
കാസർകോട്: പത്മനാഭ സ്വാമി ക്ഷേത്ര ദർശനത്തിനെത്തിയതാണ് കാസർകോട് ചെറുവത്തൂർ കയ്യൂർ ഇരിയലിലെ റിട്ട.അദ്ധ്യാപകൻ കെ.വാസുദേവ കോണുരായർ കുടുംബസമേതം. ബന്ധുവിന്റെ കല്യാണവും കൂടണം. പക്ഷേ ഹോട്ടലുകാര് പറ്റിച്ചു. മൂട്ട വിളയാട്ടത്തിൽ കുടുംബം മൊത്തം ആശുപത്രിയിൽ. കല്യാണവും ക്ഷേത്രദർശനവും തഥൈവ. പക്ഷേ തോറ്റു കൊടുക്കാൻ തയ്യാറായില്ല. നാട്ടിലെത്തി മൂന്നര ലക്ഷം രൂപ നഷ്ടപരിഹാരത്തിന് ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനിൽ പരാതിപ്പെട്ടു. ഇപ്പോഴിതാ കുടുംബത്തിന് 30,000 രൂപ നൽകാൻ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ വിധിച്ചിരിക്കുന്നു. 15,000 രൂപ നഷ്ടപരിഹാരം, 10,000 രൂപ ചികിത്സാച്ചെലവ്, 5,000 രൂപ കോടതിച്ചെലവടക്കമാണ് കമ്മിഷൻ പ്രസിഡന്റ് കെ.കൃഷ്ണൻ, അംഗം കെ. ജി.ബീന എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചത്.
2024 ആഗസ്റ്റ് 26നായിരുന്നു സംഭവം. വാസുദേവയും ഭാര്യയും മകളും മകളുടെ രണ്ടു കുട്ടികളും അടങ്ങുന്ന കുടുംബം പദ്‌മനാഭ സ്വാമിക്ഷേത്രത്തിന് സമീപമുള്ള 'രൂപ്‌മഹൽ' ഹോട്ടലിൽ 3,500 രൂപയുടെ എസി ഡബിൾ മുറിയാണെടുത്തത്. കിടക്കയിൽ മൂട്ടയുടെ അയ്യരുകളി. കുട്ടികൾക്കുൾപ്പെടെ ശരീരത്തിൽ പല ഭാഗത്തും ചുവന്നുതുടുത്തു. അസഹനീയമായ ചൊറിച്ചിലും. ഹോട്ടലുകാരെ അറിയിച്ചപ്പോൾ കൊതുകാണെന്ന് പറഞ്ഞു. ഒരുവിധം നേരം വെളുപ്പിച്ചു. തുടർന്ന് ചികിത്സ തേടി. കേസ് തിരുവനന്തപുരത്തെ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ പരിധിയിലേക്ക് മാറ്റണമെന്ന് ഹോട്ടൽ അധികൃതർ ആവശ്യപ്പെട്ടെങ്കിലും അംഗീകരിച്ചില്ല. ഒരു മാസത്തിനുള്ളിൽ തുക നൽകണമെന്നാണ് വിധി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |