SignIn
Kerala Kaumudi Online
Thursday, 08 October 2026 1.40 AM IST

തദ്ദേശ വകുപ്പിൽ ഐ.എ.എസ് പോര് ഒരേ ലക്ഷ്യവുമായി രണ്ട് പദ്ധതികൾ

i

തിരുവനന്തപുരം: മാലിന്യ സംസ്കരണ പദ്ധതിയുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പിൽ ഐ.എ.എസ് ഉദ്യോഗസ്ഥരായ ടി.വി. അനുപമയും ദിവ്യ എസ്.അയ്യരും തമ്മിൽ പോര്. തദ്ദേശ വകുപ്പിന്റേതായി ഒരേ ലക്ഷ്യത്തിലുള്ള രണ്ട് പദ്ധതികളാണ് ഇരുവരും പ്രത്യേകം തയ്യാറാക്കിയത്. വകുപ്പ് സെക്രട്ടറിയായ ടി.വി. അനുപമ തയ്യാറാക്കിയ 'നിർമ്മലം ശുചിത്വ ക്യാമ്പയിൻ' പദ്ധതിക്ക് ബദലായി വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ദിവ്യ എസ്. അയ്യർ 'ഐ.സി 100 ചലഞ്ച്' എന്ന മറ്റൊരു പദ്ധതി തയ്യാറാക്കുകയായിരുന്നു.

പരിസര ശുചിത്വ ക്യാമ്പയിനാണ് ഇരു പദ്ധതികളുടേയും ലക്ഷ്യം. സെപ്തംബർ 30ന് നിർമ്മലം പദ്ധതിയുടെ ഉത്തരവ് അനുപമ പുറത്തിറക്കി. തൊട്ടടുത്ത ദിവസം 'ഐ.സി 100' പദ്ധതിയുടെ ഉത്തരവ് ദിവ്യ എസ്. അയ്യരും പുറപ്പെടുവിച്ചു. നിർമ്മലം പദ്ധതിയിൽ പ്രിൻസിപ്പൽ ഡയറക്ടർ എന്ന നിലയിൽ തനിക്ക് റോളൊന്നും ഇല്ലെന്ന് കണ്ടാണ് ദിവ്യ എസ്.അയ്യർ മറ്റൊരു പദ്ധതി തയ്യാറാക്കിയതെന്നാണ് സൂചന.

ഇതുസംബന്ധിച്ച പരാതി ദിവ്യ തദ്ദേശ മന്ത്രി കെ.എം. ഷാജിയെ അറിയിക്കുകയും ചെയ്തു. അതേസമയം, ഒരേ ലക്ഷ്യത്തോടെയുള്ള രണ്ട് പദ്ധതികൾ പ്രഖ്യാപിക്കപ്പെട്ടതോടെ തദ്ദേശ സ്ഥാപനങ്ങൾ ആശയക്കുഴപ്പത്തിലായി. രണ്ടു പദ്ധതികൾക്കുമായി പണം പങ്കിടേണ്ടി വരും. ജീവനക്കാരേയും പ്രത്യേകം നിയോഗിക്കണം. ആശയക്കുഴപ്പം പരിഹരിക്കാൻ വകുപ്പു മന്ത്രി ഇടപെടുമെന്നാണ് ജീവനക്കാരുടെ പ്രതീക്ഷ. 2031ൽ ലക്ഷ്യം നേടുന്ന പദ്ധതിയാണ് നിർമ്മലമെങ്കിൽ ഐ കെയർ,ഐ ക്ളീൻ എന്ന 100 ദിവസത്തെ പ്രത്യേക പരിപാടിയാണ് 'ഐ.സി. 100 ചലഞ്ച്'.

ഉദ്ഘാടനം ഒരേ ദിവസം;

ഉദ്ഘാടകൻ മുഖ്യമന്ത്രി

രണ്ടു പദ്ധതികളുടേയും ഉദ്ഘാടനം നടന്നത് ഒക്ടോബർ രണ്ടിന് ഗാന്ധി ജയന്തി ദിനത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ മണ്ഡലമായ പറവൂരിൽ നടന്ന ഒരേ ചടങ്ങിൽ. ഉദ്ഘാടനം ചെയ്തത് മുഖ്യമന്ത്രിയും. മന്ത്രി കെ.എം. ഷാജിയും പങ്കെടുത്തു. ഐ.സി 100 ചലഞ്ചിന്റെ ലോഗോ പ്രകാശനമാണ് നിർമ്മലം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങിൽ നടത്തിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IAS OFFICERS CLASH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA