ബംഗളൂരു: കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി സ്‌കൂളുകൾക്കും കോളേജുകൾക്കും സമീപം അനാരോഗ്യകരമായ പലഹാരങ്ങളുടെ വിൽപന നിരോധിച്ച് കർണാടക സർക്കാർ. ഫാസ്റ്റ് ഫുഡ്, പാക്കറ്റ് ഭക്ഷണങ്ങൾ എന്നിവയ്ക്ക് കർണാടക ഫുഡ് സേഫ്റ്റി ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷൻ ആണ് കർശന നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കകത്തും ചുറ്റുമുള്ള 50 മീറ്റർ പരിധിക്കുള്ളിലും അമിതമായി കൊഴുപ്പും പഞ്ചസാരയും ഉപ്പും അടങ്ങിയ ഭക്ഷ്യ ഉൽപ്പന്നങ്ങളുടെ വിൽപന, സൗജന്യ വിതരണം, പരസ്യങ്ങൾ, പ്രൊമോഷനുകൾ എന്നിവയാണ് പൂർണമായും നിരോധിച്ചത്. കുട്ടികൾ പാക്കറ്റ് പലഹാരങ്ങളടക്കം പതിവായി കഴിക്കുന്നത് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്‌കൂളുകളിൽ നടത്തിയ പരിശോധനയിൽ നിന്നും കണ്ടെത്തി. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയർത്താൻ ഇടയാക്കുമെന്നതിനാലാണ് കർശന നടപടി.
സ്‌കൂൾ, കോളേജ്, കാന്റീനുകൾ എന്നിവയ്ക്ക് പുറമേ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 50 മീറ്റർ ചുറ്റളവിൽ പ്രവർത്തിക്കുന്ന ഹോട്ടലുകൾ, ബേക്കറികൾ, തട്ടുകടകൾ എന്നിവയ്ക്കും നിയന്ത്രണം ബാധകമാണ്. സ്‌കൂൾ പരിസരങ്ങളിൽ ജങ്ക് ഫുഡ് വിൽക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്നും പ്രധാന സ്ഥലങ്ങളിൽ ഇത് സംബന്ധിച്ച മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കണമെന്നും സ്‌കൂൾ മാനേജ്‌മെന്റുകൾക്ക് കർണാടക ഭക്ഷ്യസുരക്ഷാ വകുപ്പ് നിർദ്ദേശം നൽകിയിട്ടുണ്ട്.
കുട്ടികളുടെ ആരോഗ്യവും ശാരീരിക വളർച്ചയും ലക്ഷ്യമിട്ട് പോഷക സമൃദ്ധമായ ആഹാരം നൽകാനാണ് സർക്കാർ നിർദ്ദേശം. ധാന്യങ്ങൾ, പയറുവർഗങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, പാൽ, മുട്ട എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. ഇഡലി, ഉപ്പുമാവ്, അവൽ തുടങ്ങിയ ആരോഗ്യകരമായ നാടൻ പലഹാരങ്ങൾ നൽകാൻ പ്രോത്സാഹിപ്പിക്കുന്നു. അമിതമായി കൊഴുപ്പും പഞ്ചസാരയും ഉപ്പും അടങ്ങിയ ഭക്ഷണങ്ങൾ സ്‌കൂളിലെ ഭക്ഷണപ്പട്ടികയിൽ നിന്ന് പൂർണമായി ഒഴിവാക്കണമെന്നും സർക്കാർ അറിയിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ചുറ്റുമുള്ള കടകളിലും മറ്റും ഫുഡ് സേഫ്റ്റി ഓഫീസർമാർ പരിശോധന നടത്തുകയാണ്. ചട്ടങ്ങൾ ലംഘിക്കുന്നവർക്കെതിരെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യും. ഭക്ഷ്യ ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുക, ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് ആക്ട് പ്രകാരം നിയമനടപടി സ്വീകരിക്കുക തുടങ്ങിയ കർശന നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ വ്യക്തമാക്കി. കൂടാതെ, കുട്ടികളിൽ ആരോഗ്യകരമായ ഭക്ഷണരീതികളെക്കുറിച്ച് ബോധവൽക്കരണം നൽകാനും സ്‌കൂളുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
Karnataka's Food Safety and Drug Administration has banned the sale, distribution, and promotion of fast food and packaged snacks high in fat, sugar, and salt within 50 meters of schools and colleges. This aims to cultivate healthy eating habits in children. Violators face license suspension and legal action, with schools also directed to promote nutritious food.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |