീപ് മേനോനാണ് നേതൃത്വം. മരണങ്ങൾ കുറയ്ക്കാനുള്ള വനംവകുപ്പിന്റെ 'സർപ്പ' ആപ്ലിക്കേഷൻ രാജ്യവ്യാപകമായി നടപ്പാക്കും.
പാമ്പുകടിയേൽക്കുന്നവരെ ആശുപത്രിയിലെത്തിക്കാനും പ്രഥമശുശ്രൂഷ നൽകാനും 'സർപ്പമിത്ര' വോളണ്ടിയർമാരുണ്ടാവും. പാമ്പുകടി തടയാൻ ഗംബൂട്ടുകൾ നൽകുന്നതടക്കം വ്യാപിപ്പിക്കും.
ജനങ്ങളെയും ആരോഗ്യപ്രവർത്തകരെയും ആശുപത്രികളെയും ബന്ധിപ്പിച്ച് 'ശിവ' ആപ്ലിക്കേഷനും വരും.അതിവേഗചികിത്സയ്ക്കും മരണങ്ങൾ ഇല്ലാതാക്കാനും ഇത് സഹായിക്കും.
ലാബ് പരിശോധനയ്ക്കുള്ള സാമ്പിളുകളും ജീവൻരക്ഷാമരുന്നുകളും ഡ്രോണിൽ കൊണ്ടുപോവുന്നതിനും പദ്ധതിയുണ്ട്.
പാമ്പുകൾക്ക് കോഡും
പാമ്പുകൾക്ക് ഭൂമിശാസ്ത്രപരവും ലക്ഷണപരവുമായ കോഡിംഗുകളും നൽകും. കടിച്ച പാമ്പേതാണെന്ന് വേഗത്തിലും കൃത്യമായും തിരിച്ചറിയാനാവും. രാജ്യമാകെ ഒരേരീതിയാവും നടപ്പാക്കുക. ഏത് പാമ്പാണ് കടിച്ചതെന്ന് മനസിലാക്കിയാണ് കൃത്യമായ അളവിൽ ആന്റിവെനം നൽകേണ്ടത്.
''ഗ്രാമീണ-ആദിവാസിമേഖലകളിലും ഉൾപ്രദേശങ്ങളിലുമടക്കം പെട്ടെന്ന് എത്തിച്ചേരാനാവാത്ത സ്ഥലങ്ങളിൽ ഡ്രോണിൽ ആന്റിവെനമെത്തിക്കുന്നത് ഫലപ്രദമാണ്''
-ഡോ.ശ്രീകാന്തകനുൻഗോ
ഡെങ്കി, മലേറിയവാക്സിൻ ഉടൻ
ഡെങ്കിപ്പനിക്കും മലേറിയയ്ക്കും ഐ.സി.എം.ആർ വികസിപ്പിച്ച വാക്സിൻ ഉടൻ വിപണിയിലെത്തുമെന്ന് അഡി.ഡയറക്ടർ ഡോ.സംഘമിത്രപതി. മലേറിയ വാക്സിൻ സാങ്കേതികവിദ്യ സ്വകാര്യകമ്പനികൾക്ക് കൈമാറി. ഡെങ്കിയുടെ പരീക്ഷണങ്ങൾ അവസാനഘട്ടത്തിലാണ്. കൊവിഡ് വാക്സിനെടുത്തവരിൽ പൊടുന്നനേ ഹൃദയാഘാതമുണ്ടാവുന്നതിന് തെളിവില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |