തിരുവനന്തപുരം: പനിയും ചുമയുമായി ആശുപത്രിയിലെത്തിയതായിരുന്നു അവർ. പക്ഷേ ആന്റി ബയോട്ടിക്ക് കഴിച്ചതോടെ രക്തസ്രാവമായി. ഒടുവിൽ ഓപറേഷൻ തിയേറ്ററിലേക്ക്. ആറര മാസമേ ആയിട്ടുള്ളൂ, ഗർഭിണിയും വീട്ടുകാരും എന്ത് ചെയ്യണമെന്നറിയാതെ പകച്ചു. പക്ഷേ ഡോക്ടർ അപ്പോഴും കൂളാണ്. കുഞ്ഞിന് ഭാരം ഒരൊറ്റ കിലോ. എല്ലാം നല്ലരീതിയിൽ ആയപ്പോൾ അവർ ഡോക്ടറുടെ മുഖത്തേക്ക് നന്ദിയോടെ നോക്കി. അതെ 32,314 കുഞ്ഞുങ്ങളുടെ ആദ്യകാഴ്ചയാണ് ശാസ്തമംഗലം ഹോസ്പിറ്റൽ റോഡിൽ തിലക് വീട്ടിൽ ഡോക്ടർ എസ് വി ലക്ഷ്മി (72). ഇതെല്ലാം അവർക്ക് പതിവുകാഴ്ച. ഓരോ കുഞ്ഞിന്റെയും കരച്ചിലിൽ നിന്ന് തുടങ്ങുന്ന ദിനചര്യകൾ. 46 വർഷത്തിനിടെ കൈയിലേറ്റുവാങ്ങിയ കുഞ്ഞുങ്ങളുടെ എണ്ണം 32,000 കവിഞ്ഞിരിക്കുന്നു.
പ്രസവം എടുത്തവരിൽ പലരും അവരുടെ മക്കളുമായെത്തി, പ്രസവമെടുക്കാൻ. 1980 ഓഗസ്റ്റ് 18നാണ് ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശ്രമ ചാരിറ്റബിൾ ആശുപത്രിയിൽ ജോലിക്കെത്തുന്നത്. അധികൃതരുടെയും ജീവനക്കാരുടെയുമെല്ലാം പ്രോത്സാഹനം സേവനകാലയളവ് നീട്ടിക്കൊണ്ടുപോയി. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നാണ് എം.ബി.ബി.എസും എം.ഡിയും നേടിയത്. ഓരോ കുഞ്ഞും ജനിക്കുമ്പോൾ തനിക്കും പുതുജീവിതം ലഭിക്കുമെന്ന് എഴുപത്തി രണ്ടാം വയസിലും ഡോക്ടർ പറയുന്നു. ആ ഊർജ്ജമാണ് മുന്നോട്ടുനയിക്കുന്നത്.
തന്റെ നാല് കൊച്ചുമക്കളെയും ആദ്യം കൈകളിലേന്തിയത് ഡോക്ടറാണ്. ആദ്യത്തെ കൊച്ചുമകൾ അനിഖയെ കൈയിലെടുത്ത നിമിഷം ആഹ്ളാദം തോന്നി. അമ്മൂമ്മയായതിലും ഒരു ഡോക്ടർ എന്ന നിലയിലും ഇതിലും പൂർണതൃപ്തി ലഭിച്ച നിമിഷമില്ലെന്ന് ഡോക്ടർ പറയുന്നു. സാങ്കേതിക വിദ്യ അത്ര വികസിക്കാത്ത കാലത്ത് പ്രസവം എടുക്കുകയെന്നത് വലിയ ബുദ്ധിമുട്ടായിരുന്നു . പക്ഷേ ഓരോ കുഞ്ഞിന്റെയും ആദ്യ ചിരി...അതോടെ പിന്നിലെ കഷ്ടപ്പാട് മറക്കുമെന്നും ഡോക്ടർ പറയുന്നു. റിട്ടയേർഡ് ബാങ്ക് ഉദ്യോഗസ്ഥൻ ജനാർദ്ദനൻ നായരാണ് ഭർത്താവ്. ഗൗരി ശരത്, ഗോവിന്ദ് എന്നിവരാണ് മക്കൾ.
Dr. S.V. Lakshmi, 72, of Thiruvananthapuram, has delivered over 32,000 babies during her remarkable 46-year career. A gynaecologist, she continues her dedicated service at Sasthamangalam Sree Ramakrishna Ashram Charitable Hospital, where she began in 1980, reflecting unwavering commitment to bringing new life into the world.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |