SignIn
Kerala Kaumudi Online
Thursday, 17 September 2026 11.40 AM IST

ക്ഷേത്രങ്ങളിൽ നിന്ന് പൊതുവേദികളിലേക്ക് തോൽപ്പാവക്കൂത്ത്; തിരശ്ശീലയ്ക്ക് പിന്നിൽ ഇവർ

tholpavakoothu
തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുന്നു

നിഴലുകൾക്ക് ജീവൻ പകരുന്ന കേരളത്തിലെ പരമ്പരാഗത കലയാണ് തോൽപ്പാവക്കൂത്ത്. വെള്ളിത്തിരശ്ശീലയ്ക്ക് പിന്നിൽ ചലിക്കുന്ന തോൽപ്പാവകളിലൂടെ രാമായണകഥകൾ അരങ്ങിലെത്തുമ്പോൾ, വെളിച്ചവും നിഴലും ചേർന്ന് തീർക്കുന്നത് വിസ്മയക്കാഴ്ചയാണ്. കാലം മാറിയിട്ടും പാരമ്പര്യത്തിന്റെ തനിമ കൈവിടാതെ ഇന്നും ആസ്വാദകരെ ആകർഷിക്കുകയാണ് തോൽപ്പാവക്കൂത്ത്.

പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലെ ക്ഷേത്രങ്ങളിൽ പൊതുവെ തോൽപ്പാവക്കൂത്ത് ആചാരത്തിന്റെ ഭാഗമായി അവതരിപ്പിക്കാറുണ്ടെങ്കിലും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഇത് താരതമ്യേന കുറവാണ്. എന്നാൽ ക്ഷേത്രങ്ങളിൽ മാത്രം ഒതുങ്ങാതെ പൊതുവേദികളിലും ഇന്ന് തോൽപ്പാവക്കൂത്ത് സജീവമാണ്. അത്തരത്തിൽ ഈ കലാരൂപത്തെ മുന്നോട്ടുകൊണ്ടുപോകുന്ന സംഘമാണ് തോൽപ്പാവക്കൂത്ത് ആചാര്യനായ കെ. വിശ്വനാഥ് പുലവരുടേത്. ദേശീയ അവാർഡ് ജേതാവ് കൂടിയാണ് വിശ്വനാഥ്.

tholpavakoothu
തോൽപ്പാവക്കൂത്ത്

തോൽപ്പാവക്കൂത്ത് സംഘത്തിന്റെ സ്ഥാപകനായ കെ എൽ കൃഷ്ണൻ കുട്ടി പുലവരുടെ മകനാണ് വിശ്വനാഥ് പുലവർ. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം കൂനത്തറയിലുള്ള പ്രശസ്തമായ പാവക്കൂത്ത് കലാകുടുംബമാണ് ഇവരുടേത്. തോൽപ്പാവക്കൂത്തിനെക്കുറിച്ച് കേരള കൗമുദി ഓൺലൈനിനോട് സംസാരിക്കുകയാണ് വിശ്വനാഥ് പുലവരുടെ മകൻ വിപിൻ വിശ്വനാഥ് പുലവർ. വിപിന്റെ മാതാവ് പുഷ്പലതയും സഹോദരി വിജിതയും ഈ രംഗത്ത് സജീവമാണ്.

tholpavakoothu-
വിപിൻ വിശ്വനാഥ് പുലവർ

വേദികളിലും സജീവം


1970 -80 കാലഘട്ടങ്ങളിലാണ് തോൽപ്പാവക്കൂത്ത് എന്ന ഒരു ആചാരാനുഷ്ഠാന കല പുറംവേദികളിൽ എത്തിച്ച് തുടങ്ങിയത്. അച്ഛന്റെ അടുത്ത് നിന്നാണ് ഞാൻ പഠിച്ചത്. ഇപ്പോൾ ഒരു സംഘമായാണ് ഞങ്ങൾ ഇത് അവതരിപ്പിക്കുന്നത്. 10-25ഓളം പേർ ഞങ്ങളുടെ അടുത്ത് തോൽപ്പാവക്കൂത്ത് പഠിക്കുന്നുണ്ട്.

tholpavakoothu
തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുന്നു

ആചാരത്തിന്റെ ഭാഗമായി നൂറോളം ഭദ്രകാളി ക്ഷേത്രങ്ങളിൽ അന്നും ഇന്നും തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുന്നുണ്ട്. പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലാണ് ഇത് കൂടുതലായി നടക്കുന്നത്. എല്ലാ വർഷവും ഏഴ്, 14, 21ദിവസങ്ങളിലായി കൂത്ത് നടത്താറുണ്ട്.

എന്നാൽ ഇപ്പോൾ ഭദ്രകാളി ക്ഷേത്രങ്ങളിൽ മാത്രമല്ല, വിവിധ പൊതുവേദികളിലും തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുന്നുണ്ട്. ഒരു കാലത്ത് എല്ലാവർക്കും ഏറെ പ്രിയങ്കരമായിരുന്ന ഈ കലാരൂപത്തിന് കൊവിഡിന് ശേഷം പൊതുരംഗത്തേക്ക് തിരിച്ചുവരുന്നതിൽ ചില ബുദ്ധിമുട്ടുകൾ നേരിടേണ്ടിവന്നു. ആളുകളുടെ താൽപര്യത്തിലും കുറവുണ്ടായി. എന്നാൽ ഇപ്പോൾ കോളേജുകളിൽ ഉൾപ്പെടെ പരിപാടികൾ അവതരിപ്പിക്കാൻ ക്ഷണം ലഭിക്കുന്നുണ്ട്. കേരളത്തിന് പുറത്തുനിന്ന് പോലും ബുക്കിംഗ് വരുന്നുണ്ട്. നിരവധി വേദികളിൽ ഇതിനോടകം ഈ കല അവതരിപ്പിക്കാൻ ഞങ്ങൾ അവസരം ലഭിച്ചു.

തോലാണ് പ്രധാനം


പണ്ടുകാലത്ത് മാനിന്റെ തോലാണ് പാവകൾ ഉണ്ടാക്കാൻ ഉപയോഗിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആടിന്റെയും കാളയുടെയും തോലാണ് പ്രധാനമായും ഉപയോഗിക്കുന്നത്. കാളയുടെയും ആടിന്റെയും തോൽ വലിച്ചടിച്ച് ഉണക്കുകയാണ് ആദ്യം ചെയ്യുന്നത്. പിന്നീട് അതിൽ ചിത്രങ്ങൾ വരച്ച് ഉളി ഉപയോഗിച്ച് കൊത്തിയെടുക്കും. തുടർന്ന് മരത്തിന്റെ കറയും കാതലിൽനിന്ന് തയ്യാറാക്കുന്ന പെയിന്റും ഉപയോഗിച്ച് പാവകൾക്ക് നിറം നൽകുന്നു.

tholpavakoothu
വിശ്വനാഥ് പുലവർ കുട്ടികൾക്ക് തോൽപ്പാവക്കൂത്തിനെക്കുറിച്ച് പറഞ്ഞുകൊടുക്കുന്നു

പുതിയതലമുറയ്ക്ക് വിനോദം മാത്രമല്ല


ഇപ്പോഴത്തെ തലമുറ തോൽപ്പാവക്കൂത്തിനെ മൂന്ന് തരത്തിലാണ് കാണുന്നത്. പഠനം,വിനോദം, ആചാരാനുഷ്ഠാനം. പാലക്കാട് ഉള്ളവരാർ ആചാരത്തിന്റെ ഭാഗമാണ് കൂത്ത്. തിരുവനന്തപുരം, കൊല്ലം തുടങ്ങിയ ഭാഗത്തുള്ളവർക്ക് ഇത് വിനോദത്തിന്റേതാണ്. പല എൻജീനയറിംഗ്,​ ആർട്സ് കോളേജുകളിലും കൂത്ത് അവതരിപ്പിക്കാൻ വന്നിട്ടുണ്ട്. പഠനവുമായി ബന്ധപ്പെട്ട് സെമിനാറുകളും മറ്റും നടത്താറുണ്ട്. നിരവധി കുട്ടികളാണ് തോൽപ്പാവക്കൂത്തിന്റെ വർക്ക്ഷോപ്പിൽ പങ്കെടുക്കുന്നത്.

tholpavakoothu

English Summary

Tholpavakoothu, Kerala’s traditional shadow-puppet art, brings stories from the Ramayana to life through leather puppets projected against a white screen. Traditionally performed as a ritual in Bhadrakali temples, especially in Palakkad, Thrissur and Malappuram, the art form is now also being presented on public stages.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: THOLPAVAKOOTHU, KERALA TRADITIONAL ART, SHADOW PUPPETRY, K VISWANATH PULAVAR, VIPIN VISWANATH PULAVAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA