
കണ്ണൂർ: ജന്മനാൽ തുടകൾക്ക് താഴെ കാലുകൾക്ക് വളർച്ചയില്ല. ആ പരിമിതി ജുനൈസ് സത്താറിന് തടസമായില്ല. കണ്ണൂരിൽ നിന്ന് ലഡാക്കിലേക്ക് മുച്ചക്ര വാഹനത്തിൽ പോയി വന്നു. മൊത്തം സഞ്ചരിച്ചത് 9800 കിലോമീറ്റർ. പെട്ടിക്കട നടത്തുന്ന മുപ്പത്തിമൂന്നുകാരന്റെ മനസും ശരീരവും തളരാത്ത ദൃഢനിശ്ചയം. പെട്ടിക്കടയിൽ കഠിനാദ്ധ്വാനം ചെയ്ത് സ്വരൂപിച്ച ഒന്നര ലക്ഷം രൂപയുമായായിരുന്നു യാത്ര.
കണ്ണൂർ മുണ്ടേരി കാനാച്ചേക്കാരൻ ജുനെെസ് കഴിഞ്ഞ ജൂൺ ഒന്നിനാണ് യാത്ര പുറപ്പെട്ടത്. ആഗസ്റ്റ് 16ന് തിരിച്ചെത്തി. മഴയും വെയിലും മഞ്ഞും താണ്ടിയുള്ള യാത്ര. ഒറ്റയ്ക്കുള്ള യാത്രയെ വീട്ടുകാരും സുഹൃത്തുക്കളും എതിർത്തെങ്കിലും ജുനൈസ് പിന്മാറില്ലെന്നായതോടെ ഒപ്പം നിന്നു.
പാക് ഭീകരർ 26 നിരപരാധികളെ നിഷ്കരുണം വധിച്ച പഹൽഗാമിൽ നേരിട്ടെത്തി ആദരാഞ്ജലി അർപ്പിച്ചു. മടക്കയാത്രയിൽ സുവർണക്ഷേത്രവും താജ്മഹലും കണ്ടു. മുച്ചക്രവാഹനം ഹീറോ ഡെസ്റ്റിനി പ്രൈം സ്കൂട്ടർ ജുനൈസിന് കൂട്ടുകാരനെപ്പോലെയാണ്. നീല നിറമായതിൽ നീലോത്തി എന്ന് പേരിട്ടു. എം.പി ഫണ്ടിൽ നിന്നാണ് സ്കൂട്ടർ ലഭിച്ചത്. പരേതനായ സത്താറിന്റെയും അസ്മയുടെയും ഏഴ് മക്കളിൽ ഏറ്റവും ഇളയവനായ ജുനൈസ് അവിവാഹിതനാണ്.
ധാബകളിൽ ഭക്ഷണം
വഴിയരികിലെ ധാബകളിൽ നിന്നായിരുന്നു ഭക്ഷണം. പലരും പണം വാങ്ങിയില്ല. ദിവസം 150- 200 കിലോമീറ്റർ സഞ്ചരിച്ചു. രാത്രിയാത്ര ഒഴിവാക്കി. ചിലയിടങ്ങളിൽ ടെന്റ് കെട്ടി അന്തിയുറങ്ങി. പെട്രോൾ പമ്പുകളും ആരാധനാലയങ്ങളും ആശ്രയമായി.
ജീവിതം പരിമിതികളിൽ തളരാനുള്ളതല്ലെന്ന് തിരിച്ചറിഞ്ഞു. ഇനി കേരളം മൊത്തമായി കണ്ടറിയണം
-ജുനെെസ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |