
തിരുവനന്തപുരം: പ്ലാനിംഗ് ബോർഡ് പരീക്ഷാത്തട്ടിപ്പിന്റെ അതേ രീതിയിൽ മറ്റ് മൂന്ന് പരീക്ഷകളിലും വേണ്ടപ്പെട്ടവർക്കായി പി.എസ്.സി ഒത്തുകളിച്ചു. അഭിമുഖത്തിൽ വാരിക്കോരി മാർക്ക് നൽകി. 10 ചോദ്യങ്ങൾക്ക് വരെ മൂല്യനിർണയവും നടത്തിയില്ല.
ഐ.ജി അജീതാബീഗത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഞെട്ടിക്കുന്ന കൂടുതൽ തട്ടിപ്പുകൾ കണ്ടെത്തിയത്. ചൊവ്വാഴ്ചയോടെ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയ്യും. പ്ലാനിംഗ് ബോർഡ് നിയമനത്തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന പി.എസ്.സിയുടെ ഹർജിയിൽ അന്നാണ് ഹൈക്കോടതി വിധി പറയുക.
പുറത്തുവന്നതിലും ഗുരുതരമായ ക്രമക്കേടുകളാണ് പുതിയ കേസുകളിലെന്ന് എസ്.ഐ.ടി വ്യക്തമാക്കി. ചെറിയ പരീക്ഷകളായിരുന്നു മൂന്നും. വ്യക്തമായ തെളിവുകൾ എസ്.ഐ.ടിക്ക് ലഭിച്ചിട്ടുണ്ട്. പരാതിക്കാരുടെ വിശദമായ മൊഴിയെടുത്തു. ക്രമക്കേടുകൾക്ക് പിന്നിൽ രാഷ്ട്രീയ ഇടപെടലുണ്ട്.
നന്നായി പരീക്ഷയെഴുതിയിട്ടും റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാതെ പോയ ഉദ്യോഗാർത്ഥികൾ വിവരാവകാശ നിയമപ്രകാരം പി.എസ്.സിയോട് കാര്യം തിരക്കിയിരുന്നു. പക്ഷേ, പരസ്പരവിരുദ്ധവും തൃപ്തികരമല്ലാത്തതുമായ മറുപടിയാണ് നൽകിയത്. ഇതിന്റെ ചുവടുപിടിച്ചായിരുന്നു എസ്.ഐ.ടിയുടെ അന്വേഷണം. മൂന്ന് പരീക്ഷകളുടെയും നിയമനങ്ങളുടെയും ഡിജിറ്റൽ തെളിവുകളും ഫയലുകളിലെ വിവരങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. അഭിമുഖം നടത്തിയ പി.എസ്.സി അംഗങ്ങൾക്കും കുരുക്കാവും.
അംഗങ്ങളുടെ തരികിട
അഭിമുഖം കഴിയാതെ എഴുത്തു പരീക്ഷയുടെ മാർക്ക് പ്രസിദ്ധീകരിക്കരുതെന്നാണ് പി.എസ്.സി ചട്ടം. എന്നാൽ, പല പരീക്ഷകളുടെയും മാർക്ക് ഉദ്യോഗസ്ഥരെ സ്വാധീനിച്ച് പി.എസ്.സി അംഗങ്ങൾ മുൻകൂട്ടി ശേഖരിച്ചു. വേണ്ടപ്പെട്ടവർക്ക് അഭിമുഖങ്ങളിൽ കൂടുതൽ മാർക്ക് നൽകാൻ ഇത് വഴിയൊരുക്കി. അവർ ഉയർന്ന റാങ്കിലുമെത്തി.
കെ.എ.എസിൽ
തെളിവ് കിട്ടി
1 കെ.എ.എസ് രണ്ടാം ബാച്ച് നിയമനത്തിൽ ക്രമക്കേടെന്ന പരാതിയിൽ എസ്.ഐ.ടി തെളിവുകൾ ശേഖരിച്ചു. അതും കേസാവാനാണ് സാദ്ധ്യത
2 ചോദ്യം തയ്യാറാക്കിയതിലും മൂല്യനിർണയത്തിലും അഭിമുഖത്തിലും രാഷ്ട്രീയ ഇടപെടലെന്നാണ് പരാതി. യോഗ്യത കുറഞ്ഞവരെ അഭിമുഖത്തിന് നിയോഗിച്ചു
3 ഡി.വൈ.എഫ്.ഐ നേതാവും മെഡിക്കൽ കോളേജിലെ ബ്ലഡ് ബാങ്ക് ടെക്നിഷ്യനായിരുന്ന കമ്മിഷനംഗവും അഭിമുഖ സമിതിയിലുൾപ്പെട്ടു
4 അഭിമുഖത്തിൽ ചില ഉദ്യോഗാർത്ഥികൾക്കു മാർക്ക് കൂട്ടിനൽകാൻ ആവശ്യപ്പെട്ടതിനെ സർക്കാർ പ്രതിനിധിയായ ഉന്നതോദ്യോഗസ്ഥ എതിർത്തിരുന്നു
ജീവപര്യന്തം
കിട്ടാവുന്ന കുറ്റം
വിശ്വാസവഞ്ചനയ്ക്കുള്ള ബി.എൻ.എസ് 316(5) വകുപ്പനുസരിച്ച് ഉദ്യോഗസ്ഥർക്ക് ജീവപര്യന്തം തടവുശിക്ഷവരെയോ 10വർഷം തടവും പിഴയുമോ കിട്ടാം. വാറണ്ടില്ലാതെ പ്രതിയെ അറസ്റ്റ് ചെയ്യാം. ജാമ്യമില്ലാ വകുപ്പായതിനാൽ സ്റ്റേഷൻ ജാമ്യം ലഭിക്കില്ല.
ചെറിയ പരീക്ഷകളിലാണ് അതീവഗുരുതര ക്രമക്കേട്. പ്രാഥമിക തെളിവുകൾ ശേഖരിച്ചു. പി.എസ്.സിയുടെ മറുപടി തൃപ്തികരമല്ല
- പ്രത്യേക അന്വേഷണ സംഘം
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |