പുൽപ്പള്ളി: ഏറെ നാളത്തെ കാത്തിരിപ്പിനും കനത്ത നഷ്ടങ്ങൾക്കും ഒടുവിൽ ഇഞ്ചി വിപണിയിൽ വൻ വിലവർദ്ധനവ്. വയനാട് ജില്ലയിൽ നിന്ന് കർണ്ണാടകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറി ഇഞ്ചി കൃഷി നടത്തുന്ന നൂറുകണക്കിന് മലയാളി കർഷകർക്കും ഒപ്പം പ്രാദേശിക കർഷകർക്കും വലിയ ആശ്വാസമേകുന്നതാണ് നിലവിലെ വിപണി സാഹചര്യം. കടക്കെണിയിൽ ഉലഞ്ഞ വയനാടൻ കർഷകർക്ക് ഈ സീസൺ ഒരു പുതുജീവൻ നൽകുമെന്ന പ്രതീക്ഷയിലാണ് മലയോര മേഖല.
വിപണിയിൽ വൻ കുതിപ്പ്
കർണ്ണാടകത്തിൽ 60 കിലോ അടങ്ങുന്ന ഒരു ചാക്ക് ഇഞ്ചിക്ക് 8,500 രൂപ മുതൽ 11,000 രൂപ വരെയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഒരു ചാക്കിന് കഷ്ടിച്ച് 1,500 മുതൽ 2,000 രൂപ വരെയായിരുന്നു. ഈ തവണ ജൂൺ മാസത്തെ അവസാന ആഴ്ചയിൽ 10,000 രൂപയ്ക്ക് മുകളിലേക്ക് കുതിച്ചുയർന്നത് ആശ്വാസമാണ്. പുതിയ മുളയിഞ്ചിക്ക് ഇപ്പോൾ ചാക്കിന് 5,000 രൂപയോളം വിലയുണ്ട്. കേരളത്തിൽ ഏറ്റവും മികച്ച ഇഞ്ചിക്ക് 8,000 രൂപയാണ് വില. കാത്തിരിപ്പിനൊടുവിൽ ഇഞ്ചിക്ക് ഭേദപ്പെട്ട വില ലഭിക്കുന്നതിനൊപ്പം ഇഞ്ചി ലേലമെടുക്കാൻ ആവശ്യക്കാർ നേരിട്ടെത്തുന്നതും കർഷകർക്ക് ആശ്വാസമാകുന്നു. വലിയ പ്രതീക്ഷയോടെയാണ് ഇഞ്ചി കർഷകർ മുന്നോട്ട് പോകുന്നത്.
കൃഷി ഉപേക്ഷിച്ച് കേരളത്തിലെ കർഷകർ
കേരളത്തിൽ വിലയില്ലാത്തതും ചെലവിന് അനുസൃതമായി വിളവ് ലഭിക്കാത്തതും കർഷകരെ കർണ്ണാടകയിലേക്ക് ആകർഷിക്കുകയാണ്. ഓരോ വർഷവും വർദ്ധിച്ചുവരുന്ന കൃഷിച്ചെലവ്, കാലാവസ്ഥാ വ്യതിയാനം എന്നിവയ്ക്ക് പുറമേ 'പൈറിക്കുലേറിയ' പോലുള്ള കുമിൾ രോഗബാധയും കൃഷിയെ നശിപ്പിക്കുകയാണ്. കഴിഞ്ഞ സീസണിൽ ആയിരക്കണക്കിന് ഏക്കർ ഇഞ്ചി കൃഷിയാണ് രോഗബാധയെത്തുടർന്ന് നശിച്ചുപോയത്. രോഗനാശിനികൾ പോലും ഫലപ്രദമാകാതിരുന്നതോടെ വലിയ നഷ്ടമാണ് ഓരോ കർഷകനും ഉണ്ടായത്. ലക്ഷങ്ങളുടെ കടബാധ്യത കാരണം ഇഞ്ചി കൃഷി പൂർണമായും ഉപേക്ഷിച്ച കർഷകർ നിരവധിയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |