SignIn
Kerala Kaumudi Online
Saturday, 18 July 2026 2.25 AM IST

അമിക്കസ് ക്യൂറി റിപ്പോ‌ർട്ട് കള്ളാടി ദുരന്തത്തിന് ഉത്തരവാദി ദുരന്തനിവാരണ അതോറിട്ടി

kalladi-landslide

കൊച്ചി: ഏഴ് പേരുടെ ജീവനെടുത്ത വയനാട് കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിന് പ്രധാനകാരണം സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയുടെ അനാസ്ഥയാണെന്ന് അമിക്കസ് ക്യൂറി. ഗുരുതര കറ്റകൃത്യത്തിനെതിരെ പൊലീസ് അന്വേഷണം വേണമെന്നും അഡ്വ. രഞ്ജിത് തമ്പാൻ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.

പാലത്തിനടുത്ത് കൂട്ടിയിട്ടിരുന്ന മണ്ണ് നീക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിട്ടി അഞ്ചുതവണ ആവശ്യപ്പെട്ടിട്ടും സംസ്ഥാന അതോറിട്ടി തയ്യാറായില്ല. പരിസ്ഥിതി അനുമതി ഉണ്ടെന്നു പറഞ്ഞ് ഫയൽമടക്കി. ദുരന്തസാദ്ധ്യതയുള്ള ഏത് നിർമ്മാണവും പരിശോധിക്കാൻ അധികാരമുണ്ടെന്നിരിക്കെയാണ് ഒഴിഞ്ഞുമാറിയത്. മനുഷ്യനിർമ്മിതമായ ഒരുലക്ഷം ക്യുബിക് മീറ്റർ മൺകൂനയാണ് തകർന്നു വീണത്.

സ്വതന്ത്ര സുരക്ഷാഓഡിറ്റ് പൂർത്തിയാകുന്നതുവരെ തുരങ്കപ്പാത നിർമ്മാണം നിറുത്തിവയ്ക്കണം. അപകടസാദ്ധ്യതാ മേഖലയിലെ കുടുംബങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റണം. ഇത്തരം പദ്ധതികൾക്ക് 'ഡിസാസ്റ്റർ ഇംപാക്ട് അസസ്‌മെന്റ്" നിർബന്ധമാക്കണമെന്നും ശുപാർശയുണ്ട്.

അമിക്കസ്‌ക്യൂറി റിപ്പോർട്ടിലടക്കം മറുപടി നൽകാൻ സർക്കാരിനോട് നിർദ്ദേശിച്ച ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, എ.കെ. പ്രീത എന്നിവരുൾപ്പെട്ട ഡിവിഷൻബെഞ്ച് ഹർജി 24ലേക്ക് മാറ്റി. ചൂരൽമല - മുണ്ടക്കെ ദുരന്തത്തെ തുടർന്ന് സ്വമേധയാ എടുത്ത ഹർജിയാണിത്.

പൊതുമരാമത്തിനും

കരാറുകാർക്കും വീഴ്ച

ഗുരുതര വീഴ്ചകളാണ് കരാർ കമ്പനിയുടെ ഭാഗത്തുനിന്നുണ്ടായതെന്ന് റിപ്പോർട്ടിൽ പറയുന്നു. നീക്കംചെയ്യുന്ന മണ്ണ് നിക്ഷേപിക്കാൻ സ്ഥലം നിശ്ചയിച്ചിരുന്നെങ്കിലും ദിലീപ് ബിൽഡ്‌കോൺ അനുസരിച്ചില്ല. തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കിയതുമില്ല. പദ്ധതിയുടെ കരാർ പൊതുമരാമത്ത് വകുപ്പുമായിട്ടാണ്. എന്നാൽ കരാർ കമ്പനി വ്യവസ്ഥകൾ പാലിച്ചോയെന്ന് പരിശോധിച്ചില്ല. ആന്ധ്രയിലെ അനകപ്പള്ളിയിൽ ദീലീപ് ബിൽഡ്‌കോൺ നിർമ്മിച്ച ഫ്ളൈഓവർ തകർന്ന് രണ്ടുപേർ മരിച്ചിരുന്നു. കരാർ കമ്പനിക്കും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കുമെതിരെ നിയമനടപടി സ്വീകരിക്കണം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KALLADI LANDSLIDE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA