കണ്ണൂർ: നഗരങ്ങൾ ഉണരും മുൻപേ ജില്ലയിലെ പച്ചക്കറി മാർക്കറ്റുകളിൽ ലോഡുകൾ ഇറങ്ങിത്തുടങ്ങും. കർണാടകയിൽനിന്നും തമിഴ്നാട്ടിൽനിന്നുമെത്തുന്ന തക്കാളിയും ബീൻസും കാരറ്റും കാബേജും മുളകും ഇലവർഗങ്ങളും പഴങ്ങളുമൊക്കെ. എന്നാൽ തീൻമേശയിലെത്തും മുൻപ് ഇവയുടെ ഭക്ഷ്യയോഗ്യതയും വിഷാംശസാന്നിദ്ധ്യവും പരിശോധിക്കാൻ മതിയായ സംവിധാനമില്ലാത്തത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവയ്ക്കുമെന്നാണ് ആശങ്ക.
ജില്ലയുടെ കിഴക്കൻ അതിർത്തിയായ ഇരിട്ടി കൂട്ടുപുഴ വഴിയാണ് കർണാടകയിൽനിന്നുള്ള ചരക്കിൽ വലിയൊരു പങ്കും വരുന്നത്. ഇവ കണ്ണൂർ, തലശ്ശേരി, തളിപ്പറമ്പ്, പയ്യന്നൂർ ഉൾപ്പെടെയുള്ള മാർക്കറ്റുകളിലേക്കും അവിടെനിന്ന് ചെറുകിട കടകളിലേക്കും എത്തുന്നു.
നേരത്തെ ഉണ്ടായിരുന്ന പരിശോധനാസംവിധാനങ്ങൾ ശുഷ്‌കമായെന്നാണ് വ്യാപാരികളും ഉപഭോക്താക്കളും ചൂണ്ടിക്കാട്ടുന്നത്. പച്ചക്കറി കൃഷിയിൽ കീടനാശിനികളും മറ്റ് രാസവസ്തുക്കളും ഉപയോഗിക്കുന്നതിനാൽ അവയുടെ അവശിഷ്ടം വിളകളിൽ നിലനിൽക്കാനുള്ള സാദ്ധ്യതയുണ്ട്. പരിശോധന ദുർബലമായാൽ ഗുണനിലവാരവും ഭക്ഷ്യസുരക്ഷയും ഉറപ്പാക്കാത്ത ഉത്പന്നങ്ങൾ ഉപഭോക്താക്കളിലെത്താനുള്ള സാദ്ധ്യത വർദ്ധിക്കുമെന്നാണ് വിലയിരുത്തൽ.
ഭക്ഷ്യസുരക്ഷാമാനദണ്ഡ നിയമം (2006) പ്രകാരം ഭക്ഷ്യവസ്തുക്കളിലെ കീടനാശിനി അവശിഷ്ടത്തിന് പരമാവധി പരിധി (എം.ആർ.എൽ) നിശ്ചയിച്ചിട്ടുണ്ട്. ഇതു നടപ്പാക്കേണ്ട ചുമതല ഭക്ഷ്യസുരക്ഷാ വകുപ്പിനാണ്. ജില്ലാതലത്തിൽ ഭക്ഷ്യസുരക്ഷാ ഓഫീസർമാർ സാമ്പിൾ ശേഖരിച്ച് അംഗീകൃത ലാബുകളിലേക്ക് അയയ്ക്കുകയാണ് പതിവ്. ഇത്തരം പരിശോധനകളിൽ പുറത്തുനിന്നെത്തുന്ന ചില ഇലവർഗങ്ങളിലും മുളക്, കാപ്സിക്കം പോലുള്ള ഇനങ്ങളിലും അനുവദനീയ പരിധിക്കപ്പുറം അവശിഷ്ടം കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ ലാബ് ഫലം വൈകുന്നതാണ് പരിശോധനകൾ മുടങ്ങാൻ കാരണം. ഫലം വരുമ്പോഴേക്കും ഉത്പന്നം വിറ്റഴിഞ്ഞിട്ടുണ്ടാകും. അതിർത്തിയിൽ തന്നെ വേഗത്തിൽ പരിശോധന നടത്താനുള്ള സൗകര്യമാണ് ഇതിനു പരിഹാരമായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
1. കൂട്ടുപുഴ ഉൾപ്പെടെയുള്ള അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ ദ്രുതപരിശോധനാ സംവിധാനം ഒരുക്കണം
2. കണ്ണൂർ ഉൾപ്പെടെയുള്ള പ്രധാന മാർക്കറ്റുകളിൽ വേണം പതിവ് സാമ്പിൾ ശേഖരണവും ലാബ് പരിശോധനയും
3. വിഷാംശം കണ്ടെത്തിയാൽ ഉത്പന്നം പിൻവലിക്കണം, വിതരണക്കാർക്കെതിരെ നടപടിയെടുക്കണം.
4. പരിശോധനാ ഫലങ്ങൾ യഥാസമയം പൊതുജനങ്ങൾക്ക് ലഭ്യമാക്കണം
അന്യസംസ്ഥാനത്തെ ആശ്രയിക്കുന്നതു കുറയ്ക്കാൻ ജൈവപച്ചക്കറി കൃഷി പ്രോത്സാഹിപ്പിക്കണമെന്ന ആവശ്യമുയരുന്നുണ്ട്. ഈ രംഗത്ത് ജില്ലയിലെ പ്രധാന ശക്തി കുടുംബശ്രീയുടെ ജെ.എൽ.ജി (സംയുക്ത ബാധ്യതാ ഗ്രൂപ്പ്) കൂട്ടായ്മകളാണ്.
2024-25 കണക്കുകൾ പ്രകാരം കണ്ണൂർ ജില്ലയിൽ 6,098 ജെ.എൽ.ജികളിലായി 30,015 വനിതാ കർഷകരുണ്ട്. ഇതിൽ 748 ഗ്രൂപ്പുകൾ പച്ചക്കറി കൃഷിയിലാണ്, ഏകദേശം 156 ഹെക്ടറിൽ. നെല്ല്, കിഴങ്ങുവർഗം, പൂക്കൃഷി ഉൾപ്പെടെ ആകെ കൃഷിവിസ്തൃതി ഏകദേശം 435 ഹെക്ടറാണ്. തൊട്ടുമുൻപത്തെ വർഷത്തെ കണക്കിൽ പച്ചക്കറി കൃഷി ചെയ്തിരുന്നത് 465 ഗ്രൂപ്പുകളും ഏകദേശം 154 ഹെക്ടറുമായിരുന്നു. ഒരു വർഷത്തിനിടെ പച്ചക്കറി കൃഷിയിലിറങ്ങിയ ഗ്രൂപ്പുകളുടെ എണ്ണം ഗണ്യമായി കൂടിയെങ്കിലും വിസ്തൃതി ഏറെക്കുറെ പഴയതുപോലെ തുടരുകയാണ്.
Kannur district faces significant health concerns due to insufficient testing of vegetables and fruits imported from other states for pesticide residues. Weak inspection systems and delayed lab results mean potentially contaminated produce reaches consumers. Calls are mounting for rapid testing at border checkpoints and regular market sampling to enhance food safety.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |