SignIn
Kerala Kaumudi Online
Sunday, 14 June 2026 3.53 AM IST

ചാലിയാറിന്റെ തീരത്ത് നിന്ന് രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി; തെരച്ചിൽ തുടരുന്നു

READ ENGLISH VERSION
wayanad-

മേപ്പാടി: വയനാട്ടിലെ മുണ്ടക്കെെ - ചൂരൽമല ഉരുൾപൊട്ടലിൽ കാണാതായവർക്കായുള്ള തെരച്ചിലിനിടെ ചാലിയാറിന്റെ തീരത്ത് നിന്ന് രണ്ട് ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. മുണ്ടേരി ഇരുട്ടുകുത്തിയിൽ നിന്നും ചാലിയാർ കൊട്ടുപാറ കടവിൽ നിന്നുമാണ് ശരീരഭാഗങ്ങൾ കണ്ടെത്തിയത്. സൂചിപ്പാറ മേഖലയിൽ അടക്കം ഇന്ന് തെരച്ചിൽ തുടരുകയാണ്.

ഏഴ് സംഘങ്ങളായാണ് കലക്കൻ പുഴ മുതൽ സൂചിപ്പാറ മൂന്നാം വെള്ളച്ചാട്ടം വരെ തെരച്ചിൽ നടത്തുന്നത്. ഫയർഫോഴ്സ്, എൻഡിആർഎഫ്, ഫോറസ്റ്റ്, സന്നദ്ധപ്രവർത്തകർ ഉൾപ്പെടെയുള്ളവർ വിവിധയിടങ്ങളിലെ തെരച്ചിലിന്റെ ഭാഗമാകുന്നുണ്ട്. ദുഷ്‌കരമായ ഇടങ്ങളിൽ സർക്കാർ ഏജൻസികളും ബാക്കിയുള്ള സ്ഥലത്ത് സന്നദ്ധപ്രവർത്തകരുമാണ് തെരച്ചിൽ നടത്തുന്നത്.

തിരിച്ചറിയാത്ത മൃതദേഹങ്ങളുടെയും ശരീരഭാഗങ്ങളുടെയും ഡി എൻ എ പരിശോധന ഫലം ഇന്നുമുതൽ പുറത്തുവിട്ടുതുടങ്ങും. ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന തൊണ്ണൂറ് ശതമാനത്തോളം പേരുടെ സാമ്പിളുകൾ നേരത്തെ ശേഖരിച്ചിരുന്നു. ഇവ ഒത്തുനോക്കിയായിരിക്കും മരിച്ചയാളെ തിരിച്ചറിയുക.

അതേസമയം, ഇന്നലെ കാന്തൻപാറ സൂചിപ്പാറ വെളളച്ചാട്ടങ്ങൾക്കിടയിൽ നിന്ന് കണ്ടെത്തിയ മൂന്ന് ശരീരഭാഗങ്ങൾ കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് എയർലിഫ്റ്റ് ചെയ്യാനായിരുന്നില്ല. ഒടുവിൽ സന്നദ്ധ പ്രവർത്തകർ ചുമന്ന് മൂന്ന് ശരീര ഭാഗങ്ങളും മേപ്പാടിയിലെത്തിച്ചു. ഇവ പോസ്റ്റ്‌മോർട്ടത്തിന് അയച്ചിട്ടുണ്ട്. അട്ടമലയിൽ നിന്ന് ലഭിച്ച എല്ലിൻ കഷ്ണം മനുഷ്യന്റേതാണോയെന്ന് സ്ഥിരീകരിക്കാനും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ദുരന്തനിവാരണ അതോറിറ്റി നിയോഗിച്ച വിദഗ്ദ്ധ സംഘം ഉരുൾപൊട്ടൽ മേഖലയിൽ വിശദമായ പരിശോധന നടത്താനും ഈ പ്രദേശങ്ങൾ ജനവാസയോഗ്യമാണോയെന്നതിൽ ശുപാർശ നൽകാനും അടുത്തയാഴ്ച സ്ഥലം സന്ദർശിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: WAYANAD, LANDSLIDE, CHALIYAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA