
കൊച്ചി: എസ്തപ്പാനോസിന് നാളെ 111 വയസാകും. വേട്ടാമ്പാറയിലെ കർഷക കുടുംബത്തിൽ 1091 മിഥുനം 20നായിരുന്നു ജനനം. കോതമംഗലം വേട്ടാമ്പാറ അതിരംപുഴയിൽ എ.എ.എസ്തപ്പാനോസ് എന്ന ഈ മുതുമുത്തച്ഛന് ഇപ്പോഴും ഒറ്റ ആഗ്രഹമേയുള്ളൂ. പറമ്പിലിറങ്ങി കൃഷിവേലകൾ ചെയ്യണം. പരിസരം വൃത്തിയാക്കണം. അതാണ് ആനന്ദം. അതുതന്നെയാണ് ആരോഗ്യത്തിന്റെയും ദീർഘായുസിന്റെ രഹസ്യവും.
രണ്ടുവർഷം മുമ്പ് വീടിനുള്ളിൽ തെന്നിവീണതിനാൽ നടക്കാൻ അല്പം പ്രയാസമുണ്ട്. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം തുടങ്ങിയ പ്രശ്നങ്ങളൊന്നുമില്ല. ഇതുവരെ ഒരു മരുന്നും കഴിച്ചിട്ടുമില്ല.
10 മക്കളും 12 കൊച്ചുമക്കളും അവരുടെ 7 മക്കളുമുൾപ്പെടെ വലിയൊരു തറവാടിന്റെ കാരണവരാണ് ഇന്ന് എസ്തപ്പാനോസ്. ഇളയമകൻ തങ്കച്ചനൊപ്പം മൂവാറ്റുപുഴ മേക്കടമ്പിലാണ് താമസം. തങ്കച്ചന് പൈനാപ്പിൾ കൃഷിയാണ്. അവിടെയും എസ്തപ്പാനോസിന്റെ മേൽനോട്ടമുണ്ടാകുമായിരുന്നു. കാൽതെന്നി വീഴുന്നതിനു തലേന്നുവരെ 3300 ചതുരശ്ര അടി വലിപ്പമുള്ള വീട്ടുമുറ്റം ഭംഗിയായി അടിച്ചുവാരിയിരുന്നു.
പ്രാതൽ കപ്പയും കട്ടൻ ചായയും
ഉണക്ക കപ്പയും കട്ടൻ ചായയുമായിരുന്നു അടുത്തകാലം വരെ പ്രാതൽ. ഇപ്പോഴത്തെ മെനുവിൽ പുഴുങ്ങിയ രണ്ട് ഏത്തപ്പഴമാണ്. ഉച്ചയ്ക്കും വൈകിട്ടും സാധാരണ ഭക്ഷണം.
നാലാം ക്ലാസ് വരെ പഠിച്ചു. ചെറുപ്പം മുതൽ നെൽകൃഷിക്കായി കാളയെ പൂട്ടുന്നതും റബർ വെട്ടുന്നതുമുൾപ്പെടെ എല്ലാ ജോലികളും ചെയ്തിരുന്നു. രണ്ട് ഭാര്യമാരിലായാണ് 10 മക്കൾ. ആദ്യഭാര്യ എലമ്മയുടെ മരണശേഷം മറിയാമ്മയെ വിവാഹം കഴിച്ചു. 2013ൽ മറിയാമ്മയും വിടപറഞ്ഞു. ജീവിച്ചിരിക്കുന്ന മക്കളിൽ മൂത്തയാൾ എബ്രഹാമിന് 82 വയസായി. ഇളയമകൻ തങ്കച്ചന് 58.
അന്തിയോളം പാടത്ത്
പുലർച്ചെ 4 മുതൽ അന്തിയോളം പാടത്തും പറമ്പിലും പണിയെടുത്തിരുന്നു. തമരുകൊണ്ട് കരിങ്കൽ അടിച്ചുപൊട്ടിക്കൽ തുടങ്ങി കായികാദ്ധ്വാനം ഏറെയുള്ള ജോലികളും ചെയ്തിരുന്നു. അതുകൊണ്ടാവാം ജീവിതശൈലീരോഗങ്ങൾ പോലും വരാതിരുന്നതെന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |