SignIn
Kerala Kaumudi Online
Wednesday, 16 September 2026 1.39 AM IST

നിയമന ഉത്തരവുകളിൽ വ്യക്തതയില്ല അങ്കണവാടികളിൽ 'താത്കാലികക്കാലം' സ്ഥിരനിയമനത്തിന് വിലക്ക്

aa

ആലപ്പുഴ: അങ്കണവാടിലെ വർക്കർ, ഹെൽപ്പർ തസ്തികകളിലേക്ക് ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ സ്ഥിരനിയമനമുണ്ടാകില്ല. ജീവനക്കാരെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് ഒന്നിലധികം സർക്കാർ ഉത്തരവുകൾ നിലവിലുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണിത്. സ്ഥിരനിയമനത്തിനുള്ള മാനദണ്ഡങ്ങളിൽ വ്യക്തത വരുത്തിയ ശേഷമേ പുതിയ നിയമനങ്ങളണ്ടാകൂ. നിലവിലെ ഒഴിവുകളിൽ താത്കാലികക്കാരെ നിയമിക്കും. ഇതുസംബന്ധിച്ച് സർക്കാർ ഉത്തരവിറക്കി.


അങ്കണവാടികളുടെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്താം. എന്നാൽ സ്ഥിരനിയമനത്തിലൂടെ ലഭിക്കുന്ന സേവനസുരക്ഷയും ആനുകൂല്യങ്ങളും ഇല്ലാത്തതിനാൽ താത്കാലിക ജോലിക്ക് ആളുകളെത്തുമോയെന്ന ആശങ്കയുമുണ്ട്. താത്കാലിക ജീവനക്കാരെ നിയമിക്കുമ്പോൾ നിലവിലെ ഒഴിവുകളിലേക്ക് അർഹരായവർക്ക് അവസരം നഷ്ടപ്പെടുമോയെന്ന ഭീതിയുമുണ്ട്. താത്കാലിക നിയമനത്തിലൂടെ വേതനത്തിൽ കുറവുണ്ടാകാനും സാദ്ധ്യതയുണ്ടെന്ന് യൂണിയൻ ഭാരവാഹികൾ പറയുന്നു.

നിലവിൽ 10 വർഷത്തിനുമുകളിൽ സർവീസുള്ള വർക്കർമാർക്ക് 16,000 രൂപയും അതിനുതാഴെ സർവീസുള്ളവർക്ക് 15,500 രൂപയുമാണ് വേതനം. ഹെൽപ്പർമാർക്ക് യഥാക്രമം 11,500 രൂപയും 11,000 രൂപയുമാണ് ലഭിക്കുന്നത്.

33,120 അങ്കണവാടികൾ

സംസ്ഥാനത്ത് 33,120 അങ്കണവാടികളാണുള്ളത്. ഓരോ അങ്കണവാടിയിലും ഒന്നുവീതം വർക്കറും ഹെൽപ്പറും എന്നതാണ് ജീവനക്കാരുടെ ഘടന. കഴിഞ്ഞ ഏപ്രിൽ മുതൽ സംസ്ഥാനത്ത് ഈ തസ്തികകളിലായി 1500ഓളം ഒഴിവുകളുണ്ട്.

ക്ഷേമനിധിയിലും ആശങ്ക

സ്ഥിരനിയമന നടപടികൾ നീളുന്നത് അങ്കണവാടി ജീവനക്കാരുടെ ക്ഷേമനിധിയെയും പ്രതികൂലമായി ബാധിച്ചേക്കും. അംഗങ്ങൾ അടയ്ക്കുന്ന വിഹിതം ഉപയോഗിച്ചാണ് പെൻഷൻ നൽകുന്നത്. 22,000ഓളം ജീവനക്കാരാണ് ക്ഷേമനിധിയിൽ അംഗങ്ങളായുള്ളത്. പുതിയ നിയമനങ്ങൾ ഇല്ലാതാകുന്നതോടെ അംഗസംഖ്യ വർദ്ധിക്കില്ല. ഇതോടെ ക്ഷേമനിധിയിലേക്കുള്ള വരുമാനം കുറയും. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും.

അങ്കണവാടി ജീവനക്കാരെ വലയ്ക്കുന്ന നിലപാടാണിത്. പഠനങ്ങൾ നടത്തിയ ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഒരുമാസത്തിനകം ഉത്തരവ് വന്നില്ലെങ്കിൽ പ്രതിഷേധവുമായി രംഗത്തിറങ്ങും.
-കെ.കെ.പ്രസന്നകുമാരി,
സംസ്ഥാന ജനറൽ സെക്രട്ടറി
അങ്കണവാടി വർക്കേഴ്‌സ് ആൻഡ് ഹെൽപ്പേഴ്‌സ് ഫെഡറേഷൻ (സി.ഐ.ടി.യു)

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ANGANVADI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA