
കൊച്ചി: വസ്ത്രധാരണം വ്യക്തിപരമായ കാര്യമാണെന്നും, നിയമ പിൻബലമില്ലാതെ ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ നൽകാൻ മറ്റൊരാൾക്കോ സമൂഹത്തിനോ അവകാശമില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കൊട്ടാരക്കര ഈശ്വരവിലാസം ഹൈസ്‌കൂൾ പ്രധാനാദ്ധ്യാപിക സിന്ധു എസ്. നായർ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഉത്തരവ്.
ഫെബ്രുവരി മൂന്നിന് സ്‌കൂളിൽ ചുരിദാർ ധരിച്ചുവന്ന തന്നോട് ഇനി മുതൽ സാരിയുടുത്ത് വരണമെന്നു ഭീഷണിപ്പെടുത്തിയെന്നും, ഇല്ലെങ്കിൽ തടയാൻ സെക്യൂരിറ്റി ജീവനക്കാരനോട് നിർദ്ദേശം നൽകിയെന്നും ഹർജിയിൽ പറയുന്നു. പിറ്റേന്ന് ഗേറ്റിൽ തടഞ്ഞു. പൊലീസ് ഇടപെടലിനെ തുടർന്നാണ് സ്‌കൂളിൽ പ്രവേശിക്കാനായത്. മാനേജർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു.
ജോലിയിലെ വീഴ്ച മറയ്‌ക്കാനുള്ള തെറ്റായ ആരോപണമാണിതെന്നായിരുന്നു മാനേജരുടെ വാദം.ചുരിദാർ ധരിക്കുന്നത് അദ്ധ്യാപികയുടെ കഴിവിനെയോ ഔദ്യോഗിക പദവിയെയോ ബാധിക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ പ്രകാരം ചുരിദാർ ധരിക്കാൻ അനുവാദമുണ്ട്.. മറ്റൊരാൾക്ക് ഇഷ്ടപ്പെട്ട രീതിയിലുള്ള വസ്ത്രധാരണം സ്വീകരിക്കുന്നതിനെ ആശ്രയിച്ചല്ല ഭരണഘടന സ്ത്രീയുടെ അന്തസ് നിശ്ചയിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.സംഭവത്തിനു ശേഷം ജില്ലാ വിദ്യാഭ്യാസ ഓഫീസർ സ്‌കൂളിലെത്തി അന്വേഷണം നടത്തി ഡെപ്യൂട്ടി ഡയറക്ടർക്ക് പ്രാഥമിക റിപ്പോർട്ട് നൽകിയതായി സർക്കാർ അഭിഭാഷകൻ അറിയിച്ചു. മാനേജരെ അയോഗ്യനാക്കണമെന്ന ആവശ്യത്തിൽ മതിയായ കാരണങ്ങളുണ്ടെങ്കിൽ ബന്ധപ്പെട്ട അതോറിറ്റിക്ക് തീരുമാനമെടുക്കാമെന്ന് കോടതി പറഞ്ഞു
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |