
കോഴിക്കോട് : നഗരത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനകളിൽ, ഹോട്ടലുകളിലും ബേക്കറികളിലും കണ്ടെത്തിയത് ഗുരുതര സുരക്ഷാ വീഴ്ചകൾ. കഴിഞ്ഞ മൂന്നു മാസങ്ങളിലായി 16 ലക്ഷം രൂപയാണ് വിവിധ സ്ഥാപനങ്ങൾക്കായി പിഴ ചുമത്തിയിട്ടുള്ളത്. ഹോട്ടലുകൾ, തട്ടുകടകൾ, മറ്റ് ഭക്ഷണശാലകൾ എന്നിവിടങ്ങളിൽ ഭക്ഷണം പാകം ചെയ്യുന്നവരും വിതരണം ചെയ്യുന്നവരും നിർബന്ധമായും ഗ്ലൗസ്, ഹെയർ ക്യാപ് എന്നിവ ധരിക്കണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കർശന നിർദ്ദേശം നിലനിൽക്കെയാണ് ഇതൊന്നും പാലിക്കാത്ത നിരവധി സ്ഥാപനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചത്. കൈകളിലെയും നഖങ്ങൾക്കിടയിലെയും അഴുക്കും രോഗാണുക്കളും ഭക്ഷണത്തിൽ കലരുന്നതിലൂടെ ഇ-കോളി, സാൽമൊണല്ല തുടങ്ങിയ ബാക്ടീരിയകൾ ശരീരത്തിലെത്തി ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നു. ഇതിന് പുറമെ ദിവസങ്ങളോളം പഴകിയ ഭക്ഷണം സൂക്ഷിക്കൽ, മലിനജലം ഒഴുകുന്ന സ്ഥലങ്ങളിൽ ഭക്ഷണം വിൽക്കൽ, വൃത്തിഹീനമായ പാത്രങ്ങളിലും ദ്രവിച്ച ഉപകരണങ്ങളിലും ഭക്ഷണം തയ്യാറാക്കൽ തുടങ്ങിയ നിയമലംഘനങ്ങളും പരിശോധനയിൽ കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് മലബാർ ക്രിസ്ത്യൻ കോളജിന് സമീപത്തെ ബട്ടർ ഹോംസ് സ്ഥാപനത്തിൽ നടത്തിയ പരിശോധനയിൽ ദിവസങ്ങളോളം പഴക്കമുള്ള ഭക്ഷ്യവസ്തുക്കൾ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയത്. പഴകിയ കറികൾ, മസാലകൾ, മസാലക്കൂട്ടുകൾ, പഴങ്ങൾ, പച്ചക്കറികൾ, റൊട്ടി, ചപ്പാത്തി തുടങ്ങിയവയാണ് സൂക്ഷിച്ചിരുന്നത്. ബീച്ചിലെ ഫുഡ് സ്ട്രീറ്റിൽ നടത്തിയ പരിശോധനയിലും സമാന വീഴ്ചയാണ് കണ്ടെത്തിയത്. തികച്ചും വൃത്തിഹീനമായി പ്രവർത്തിച്ച ഒരു കട പൂട്ടിയിടാൻ ഉത്തരവിടുകയും ആറ് കടകൾക്ക് നോട്ടീസ് നൽകുകയും ചെയ്തു.
പിഴയും നിയമനടപടികളും
ഗുണനിലവാരമില്ലാത്ത ഭക്ഷണം നൽകുക:
1 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെ പിഴ
ഭക്ഷ്യവിഷബാധയോ മരണമോ ഉണ്ടായാൽ:
6 മാസം മുതൽ ജീവപര്യന്തം വരെ തടവുശിക്ഷയും, 1 ലക്ഷം മുതൽ 10 ലക്ഷം രൂപ വരെ പിഴയും
തെറ്റായ വിവരങ്ങൾ നൽകിയാൽ:
3 ലക്ഷം വരെ പിഴ
ലൈസൻസ് പുതുക്കാൻ വൈകിയാൽ,കാലാവധി കഴിഞ്ഞാൽ:
പ്രതിദിനം 100 വീതം ലേറ്റ് ഫീ.
ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാതെ ഭക്ഷ്യസംരംഭം നടത്തുക :
6 മാസം തടവോ 5 ലക്ഷം പിഴയോ ഇവ രണ്ടും കൂടിയോ
വ്യാജ ലേബലുകൾ ഒട്ടിച്ച ഭക്ഷ്യവസ്തുക്കൾ:
3 ലക്ഷം പിഴ
തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങൾ :
10 ലക്ഷം പിഴ
അനാരോഗ്യകരമായ സാഹചര്യങ്ങളിലെ പാചകം :
1 ലക്ഷം പിഴ
ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കൽ :
1 ലക്ഷം പിഴ
മായം ചേർക്കൽ:
6 മാസം തടവും 1 ലക്ഷം പിഴയും.
( വിളിക്കാം, ടോൾ ഫ്രീ നമ്പറിലേക്ക് :1800 425 1125 )
"ഓപ്പറേഷൻ തെളിമ'യുടെ ഭാഗമായാണ് പരിശോധന നടക്കുന്നത്. ദിവസേന ഭക്ഷ്യസുരക്ഷ വകുപ്പിന്റെ 6 വണ്ടികൾ ഇത്തരത്തിൽ നിയമലംഘനങ്ങൾ പരിശോധിക്കാനായി സജ്ജമാണ്. പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണിയാകുന്ന രീതിയിൽ പ്രവർത്തിക്കുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കും. "
-ബിബി തോമസ്
ഫുഡ് സേഫ്റ്റി ഓഫീസർ,കോഴിക്കോട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |